വാഷിങ്ടൻ: പാക്കിസ്ഥാൻ മണ്ണിൽ കടന്നുകയറി പാക് ഭീകരരെ ലക്ഷ്യംവെച്ച് ആക്രമണങ്ങൾ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പ്രതികരിക്കാനില്ലെന്ന് യു.എസ് വക്താവ് മാത്യൂ മില്ലർ. ദി ഗാർഡിയൻ റിപ്പോർട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്. ഗാർഡിയൻ റിപ്പോർട്ട് ശ്രദ്ധിച്ചിരുന്നെന്നും ഇക്കാര്യത്തിൽ ഇടപെടില്ലെന്നും യുഎസ് വക്താവ് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നെണ്ടെങ്കിൽ സന്ധിസംഭാഷണങ്ങളിലൂടെ അത് പരിഹരിക്കാൻ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അമേരിക്കൻ വക്താവ് പ്രതികരിച്ചു. തീർത്തും തെറ്റായ റിപ്പോർട്ടാണിതെന്നും ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാവിരുദ്ധ പ്രചാരണമാണ് നടന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുക എന്നത് ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വിദേശകാര്യമന്ത്രാലയം ദി ഗാർഡിയന്റെ റിപ്പോർട്ട് തള്ളിയത്.

2019ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഇരുപത് പേരെ വധിച്ചിട്ടുണ്ടെന്നായിരുന്നു ഗാർഡിയൻ റിപ്പോർട്ട്. പാക്കിസ്ഥാൻ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ - പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച് തയ്യാറാക്കിയതാണ് റിപ്പോർട്ടെന്നും പറയുന്നു. ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നതിനായി ഇന്ത്യ യുഎഇയിൽ സ്ലീപ്പർ സെല്ലുകൾ രൂപവത്കരിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇസ്രയേലിലെ മൊസാദ്, റഷ്യയിലെ കെജിബി എന്നിവയുടെ പ്രചോദമുൾക്കൊണ്ടാണ് ഇന്ത്യ ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് റിപ്പോർട്ടിൽ പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ പറയുന്നു.

പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദ ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. പാക്കിസ്ഥാന്റെ പക്കൽ നിന്ന് ലഭിച്ച തെളിവുകളുടേയും ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും അതിർത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അഭിമുഖം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ദ ഗാർഡിയൻ പ്രസിദ്ധീകരിച്ചത്.

ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ നിന്നും റഷ്യയുടെ കെ.ജി.ബി.യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യയും ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അയൽരാജ്യത്ത് അതിക്രമിച്ചുകയറി കൊലപാതകം നടത്തുക എന്നുള്ളത് ഇന്ത്യയുടെ നയമല്ലെന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ പ്രസ്താവനയും റിപ്പോർട്ടിലുണ്ട്.