- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിൽ; ഹനിയ രണ്ടും കൽപ്പിച്ച്
ജറുസലേം: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവൻ ഇസ്മയിൽ ഹനിയെയുടെ മൂന്ന് ആൺമക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇത്. മക്കളുടേയും പേരമക്കളുടേയും മരണം ഖത്തറിൽ കഴിയുന്ന ഹനിയെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗസ്സാ സിറ്റിയിലെ അൽ ശാറ്റി അഭയാർഥിക്യാമ്പിൽ ഹനിയെ കുടുംബത്തിന്റെ കാറിൽ ഡ്രോൺ പതിച്ചാണ് ഇവരുടെ മരണമെന്ന് 'അൽ ജസീറ' റിപ്പോർട്ടുചെയ്തു. ചെറിയപെരുന്നാൾ ദിനമായ ബുധനാഴ്ചയും ഗസ്സയിലെ പലയിടത്തും ഇസ്രയേൽ ബോംബിട്ടു. ഇതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കും.
"ഹമാസ് നേതാക്കളുടെ ബന്ധുക്കളെ ലക്ഷ്യമിടുന്നതിലൂടെ ഞങ്ങളുടെയാളുകളുടെ നിശ്ചയദാർഢ്യം തകർക്കാമെന്നാണ് അധിനിവേശക്കാരുടെ വിശ്വാസ"മെന്നു ഹനിയ പ്രതികരിച്ചു. സാധാനചർച്ചകളെയും ബന്ദിമോചനത്തെയും ഇതു ബാധിക്കുമെന്ന മുന്നറിയിപ്പും നൽകി. കുടുംബത്തിലെ 60 പേർ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടെന്ന് ഹനിയെ പറഞ്ഞു. ഖത്തറിന്റെയും ഈജിപ്തിന്റെയും യു.എസിന്റെയും മധ്യസ്ഥതയിൽ കയ്റോയിൽ നടക്കുന്ന സമാധാനചർച്ചകളെ ഇത് ബാധിക്കും. മധ്യഗസ്സയിലെ നുസൈറത് അഭയാർഥിക്യാമ്പിലെ വ്യോമാക്രമണത്തിൽ കൊച്ചുകുട്ടികളുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെയും പട്ടിണിയുടെയും ഇടയിൽനിന്നുകൊണ്ട് ഗസ്സക്കാർ ഈദ് പ്രാർത്ഥന നടത്തി. കിഴക്കൻ ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലും പ്രാർത്ഥന നടന്നു.
ഹസീം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ. ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടക്കുകയായിരുന്നു. മക്കളോടൊപ്പം മൂന്ന് കൊച്ചുമക്കളും വാഹനത്തിലുണ്ടായിരുന്നു. മക്കളെ ലക്ഷ്യം വച്ചാൽ ഹമാസ് നിലപാട് മാറ്റുമെന്നത് വെറും വ്യാമോഹമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങൾ വ്യക്തവും നിർദ്ദിഷ്ടവുമാണ്, അവയിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ട. എന്റെ മക്കളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഹമാസിനെ അതിന്റെ നിലപാട് മാറ്റാൻ പ്രേരിപ്പിക്കുമെന്ന് ശത്രുക്കൾ വിചാരിച്ചാൽ വ്യാമോഹമാകും. എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ ആണ് ഇസ്മായിൽ ഹനിയയെ ഹമാസിന്റെ മേധാവിയായി നിയമിതനായത്. പിന്നാലെ ഗസ്സയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് ഹനിയ മാറിയിരുന്നു. കൊല്ലപ്പെട്ട അമീർ ഹനിയ ഹമാസ് സൈനിക വിഭാഗത്തിലെ സ്‌ക്വാഡ് കമാൻഡറായിരുന്നു, ഹസീമും മുഹമ്മദ് ഹനിയയും താഴ്ന്ന റാങ്കിലുള്ള പ്രവർത്തകരായിരുന്നു.
അതിനിടെ ഇസ്രയേലിനെ വിമർശിച്ച് അമേരിക്കയും രംഗത്തു വന്നു. ഗസ്സയിലെ യുദ്ധം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൈകാര്യംചെയ്യുന്നത് തെറ്റായരീതിയിലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. നെതന്യാഹുവിന്റെ സമീപനത്തോട് യോജിക്കുന്നില്ലെന്നും സ്പാനിഷ് മാധ്യമമായ യൂണിവിഷനു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കണം, ആറ്-എട്ട് ആഴ്ചയ്ക്കുള്ളിൽ ഗസ്സയെ സഹായംകൊണ്ട് നിറയ്ക്കണം, സഹായം വിതരണംചെയ്യാൻ പശ്ചിമേഷ്യയിലെ മറ്റുരാജ്യങ്ങളെ അനുവദിക്കണം എന്നീ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അത് ഇപ്പോൾത്തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സഖ്യകക്ഷിയെന്നനിലയിൽ ഗസ്സായുദ്ധത്തിൽ ഇസ്രയേലിനെ നിർബാധം പിന്തുണച്ച യു.എസ്. നിലപാട് മാറ്റുകയാണ്. ഈദ് സന്ദേശത്തിലും ബൈഡൻ ഗസ്സയെ അനുസ്മരിച്ചു. ഗസ്സയും സുഡാനും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സംഘർഷവും വിശപ്പും അനുഭവിക്കുന്നവർക്കും ഭവനരഹിതരായവർക്കുമൊപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം 'എക്സി'ൽ കുറിച്ചു. ഇത് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടയിാണ്. അതിനിടെ ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന സൂചനൽകി ഓസ്‌ട്രേലിയ. മരവിച്ചുകിടക്കുന്ന പശ്ചിമേഷ്യാ സമാധാനപ്രക്രിയ പുനരാരംഭിക്കാനും ഈ മേഖലയിലെ തീവ്രവാദശക്തികളെ ഇല്ലാതാക്കാനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെ സാധിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു.
ബ്രിട്ടൻ, അയർലൻഡ്, മാൾട്ട, സ്ലൊവീനിയ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയും ഇക്കാര്യം സൂചിപ്പിച്ചത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന 'ആനുപാതികമല്ലാത്ത സൈനികനടപടി' പശ്ചിമേഷ്യയ്ക്കുമാത്രമല്ല ലോകത്തിനുതന്നെ ഭീഷണിയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.