ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവിസ് ഈമാസം മുപ്പത് വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ടെൽ അവീവ് നഗരത്തിലേക്കും തിരിച്ചുമുള്ള സർവിസുകൾ താൽക്കാലികമായി റദ്ദാക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും ഇസ്രയേലിലേക്കുള്ള സർവിസ് നിർത്തിവെച്ചിട്ടുണ്ട്. ജർമൻ എയർലൈൻ ഗ്രൂപ്പ് ലുഫ്ത്താൻസ, യു.എ.ഇ ആസ്ഥാനമായ എത്തിഹാദ് എന്നിവയും സർവിസ് റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് തുക മടക്കി നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും എയർ ഇന്ത്യ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. ഏപ്രിൽ 21 വരെ ബുക്ക് ചെയ്ത ടിക്കറ്റുകൾ മാറ്റി എടുക്കാം.

നേരത്തെ, ഇറാൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിനു പിന്നാലെ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്ന. അഞ്ചുമാസത്തെ ഇടവേളക്കുശേഷം മാർച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രയേൽ നഗരത്തിലേക്ക് സർവിസ് പുനരാരംഭിച്ചത്. ഡൽഹിക്കും തെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാലു സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.

അതേസമയം ദുബായ് വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം 48 മണിക്കൂർ നീട്ടി. രണ്ടു ദിവസം കൂടി നിയന്ത്രണം തുടരും. ദുബൈ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളുടെ ചെക്ക് ഇൻ നിർത്തിവെച്ചതായി എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രിൽ 19) രാത്രി 12 മണി വരെയാണ് ചെക്ക്-ഇൻ നിർത്തിവെച്ചത്. ദുബൈയിലേക്ക് നേരിട്ടുള്ള സർവീസ് തുടരും.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കാൻ ഇന്ത്യൻ പൗരന്മാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്.

കാലാവസ്ഥ മോശമായതോടെ 1,240-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. 41-ഓളം വിമാനങ്ങൾ വഴിതിരിച്ചുംവിട്ടു. വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച് അതാത് എയർലൈനുകളുടെ സ്ഥിരീകരണത്തിന് ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ആരംഭിച്ച മഴയെത്തുടർന്ന് റൺവേയിൽ വെള്ളം കയറിയതിന് പിന്നാലെയാണ് ക്രമീകരണങ്ങൾ.

പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ യു.എ.ഇയിലെ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ദുബായ് വിമാനത്താവളത്തിലുള്ള ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. 24ഃ7 പ്രവർത്തിക്കുന്ന +971501205172, +971569950590, +971507347676, +971585754213 നമ്പറുകൾ എംബസി തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജ് വഴി പുറത്തുവിട്ടു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര യുഎഇയിലെ മഴക്കെടുതി മൂലം അനിശ്ചിതത്വത്തിലായി. ഇന്നലെ രാത്രി എട്ടു മണിക്കു പോയ വിമാനമാണ് ദുബായിൽ ഇറക്കാനാവാതെ പുലർച്ചെ കരിപ്പൂരിൽ തിരിച്ചെത്തിയത്.

180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത് . ദുബായിൽ ഇറങ്ങാൻ അനുമതി കിട്ടാത്തതിനെത്തുടർന്ന് വിമാനം മസ്‌ക്കറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം മറ്റു മാർഗമില്ലാത്തതിനാൽ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു. യാത്രക്കാർക്ക് ഇന്നു വൈകിട്ടോടെ റാസൽ ഖൈമയിലേക്ക് പോകാൻ വിമാനമൊരുക്കുമെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. ആവശ്യക്കാർക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകാൻ തയ്യാറാണെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.