- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
ടെൽ അവീവ്: ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങൾ. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. സിറിയയിലെ നയതതന്ത്രകാര്യാലയത്തിൽ ബോംബിട്ടതിനുള്ള തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം പുതിയ തലത്തിലെത്തും.
ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് അടിയന്തരമായി ചേർന്ന ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നൽകി. ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേൽ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാൻ കഴിയും.
ഇറാനെതിരെയുള്ള ആക്രമണത്തിന് ഖെയ്ബാർ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ സൈന്യം പ്രയോഗിച്ചത്. അതേസമയം, 200-ഓളംമിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ചനടത്തുകയും ചെയ്തു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു ബൈഡനുമായുള്ള ചർച്ച. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കേ യുഎൻ സുരക്ഷാ കൗൺസിൽ ഇന്ന് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ രണ്ടു സൈനിക ജനറൽമാർ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി.
നേരത്തെ ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങിയിരുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണത്തെ ഇസ്രയേലും പ്രതിരോധിച്ചു. സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. ഇറാനിൽനിന്നുള്ള ആക്രമണത്തെ നേരിടാൻ എല്ലാ പിന്തുണയും ഇസ്രയേലിനു നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു.
സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതിനു പിന്നാലെ വ്യോമസേനയുടെ ജെറ്റ് വിമാനങ്ങൾ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിനാണ് വിമാനങ്ങൾ അയച്ചതെന്നും ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.