- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രൂഡോയുടെ പരിപാടിയിലെ ഖലിസ്ഥാൻ മുദ്രാവാക്യം വിളിയിൽ ഇന്ത്യക്ക് പ്രതിഷേധം
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖലിസ്ഥാൻ വിഘടനവാദ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ ഇന്ത്യ കനേഡിയൻ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടി.
' ഇന്ത്യ സർക്കാരിന്റെ കടുത്ത ആശങ്കയും, ശക്തമായ പ്രതിഷേധവും അറിയിച്ചു. വിഘടനവാദത്തിനും, തീവ്രവാദത്തിനും അക്രമത്തിനും കാനഡയിലെ രാഷ്ട്രീയ ഇടത്തിൽ സ്ഥാനം നൽകുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്,'വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുമെന്ന് മാത്രമല്ല, സ്വന്തം പൗരന്മാരെ തന്നെ ബാധിക്കും വിധം കാനഡയിൽ അക്രമത്തെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത് സംസാരിച്ചത്. ജസ്റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ 'ഖലിസ്ഥാൻ സിന്ദാബാദ്' വിളികൾ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു.
പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും മുദ്രാവാക്യങ്ങൾ ഉയർന്നു. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ജസ്റ്റിൻ ട്രുഡോ വ്യക്തമാക്കി. ഇതിന്റെ വിഡിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ന്യൂ ഡമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്, ടൊറന്റോ മേയർ ഒളിവിയ ചൗ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. വർഷന്തോറും നടക്കുന്ന ഖൽസ പരേഡിൽ ആയിരക്കണക്കിന് പേരാണ് ടൊറന്റോയിൽ ഒത്തുകൂടിയത്.
കഴിഞ്ഞ വർഷം സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. സിഖ് സമുദായത്തിന്റെ അവകാശങ്ങൾക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമെന്നും, സമുദായത്തെ വെറുപ്പിൽ നിന്നും വിവേചനത്തിൽ നിന്നും സംരക്ഷിക്കുമെന്നും ട്രൂഡോ ഉറപ്പുനൽകിയത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യൻ ഏജന്റുമാരാണ് നിജ്ജറിന്റെ കൊലപാതത്തിന് പിന്നിലെന്ന കാനഡയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.