- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള കുത്തൊഴുക്ക് നിലച്ചത് യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു
ലണ്ടൻ: വിദേശ വിദ്യാർത്ഥികൾക്കുള്ള വിസ നിയന്ത്രണങ്ങൾ കർശനമാക്കിയത് ബ്രിട്ടനെ തിരിഞ്ഞുകൊത്താൻ തുടങ്ങിയതിന്റെ സൂചനകൾ പുറത്തു വരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹഢേഴ്സ്ഫീൽഡിൽ 200 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോർട്ട്. നിരവധി കോഴ്സുകളും നിർത്തലാക്കും. വിദ്യാഭ്യാസ മേഖല ഒരു സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി യൂണിവേഴ്സിറ്റിക്ക് ഉറപ്പാക്കാനായിട്ടാണ് ഇത്തരമൊരു നാടപടിയെന്നും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പത്തിൽ ഒരാൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതുവഴി ഉണ്ടായിരിക്കുനന്തെന്ന് പറഞ്ഞ യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയനി (യു സി യു) ലെ ഗാരി അലൻ, ഇത് വൻ പ്രത്യാഘാതങ്ങൾക്ക് വഴി തെളിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, ആരോഗ്യവും സാമൂഹ്യ സുരക്ഷയും എന്നിവയുൾപ്പടെ 12 കോഴ്സുകൾ നിർത്തലാക്കേണ്ടി വരും. 2023-24 സാമ്പത്തിക വർഷത്തിൽ തന്നെ ബജറ്റിൽ കുറവ് അനുഭവാപ്പെട്ടു എന്ന് യൂണിവേഴ്സിറ്റി പറയുന്നു.
സർക്കാരിന്റെ പുതിയ വിസ നിയന്ത്രണങ്ങൾ മൂലം വിദേശ വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതോടെ ഇത് കൂടുതൽ ഗുരുതരമാവുകയാണെന്നും യൂണിവേഴ്സിറ്റി പറയുന്നു. 2012 മുതൽ യു കെ അണ്ടർഗ്രാഡ്വേറ്റ് കോഴ്സുകളുടെ ട്യൂഷൻ ഫീസിൽ വരുത്തിയ വർദ്ധനവ് വെറും 2.8 ശതമാനമാണെന്ന് യൂണിവേഴ്സിറ്റി വക്താവ് ചൂണ്ടിക്കാണിച്ചു. 9000 പൗണ്ട് ഉണ്ടായിരുന്നത്, 9250 പൗണ്ട് ആക്കിഉ ഉയർത്തി. അതേസമയം പണപ്പെരുപ്പം മൂലമുള്ള അധിക ചെലവുകളിൽ ഉണ്ടായ വർദ്ധനവ് 50 ശതമാനത്തിൽ അധികം വരും. ഇത് യൂണിവേഴ്സിറ്റി മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാാണെന്നും വക്താാവ് പറഞ്ഞു.
ഇത്രയധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നത് ജീവനക്കാരെയും, വിദ്യാർത്ഥികളെയും പ്രാദേശിക സമൂഹത്തെയും പ്രതികൂലമായി ബാധിക്കും എന്നും വക്താവ് പറയുന്നു. എന്നാൽ, യൂണിവേഴ്സിറ്റി മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. യൂണിവേഴ്സിറ്റി ജീവനക്കാർക്ക് ജോലി സ്ഥിരത നഷ്ടപ്പെടുന്ന ഒരു കാലമാണിതെന്ന് യൂണിസൻ യൂണിയന്റെ യൂണിവേഴ്സിറ്റി ഓഫ് ഹഢേഴ്സ്ഫീൽഡ് ബ്രാഞ്ച് സെക്രട്ടറി സ്റ്റീവ് ഹോവ് പറയുന്നു. അതിന്റെ പ്രത്യാഘാതം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും അനുഭവിക്കേണ്ടതായി വരും.
അതുകൊണ്ടു തന്നെ ഇത്തരം കടുത്ത നടപടികളിലേക്ക് കടക്കാതെ, യൂണിവേഴ്സിറ്റിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കുവാൻ മറ്റു മാർഗ്ഗങ്ങൾ തേടണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നു. പല യൂണിവേഴ്സിറ്റികളും സമാനമായ സാഹചര്യത്തിലാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പല യൂണിവേഴ്സിറ്റികളുടെയും നിലനിൽപ്പിനെ സഹായിച്ചിരുന്നത് വിദേശ വിദ്യാർത്ഥികളിൽ നിന്നും അധികമായി ഈടാക്കിയിരുന്ന ഫീസ് ആയിരുന്നു. അത് ഇനിയും കുറഞ്ഞാൽ ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയുടെ ഭാവി എന്താകുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.