ലണ്ടൻ: പരമ പവിത്രമായ തൊഴിൽ ആയി കാണേണ്ടുന്ന ആതുര ശുശ്രൂഷാ രംഗത്ത് വരെ വംശീയ വിവേചനത്തിന്റെ പുഴുക്കുത്തുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതും കുട്ടികളോട് പോലും കടുത്ത വിദ്വേഷവും പകയും വച്ചു പുലർത്താൻ മാത്രം പലരുടെയും മനസ്സ് പാകപ്പെടുത്തി എന്നത് തീർത്തും ഞെട്ടിക്കുന്ന ഒന്നാണ്. മാഞ്ചസ്റ്ററിലെ എൻ എച്ച് എസ് റോയൽ ചിൽഡ്രൻസ് ആശുപത്രിയിലെ രോഗിയായ ഒരു കുട്ടിയെ, ഫലസ്തീൻ ബാഡ്ജ് ധരിച്ചെത്തിയ ഒരു നഴ്സ്, കിടക്കയിൽ നിന്നും പിടിച്ചിറക്കി നിലത്തിരുത്തി എന്നാണ് ആരോപണം.

ജൂതന്മാരുടെ പരമ്പരാഗത കിപ്പാ തലപ്പാവ് ധരിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്ന ഒൻപത് വയസ്സുള്ള കുട്ടിയെ കട്ടിലിൽ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. നേരത്തെ, യഹൂദ വിശ്വാസിയാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന അടയാളങ്ങൾ ഒന്നുമില്ലാതെ ആശുപത്രിയിൽ പോയപ്പോൾ മെച്ചപ്പെട്ട സമീപനമായിരുന്നു ലഭിച്ചതെന്നും അവർ പറയുന്നു.

ഇതെന്താ 1940 ആണോ? എന്നായിരുന്നു ആ കുട്ടിയുടെ അമ്മാവൻ കുപിതനായി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.ലോകത്ത്, ഒരു യഹൂദനായി തുടരുക എന്നത് ഭീതിദമായ ഒന്നായി വീണ്ടും മാറിയിരിക്കുന്നു എന്നും അയാൾ ആരോപിക്കുന്നു. കുടുംബത്തിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന്, ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ജ്യുവിഷ് റെപ്രസേന്റേറ്റീവ് കൗൺസിൽ ഇക്കാര്യത്തിൽ അടിയന്തിര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഉടനടി അന്വേഷണം ആരംഭിക്കും എന്ന് തന്നെയാണ് ആശുപത്രിയുടെ നടത്തിപ്പുകാരായ ട്രസ്റ്റും ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞവർഷം ബ്രിട്ടനിൽ നടന്ന യഹൂദ വിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണം റെക്കോർഡിലെത്തിയിരുന്നു. കമ്മ്യുണിറ്റി സെക്യുരിറ്റി ട്രസ്റ്റ് ചാരിറ്റിയുടെ കണക്കുകൾ പ്രകാരം അത്തരത്തിലുള്ള 4,103 പ്രവർത്തനങ്ങളാണ് ഉണ്ടായത്. അതിൽ മൂന്നിൽ രണ്ടും നടന്നത് ഒക്ടോബർ 7 ന് ശേഷമായിരുന്നു. തുടർച്ചയായി ഗസ്സയിലെ ആശുപത്രികൾ ആക്രമിക്കുന്ന ഇസ്രയേലിനെതിരെ ഈയാഴ്‌ച്ച വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കൃത്യമായി തങ്ങൾ ഉന്നം വയ്ക്കുന്നത് ആശുപത്രി കെട്ടിടങ്ങൾ സുരക്ഷാ മതിലായി ഉപയോഗിച്ച് അകത്ത് ഒളിവിൽ കഴിയുന്ന തീവ്രവാദികളെയാണ് എന്ന് ഇസ്രയേൽ പറയുന്നു.

ഏതായാലും ഈ സംഭവം പുതിയൊരു ചർച്ചക്ക് കൂടി വഴിയൊരുക്കിയിട്ടുണ്ട്. "ഫ്രീ ഫലസ്തീൻ" എന്ന ബാഡ്ജ് ധരിച്ച് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കുന്നതിനെതിരെയാണിത്. രാഷ്ട്രീയ ആശയങ്ങളും അഭിപ്രായങ്ങളും ജോലി സമയത്ത് പരസ്യമായി പ്രകടിപ്പിക്കുന്നതിന്റെ ഔചിത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ആശയ പ്രചാരണത്തിനുള്ള വഴിയായി ആരോഗ്യ മേഖലയെ ഉപയോഗിക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.