ന്യൂഡൽഹി: ഇന്ത്യയും ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘകാലമായുള്ള ഇന്ത്യ-ചൈന അതിർത്തി തർക്കം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകണമെന്നും മോദി പറഞ്ഞു. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചർച്ചകൾ നടത്തി അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും മോദി പറയുന്നു. യു.എസ് മാഗസിനായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അതിർത്തിയിൽ ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടണമെന്നാണ് ഞാൻ കരുതുന്നത്. ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. നയതന്ത്രതലത്തിലും സൈനികതലത്തിലും ക്രിയാത്മകമായ ചർച്ചകൾ നടത്തിക്കൊണ്ട് നമ്മുടെ അതിർത്തികളിൽ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിർത്താനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ', മോദി പറഞ്ഞു.

ചൈനയുമായുള്ള മത്സരത്തേക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് മോദി ഉയർത്തിക്കാട്ടിയത്. ചൈനയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്ന കമ്പനികളെ ആകർഷിക്കുന്ന വിധത്തിൽ രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും ആഗോള സാമ്പത്തിക വളർച്ചയുള്ള രാജ്യം എന്ന നിലയിലും, വിതരണശൃംഖലകൾ വൈവിധ്യവത്കരിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വാഭാവികമായ തിരഞ്ഞെടുപ്പാണ് ഇന്ത്യ', നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയിലെ നിയമങ്ങളും നികുതി സമ്പ്രദായവും അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ആഗോള നിലവാരത്തിനൊപ്പമെത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നു പറഞ്ഞ മോദി, ചരക്കുസേവന നികുതി, കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കാനുള്ള നയം, തൊഴിൽ നിയമ പരിഷ്‌കാരം തുടങ്ങിയവ ചൂണ്ടിക്കാട്ടി. ലോകജനസംഖ്യയുടെ ആറിലൊരുഭാഗം ഉൾക്കൊള്ളുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ഈ മേഖലകളിൽ ആഗോളനിലവാരത്തിലെത്തുമ്പോൾ അത് ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുമെന്നും മോദി പറഞ്ഞു.

ഈ മാസം ആദ്യം അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക ചൈന പുറത്തിറക്കിയതാണ് ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ഇതിനുപിന്നാലെ, അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകൾ നൽകിയാൽ ആ യാഥാർഥ്യം മായ്ക്കാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കൈയേറിയിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. അസമിലെ ലഖിംപൂരിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. ചൈനയുടെ ആക്രമണമുണ്ടായപ്പോൾ അസമിനോട് ബൈ പറഞ്ഞു പോയ നെഹ്‌റുവിനെ സംസ്ഥാനം ഒരിക്കലും മറക്കില്ല.

മോദിയുടെ ഭരണത്തിന് കീഴിൽ ചൈന ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല. അരുണാചൽപ്രദേശും അസമും 1962 ഒരിക്കലും മറക്കില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ അതിർത്തികൾ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംരക്ഷിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം സർക്കാർ തടഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന സംഘർഷത്തിനൊടുവിലും രാജ്യത്തിന് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അസമിന്റെ സംസ്‌കാരം സംരക്ഷിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, രാഹുലിന്റെ മുത്തശ്ശി കാരണം അസമിലെ നൂറുക്കണക്കിന് ചെറുപ്പക്കാർ തെറ്റായ വഴിയിലേക്ക് പോയെന്നും അമിത് ഷാ ആരോപിച്ചു. അസമിന്റെ വികസനത്തിനായി 10 വർഷത്തിനിടെ വലിയ പദ്ധതികളാണ് മോദി സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. മോദിക്ക് കീഴിൽ അസം വികസിത സംസ്ഥാനമായി മാറിയെന്നും ഷാ പറഞ്ഞു.

ഇന്ത്യൻ അതിർത്തിൽ ചൈന കൈയേറ്റം വ്യാപകമാക്കിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.കിഴക്കൻ ലഡാക്കിന് എതിർഥാഗത്തുള്ള അക്സായി ചിൻ മേഖലയിൽ ചൈനീസ് സൈന്യം പുതിയ ഹൈവേ നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ടിബറ്റൻ സ്വയംഭരണ മേഖലയുടെ അടുത്തായി വലിയ തോതിൽ ചൈനീസ് സൈന്യത്തിന്റെ മിസൈൽ, റോക്കറ്റ് റെജിമെന്റുകൾ വിന്യസിച്ചിട്ടുള്ളതായും അവിടെ സൈനിക ക്യാമ്പുകൾ നിർമ്മിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ നിരീക്ഷണ ഡ്രോണുകളുടെ വിന്യാസവും വർദ്ധിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു.

കഷ്ഗർ, ഗർ ഗൻസ, ഹോട്ടാൻ എന്നിവിടങ്ങളിലെ പ്രധാന താവളങ്ങൾ കൂടാതെ ഹൈവേകളുടെ വീതികൂട്ടുകയും പുതിയ എയർ സ്ട്രിപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്നതിനാൽ ചൈനയുടെ നീക്കങ്ങൾ ആശങ്കയുളവാക്കുന്നതാണെന്നായിരുന്നു റിപ്പോർട്ടുകൾ.