ലണ്ടൻ: യുകെയിലെ ജനപ്രതിനിധികളും പ്രഭുക്കന്മാരും തമ്മിലുള്ള ഒരു രാത്രിയിലെ പോരിന് ശേഷം ഋഷി സുനകിന്റെ റുവാണ്ടൻ ബിൽ നിയമമാകുന്നു. ഏറെ വിവാദം സൃഷ്ടിച്ച ഋഷി സുനകിന്റെ സേഫ്റ്റി ഓഫ് റുവാണ്ട (അസൈലം ആൻഡ് ഇമിഗ്രേഷൻ) ബില്ലിൽ പ്രഭു സംഭാംഗങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച്ച രാത്രി, ജന പ്രതിനിധികളും പ്രഭുസഭാംഗങ്ങളും തമ്മിൽ നീണ്ട തർക്കമായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സഭയുടെ അപ്രമാദിത്വം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു എന്ന ലോർഡ് ആൻഡേഴ്സന്റെ പ്രസ്താവനയോടെ പ്രഭുസഭാംഗങ്ങൾ, ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. അനധികൃത അഭയാർത്ഥികളെ അയയ്ക്കുന്നതിന് മുൻപായി റുവാണ്ട സുരക്ഷിതമാണെന്ന് ഒരു സ്വതന്ത്ര നിരീക്ഷണ കമ്മിറ്റി ഉറപ്പാക്കണമെന്നായിരുന്നു പ്രഭു സഭയുടെ ആവശ്യം.

എന്നാൽ, ഭേദഗതി എന്ന രൂപത്തിൽ ബില്ലിൽ ഒരു ഇളവും അനുവദിക്കില്ല എന്നതായിരുന്നു പ്രധാനമന്ത്രിയുടെ കർശന നിലപാട്. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചവരെ നാടുകടത്തലിൽ നിന്നും ഒഴിവാക്കണം എന്ന ഭേദഗതിയും അംഗീകരിക്കപ്പെട്ടില്ല. റുവാണ്ടയിലേക്കുള്ള വിമാനങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു എന്നും ജൂലായ് മാാസത്തിൽ ആദ്യ വിമാനം പറന്നുയരും എന്നും പത്രസമ്മേളനത്തിൽ ഋഷി സുനക് പറഞ്ഞു.

'എങ്കിലു' കളും 'പക്ഷെ' കളുമില്ല എന്ന് അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കുകയും ചെയ്തു. ബിൽ പാസ്സാക്കുന്നതിന് മുൻപായിരുന്നു ഋഷി ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ബിൽ നിയമമാക്കുന്നാതിനുള്ള ക്ലേശങ്ങളും, പിന്നീട് അത് പ്രാബല്യത്തിൽ വരുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമൊന്നും ആ ആത്മവിശ്വാാസത്തെ ബാധിച്ചിരുന്നില്ല.

പാർലമെന്റിൽ അവസാന വട്ട ചർച്ചകൾക്കായി ബിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, റുവാണ്ടയിലേക്കുള്ള ആദ്യ വിമാനം 10 മുതൽ 12 ആഴ്‌ച്ചക്കുള്ളിൽ പറന്നുയരുമെന്ന് ഋഷി പറഞ്ഞിരുന്നു. ബില്ലിൽ, പല ഭേദഗതികളും ഉന്നയിച്ച്, കഴിഞ്ഞ നാല് മാസക്കാലത്തിലേറെയായി പ്രഭു സഭ ഇത് നിയമമാകുന്നത് തടയുകയായിരുന്നു. അതുവഴി, അനധികൃത അഭയാർത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനുള്ള പദ്ധാതിയും നീണ്ടു പോവുകായായിരുന്നു.