ലണ്ടൻ: ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിമറയുകയാണ്. അഭിപ്രായ വോട്ടെടുപ്പുകളിൽ അതിവേഗം ബഹുദൂരം മുൻപോട്ടു പോയ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സർവ്വേയിൽ കനത്ത തിരിച്ചടി. രണ്ടാഴ്ച മുൻപ് നടന്ന സർവ്വേയിൽ 21 പോയിന്റ് നേടിയ പ്രധാന പ്രതിപക്ഷ കക്ഷിക്ക് പുതിയതിൽ നേടാനായത് വെറും 15 പോയിന്റുകൾ മാത്രം.

പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത് 42 ശതമാനം പേർ. രണ്ടാഴ്ച മുൻപ് ലഭിച്ചതിനേക്കാൾ 3 ശതമാനത്തിന്റെ കുറവാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഭരണകക്ഷി 3 പോയിന്റുകൾ കൂടുതൽ നേടി അവരുടെ നില 27 ശതമാനത്തിൽ എത്തിച്ചു. ഭരണസിരാകേന്ദ്രങ്ങളിൽ താരതമ്യേന ശാന്തമായ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച എന്ന് സവന്തയിലെ പൊളിറ്റിക്കൽ റിസ്സർച്ച് ഡയറക്ടറായ ക്രിസ് ഹോപ്കിൻസ് പറയുന്നു.

മാത്രമല്ല, ഇപ്പോഴത്തെ പ്രധാന വിഷയമായ ഇസ്രയേൽ- ഗസ്സ പ്രശ്നത്തിൽ, ആശയക്കുഴപ്പത്തിന് ഇടനൽകാതെ സർക്കാർ ഉറച്ച തീരുമാനവുമായി നിലകൊള്ളുകയുമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കൺസർവേറ്റീവുകൾ, അഴിമതികളിലും ഉൾപ്പാർട്ടി പോരിലും ഉൾപ്പെട്ട് തലക്കെട്ടുകളിൽ സ്ഥാനം പിടിക്കാത്തിടത്തോളം കാലം അവർക്ക് സമ്മതിദായകരുടെ മനസ്സിൽ മോശമല്ലാത്ത സ്ഥാനം തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലീഡ് നിലയിൽ കുറവ് വന്നെങ്കിലും ലേബർ പാർട്ടി ഇപ്പോഴും 15 പോയിന്റുകൾക്ക് ഭരണകക്ഷിയേക്കാൾ മുന്നിലാണ്. എന്നാൽ, രണ്ടാഴ്ച മുൻപ് ദർശിച്ച വൻ തകർച്ചയിൽ നിന്നും കരകയറാൻ ടോറികൾക്ക് ആയിട്ടുണ്ട്. പൊതു തെരഞ്ഞെ്യുടുപ്പിന് ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ, ഇത് ഋഷി സുനകിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ് എന്നതിൽ സംശയമില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മറ്റ് രണ്ട് പ്രതിപക്ഷ കക്ഷികളായ റിഫോം യു കെ യ്ക്കും ലിബറൽ ഡെമോക്രാറ്റുകൾക്കും 10 ശതമാനം വീതം പിന്തുണ ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് എപ്പോൾ നടക്കും എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം പ്രധാനമന്ത്രി നൽകിയിട്ടില്ലെങ്കിലും, വരുന്ന ശരത്ക്കാലത്ത് തെരഞ്ഞെടുപ്പ് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.