- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്
ലണ്ടൻ: സംസ്‌കരിച്ച എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയമത്തിലെ പഴുത് ഉപയോഗിച്ച് റഷ്യയെ ബ്രിട്ടൻ പരോക്ഷമായി സഹായിക്കുന്നു എന്ന ആരോപണം അതിശക്തം. റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ സംസ്‌കരിക്കുന്ന രാാജ്യങ്ങളിൽ നിന്നുള്ള ബ്രിട്ടന്റെ ഇറക്കുമതി വർദ്ധിച്ചതോടെയാണ് ഈ ആരോപണം. സർക്കാർ കണക്കുകൾ വിശകലനം ചെയ്ത്, പരിസ്ഥിതി സൈറ്റ് ആയ ഡെസ്‌മോഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിച്ചു എന്നാണ്.
2023 ൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി മൊത്തം 2.2 ബില്യൻ പൗണ്ടിന്റെതായിരുന്നു. തൊട്ടു മുൻപത്തെ വർഷത്തേക്കാൾ 434.2 മില്യൻ പൗണ്ട് അധികമാണ് ഈ തുക എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഏറ്റവുമധികം ക്രൂഡോയിൽ നൽകുന്ന രാജ്യം റഷ്യയാണ്. 2022 ഫെബ്രുവരിയിൽ റഷ്യ, യുക്രെയിൻ ആക്രമിച്ചതിനു ശേഷമാാണ് തുർക്കി റഷ്യയിൽ നിന്നും വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചത്.
റഷ്യ, യുക്രെയിനിന്റെ ഊർജ്ജ മേഖലയെ ലക്ഷ്യം വച്ചാണ് പ്രധാനാമായും ആക്രമണം നടത്തുന്നത്. വളരെ കുറച്ച് വൻകിട പവർ പ്ലാന്റുകൾ മാത്രമെ നശിപ്പിക്കാതെയോ ഭാഗികമായി പ്രവർത്തന രഹിതമാകാതെയോ അവശേഷിച്ചിട്ടുള്ളു. യുക്രെയിന് 60 ബില്യൻ പൗണ്ടിന്റെ സഹായം എത്തിക്കാൻ യു കെ നേതാക്കൾ അമേരിക്കയുമായി ലോബിയിങ് നടത്തി കൊണ്ടിരിക്കുകയുമായിരുന്നു. ഇതിന് ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് അനുമതി ലഭിച്ചു.
യുക്രെയിൻ ആക്രമണത്തിന് ശേഷം റഷ്യയിൽ നിന്നുള്ള എണ്ണയും പ്രകൃതി വാതകവും ഒഴിവാക്കുവാൻ യുക്രെയിന്റെ സഖ്യകക്ഷികൾ തീരുമാനിച്ചിരുന്നു. 2022 ഡിസംബർ 5 ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടൻ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതിലുള്ള ഒരു പഴുത് ഉപയോഗിച്ചാണ് ഇപ്പോൾ ബ്രിട്ടനിലേക്ക് റഷ്യൻ എണ്ണ കടത്തുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ മറ്റൊരു രാജ്യത്ത് സംസ്‌കരിച്ചതാണെങ്കിൽ, അത് റഷ്യയിൽ നിന്നുള്ളതാണെന്ന് പരിഗണിക്കുകയില്ല. ഇതാണ് ഇറക്കുമതിക്കായി ഉപയോഗിക്കുന്ന പഴുത്. അതിന്റെ ഫലമായി റഷ്യ തങ്ങളുടെ സുഹൃദ് രാജ്യങ്ങൾക്ക് ക്രൂഡോയിൽ നൽകുകയും അത് സംസ്‌കരിച്ച് ബ്രിട്ടനിൽ എത്തിക്കുകയുമാണ്. ഈ വളഞ്ഞ വഴിയിലൂടെയുള്ള എണ്ണ ഇറക്കുമതി യുക്രെയിൻ യുദ്ധത്തിൽ റഷ്യയുടെ ശക്തി വർദ്ധിപ്പിക്കുന്നു എന്നാണ് ഇതിനെതിരെ പ്രചാരണം നടത്തുന്ന ഗ്ലോബൽ വിറ്റ്‌നസ്സ് എന്ന സംഘടന വാദിക്കുന്നത്.
യുക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2021 ൽ 402.2 മില്യൻ പൗണ്ടിന്റെ എണ്ണയായിരുന്നു ബ്രിട്ടൻ ഇന്ത്യയിൽ നിന്നും ഇറക്കൂമതി ചെയ്തതെങ്കിൽ 2022 ൽ അത് 1.82 ബില്യൻ പൗണ്ട് ആയി വർദ്ധിച്ചു. 2023 ൽ 1.5 ബില്യൻ പൗണ്ടിന്റെ എണ്ണയായിരുന്നു ബ്രിട്ടൻ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തത്.
റഷ്യയിൽ നിന്നും ഏത് വിധത്തിലും എത്തുന്ന എണ്ണയുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടൻ യുക്രെയിനോടുള്ള പ്രതിബദ്ധത തെളിയിക്കണമെന്നും ഗ്ലോബ്ബൽ വിറ്റ്‌നസ്സ്‌സ് ആവശ്യപ്പെടുന്നു.