- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീചമായ ഭീകരാക്രമണമെന്ന് ഇന്ത്യ
മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരാക്രമണം നടത്തിയത് ഐഎസ് ഖൊറാസൻ (ഐഎസ്-കെ) വിഭാഗമെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ ചാനലിലൂടെ പങ്കുവച്ച പ്രസ്താവനയിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തത്. അഫ്ഗാനിലെ മതമൗലിക തീവ്രവാദി സംഘടനകളിൽ ഏറ്റവും അപകടകാരിയായ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറാസൻ.
അതിനിടെ അഫ്ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഎസ് റഷ്യയിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യുഎസ് ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കി. കിഴക്കൻ അഫ്ഗാനിലെ ഖൊറാസൻ പ്രവിശ്യ ആസ്ഥാനമാക്കിയാണ് ഐഎസ് കെ പ്രവർത്തിക്കുന്നത്. ഇറാൻ, തുർക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണിത്. 2014ൽ ആരംഭിച്ച ഈ ഭീകര സംഘടന കുപ്രസിദ്ധി നേടിയ ഭീകര ആക്രമണങ്ങളിലൂടെയാണ്. ഈ സംഘടനയ്‌ക്കെതിരെ റഷ്യ തിരിച്ചിയ്‌ക്കൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ മോസ്‌കോ നഗരത്തിൽ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണമുണ്ടായത്. 62പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് കുട്ടികൾ ഉൾപ്പടെ 115 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യ അറിയിച്ചു. സൈനിക വേഷത്തിലെത്തിയ അക്രമി സംഘം തോക്കുമായി എത്തി പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബോംബ് ആക്രമത്തിൽ കെട്ടടത്തിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി.
ഇന്ത്യയും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. നീചമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആക്രമണത്തെ ലോക രാജ്യങ്ങളും അപലപിച്ചു. ഭീകരം എന്നാണ് യുഎസ് വിശേഷിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, സ്പെയ്ൻ, ഇറ്റലി എന്നീ രാജ്യങ്ങളും അപലപിച്ചു. റഷ്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ രംഗത്തെത്തി. ക്രോക്കസ് സിറ്റി ഹാളിൽ തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവയ്‌പ്പ് നീണ്ടുനിന്നതായാണ് പുറത്ത് വരുന്ന വിവരം. വെടിവയ്‌പ്പിന് പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഐഎസിന്റെ സന്ദേശം പുറത്ത് വരുന്നത്. ക്രിസ്ത്യാനികളുടെ വലിയൊരു സമ്മേളനത്തിന് നേരെ നടത്തിയ ആക്രമണമെന്നാണ് ഭീകരർ ഇതിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ഇവർ അവകാശപ്പെട്ടിരുന്നു. അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നിന്നുള്ള വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തോക്കുകളുമേന്തി ഇവർ ഹാളിനുള്ളിലൂടെ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാവൽക്കാരെ വെടിവച്ച് വീഴ്‌ത്തിയതിന് ശേഷമാണ് അക്രമികൾ സംഗീതനിശ നടക്കുന്ന ഇടത്തേക്ക് കടന്നത്. വിവരമറിഞ്ഞ് റഷ്യൻ സ്പെഷ്യൽ ഫോഴ്‌സ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ സഹിതം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.