ലണ്ടൻ: ആടു മെയ്‌ക്കാൻ പോയവരൊക്കെ പണി മടുത്ത് തിരിച്ചു വരവിനൊരുങ്ങുകയാണ്. നേരത്തെ, ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേരാൻ പോയ ഷമീമ ബീഗം തിരികെ ബ്രിട്ടനിലെത്താൻ നടത്തുന്ന ശ്രമങ്ങളൊക്കെ വാർത്തയായിരുന്നു. ഇപ്പോഴിതാ, അന്ന് ഷമീമ ബീഗത്തിനൊപ്പം പോയ ജിഹാദി വധു വാജിദ റഷീദും ബ്രിട്ടനിലേക്ക് മടങ്ങി വരാൻ അനുവദിക്കണം എന്ന അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നു. സിറിയയിൽ, ഷമീമ ബീഗം താമസിക്കുന്ന അഭയാർത്ഥി ക്യാമ്പിൽ തന്നെയാണ് വാജിദയും താമസം.

ഐസിസ് ആദർശങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന ഈ ക്യാമ്പിനകത്ത് മാത്രം 19 ബ്രിട്ടീഷ് വനിതകളും 35 കുട്ടികളും ഉണ്ടെന്ന് ക്യാമ്പ് കമാൻഡറെ ഉദ്ധരിച്ച് ദി സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു കണക്ക് ഇതാദ്യമായാണ് പുറത്തു വരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ ഏറെ ബ്രിട്ടീഷ് വനിതകൾ ഐസിസിൽ എത്തിപ്പറ്റിയിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

തീവ്രദാദികളെയും വിവാഹം ചെയ്ത്, ആർ മെയ്‌ക്കാൻ പോയ 35ഐസിസ് വധുക്കളുടെ പൗരത്വവും ബ്രിട്ടൻ റദ്ദാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ ഇവർക്ക് ബ്രിട്ടനിലേക്ക് തിരിച്ചു വരുന്നതിൽ വിലക്കും പ്രഖ്യാപിച്ചു. തന്റെ 15-ാം വയസ്സിൽ ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാൻ ബ്രിട്ടൻ വിട്ടഷമീമ ബീഗം കഴിഞ്ഞ അഞ്ച് വർഷമായി അൽറോജ് ക്യാമ്പിനകത്താണ്. ഇവർക്കൊപ്പമാണ് ലീഡ്സിൽ നിന്നുള്ള വാജിദ റഷീദ് എന്ന 45 കാരിയും ഉള്ളത്.

ഖിലാഫത്ത് എന്ന സ്വപ്നത്തിനു പിറകെം, ബാരിസ്റ്റർ കൂടിയായ ഭർത്താവുമൊത്ത് 2015-ൽ ഇറങ്ങിത്തിരിച്ചതിൽ ഇന്നവർ പശ്ചാത്തപിക്കുകയാണ്. തന്നെയും 9 കാരനായ മകനെയും തിരികെ വരാൻ അനുവദിക്കണമെന്നാണ് അവർ അപേക്ഷിക്കുന്നത്. മകന് അടിയന്തിരമായ ശസ്ത്രക്രിയ ആവശ്യമാണെന്നും അവർ പറയുന്നു. തന്റെ അമ്മ, അച്ഛൻ, സഹോദരങ്ങൾ എല്ലാവരെയും നഷ്ടപ്പെടുകയാണെന്നും, അവരെയെല്ലാം കാണണമെന്നും അവർ പറയുന്നു. തന്നെ തിരികെ ബ്രിട്ടനിൽ പ്രവേശിപ്പിച്ചാൽ പിന്നെ ഈ ജീവിതത്തിൽ താൻ ബ്രിട്ടൻ വിട്ട് പോകില്ല എന്നും അവർ പറയുന്നു.

അമേരിക്കൻ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇവർ ഊന്ന് വടികളുടെ സഹായത്തോടെയാണ് നടക്കുന്നത്. ബാരിസ്റ്റർ കൂടീയായ ഇവരുടെ ഭർത്താവ് ബിർമ്മിങ്ഹാമിൽ നിന്നുള്ള യാസ്സർ ഇക്‌ബാൽ എന്ന 46 കാരൻ വടക്കൻ സിറിയയിൽ ഒരു പുരുഷ ജയിലിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഐസിസ് എന്ന ഭീകര സംഘടന തകർന്നതോടെ പിടിയിലായ മറ്റ് ആയിരക്കണക്കിന് ഭീകര വധുക്കളെ പോലെ ഷമീമ ബീഗവും വാജിദ റാഷിദും സിറിയയിലെ അൽ രോജ് ക്യാമ്പിൽ കഴിയുകയാണ്. അൽ ഹോൽ എന്നൊരു ക്യാമ്പും ഐസിസ് സ്ത്രീകൾക്കായി ഇതിനടുത്തുണ്ട്.

ഇപ്പോഴും ഐസിസ് ആശയങ്ങൾക്ക് ഇവർക്കിടയിൽ വേരോട്ടമുണ്ട് എന്നാൺ' റിപ്പോർട്ടുകൾ പറയുന്നത്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈം ബോംബാണ് ഈ രണ്ടു ക്യാമ്പുകളും . ഇവിടെയുള്ള 35 ബ്രിട്ടീഷ് വനിതകളെയും അവരുടെ കുട്ടികളെയും ബ്രിട്ടൻ തിരികെ വിളിക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബ്രിട്ടീഷുകാരായ സ്ത്രീകളെ ബ്രിട്ടനിൽ വരുത്തി അവിടെ വിചാരണ ചെയ്യണം എന്നാണ് ക്യാമ്പ് കമാൻഡർമാരിൽ ഒരാൾ ആവശ്യപ്പെട്ടത്.

നിർബന്ധിത വിവാഹം വഴിയും ബലാത്സംഗം വഴിയും ആണ് ഇവിടെയുള്ള ബ്രിട്ടീഷ് വനിതകളിൽ ഒട്ടു മിക്കപേർക്കും കുട്ടികൾ ജനിച്ചിരിക്കുന്നത്. ഈ അമ്മമാർ, കുട്ടികളെ സ്‌കൂളിൽ പഠനത്തിന് വിടാതെ തീവ്രവാദ ആശയങ്ങൾ അവരിൽ കുത്തിവയ്ക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരം ക്യാമ്പുകൾക്കകത്ത് ഐസിസിന്റെ പുനഃസംഘാടനം നടക്കുമോ എന്ന ഭയവും സിറിയൻ അധികൃതർ പങ്കു വയ്ക്കുന്നുണ്ട്. ഐസിസ് ഭീകരെ അടച്ചിരിക്കുന്ന പുരുഷ ജയിലുകളിലും ഇതിനുള്ള സാധ്യത ഏറെയാണ്.