- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
ലണ്ടൻ: ഇന്ത്യ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, യു കെയുടെ നിർദ്ദിഷ്ഠ കാർബൺ ടാക്സിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന് ഇന്ത്യ. യു. കെയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുൻപായി വ്യാപാര കരാർ സാധ്യമാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പ്രധാനമന്ത്രി ഋഷി സുനകും. കരാർ സാധ്യമാകുന്നതിൽ ബാക്കി നിൽക്കുന്ന തടസ്സങ്ങൾ നീക്കുവാനായി ഇന്ത്യൻ സംഘം കഴിഞ്ഞ ഒരാഴ്ച കാലമായി ലണ്ടനിൽ തങ്ങി ചർച്ചകൾ നടത്തുകയാണ്.
പൊതു തെരഞ്ഞെടുപ്പിന് ഇനി അധികം സമയമില്ല എന്നത് കരാറിന്റെ കാര്യത്തിൽ ധൃതി കൂട്ടുവാൻ ഋഷിയെ പ്രേരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ച് പരമാവധി പ്രയോജനങ്ങൾ കൈവരിക്കാൻ ശ്രമിക്കുകയാണെന്ന് ദി ഗാർഡിയൻ എഴുതുന്നു. ഇന്ത്യൻ സംഘം പറയുന്നത് അവർക്ക് ഇനിയും അഞ്ചു വർഷമുണ്ടെന്നാണ്, എന്നാൽ ബ്രിട്ടീഷ് സർക്കാരിന് ഇനി അഞ്ചു മാസമേയുള്ളു എന്നാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഗാർഡിയൻ എഴുതുന്നത്.
ആറാഴ്ച നീണ്ടു നിൽക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു. അഭിപ്രായ സർവ്വേകൾ ഒട്ടുമിക്കതും നരേന്ദ്ര മോദിക്ക് ഇനിയൊരു അഞ്ചു വർഷം കൂടി പ്രവചിക്കുമ്പോൾ, ബ്രിട്ടനിലെ സ്ഥിതി തുലോം വ്യത്യസ്തമാണ്. ഭരണകക്ഷിക്ക് വൻ പരാജയം നേരിടേണ്ടി വരുമെന്നാണ് അഭിപ്രായ സർവ്വേകൾ കാണിക്കുന്നത്. അതുകൊണ്ടു തന്നെ ഋഷി സുനകിന് ഈ കരാർ എത്രയും പെട്ടെന്ന് സാധ്യമാക്കിയേ പറ്റൂ.
ഇനിയും തീർപ്പാക്കാൻ ആകാത്ത വളരെ കുറച്ച് പ്രശ്നങ്ങൾ മാത്രമേയുള്ളു എന്നായിരുന്നു ഇന്ത്യൻ വാണിജ്യകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം സൂചനകൾ നൽകിയിരുന്നു. അതിനിടയിലാണ് ഒരു വികസ്വര രാജ്യം എന്ന നിലയിൽ കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസ (സി ബി എ എം) ത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യു കെ സർക്കാർ പ്രതിനിധി അറിയിച്ചത്.
സ്റ്റീൽ, ഗ്ലാസ്, വളങ്ങൾ തുടങ്ങിയ കാർബൺ അധികമായുള്ള ചരക്കുകളുടെ ഇറക്കുമതിയിൽ അധിക നികുതി ചുമത്താൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് സി ബി എ എം. ഇത് യു കെയിലെക്ക് സ്റ്റീൽ കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ ഉരുക്കു നിർമ്മാതാക്കളെ പ്രതികൂലമായി ബാധിക്കും. അതേസമയം, യു കെ സ്റ്റീൽ നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനും, കർബൺ പുറംതള്ളൽ കുറയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയായതിനാൽ, ഇന്ത്യയെ ഇതിൽ നിന്നും ഒഴിവാക്കുന്നത് വിവാദവുമാകും.
ഇന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കരാറിന്മേലുള്ള ചർച്ചകൾ തത്ക്കാലത്തേക്ക് നിർത്തിയതായി കഴിഞ്ഞ മാസം പറഞ്ഞിരുന്നെങ്കിലും, അത് വീണ്ടും ആരംഭിക്കുകയായിരുന്നു. ഈയാഴ്ച നടന്നത് പതിനാലാം വട്ട ചർച്ചയായിരുന്നു. ഇന്ത്യൻ തൊഴിലാളികൾക്ക് വിസ ഇളവുകൾ നൽകണമെന്നും സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെന്നും ബ്രിട്ടീഷ് വക്താവ് അറിയിച്ചു. ചർച്ചകൾ ഇന്നലെ ഔപചാരികമായി അവസാനിച്ചെങ്കിലും അനൗപചാരിക സംഭാഷണങ്ങൾ ഇനിയും തുടരുമെന്നറിയുന്നു.