ലോകമാധ്യമങ്ങളിൽ പലപ്പോഴും വാർത്തയാവാറുള്ളതാണ് സൗദി അറേബ്യയിലെ പരിഷ്‌ക്കരണങ്ങൾ. സൗദി ഇസ്്ലാമിക രീതികൾ ഒക്കെ വിട്ട് ആധുനിക രീതിയിലേക്ക് മാറുകയാണെന്ന് ഇടക്കിടെ വാർത്ത വരാറുണ്ടായി. രാജ്യത്ത് സിനിമാ തീയേറ്ററുകൾ തുറന്നതും, അമസ്ലീം നയതന്ത്രഞ്ജർക്കായി മദ്യശാലകൾ തുറന്നതും അടക്കമുള്ള വലിയ പരിഷ്‌ക്കാരങ്ങളിലുടെ സൗദി ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ കഴിഞ്ഞ നീറ്റ് പരീക്ഷക്കിടെ, ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ പരിശോധിച്ചതിന്റെ പേരിൽ ഉണ്ടായ കോലാഹാലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ആസമയത്ത് പരീക്ഷാഹാളിൽ അബായ ( പർദ) നിരോധനം ഏർപ്പെടുത്തിയാണ് സൗദി ഉത്തരവിറക്കിയിരിക്കയാണ്. എല്ലാ പരീക്ഷാഹാളുകളിലും വിദ്യാർത്ഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം എന്നാണ് സൗദിയിലെ പുതിയ ഉത്തരവ്.

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസ് വന്നതോടെയാണ് മാറ്റങ്ങൾ വലിയ തോതിൽ വരുന്നത്. 2018 ലാണ് ലോകം മുഴുവൻ വീക്ഷിച്ച ഒരു പ്രഖ്യാപനം സൗദിയിൽ നിന്നും വരുന്നത്. ഇനിമുതൽ സൗദി അറേബ്യൻ പ്രവിശ്യകളിൽ പർദ നിർബന്ധിത വസ്ത്രം അല്ല എന്നായിരുന്നു അത്. വിദേശത്തുനിന്നും രാജ്യത്തെത്തുന്ന അമുസ്ലീങ്ങളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരുന്നു സൗദിയുടെ ഈ പ്രഖ്യാപനം. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചത് വലിയൊരു മുന്നേറ്റം ആയിരുന്നു. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി. ഉച്ചഭാഷിണികൾ വച്ചുള്ള പള്ളികളിൽ നിന്നുള്ള പ്രഭാഷണങ്ങളും സൗദിയിൽ നേരത്തെ വിലക്കിയിട്ടുണ്ട്.

രാജ്യത്ത് ശരിയത്ത്് നിമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങൾ മുഹമ്മദ് സൽമാന് ലോകജനതക്ക് മുൻപിൽ ഒരു പരിഷ്‌കർത്താവിന്റെ മുഖമാണ് നൽകിയിത്.പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ കോവിഡിന്റെ മറവിൽ സൗദി നടത്തി. ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കയിരിക്കയാണ്.

ഇങ്ങനെയുള്ള നിരവധി പരിഷ്‌ക്കരണങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഉള്ളിന്റെ ഉള്ളിൽ സൗദി മാറുന്നുണ്ടോ. ജമാൽ ഗഷോഗി വധമടക്കമുള്ള കാര്യങ്ങൾ അത് സൂചിപ്പിക്കയാണ്. ഇപ്പോൾ മറ്റൊരു സംഭവം കൂടി സൗദിയിയിൽനിന്ന് പുറത്തുവരികയാണ്. സ്ത്രീ ശാക്തീകരണത്തെ പിന്തുണക്കുകയും, വസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്ത, മനഹെൽ അൽ-ഒതൈബി എന്ന 29 കാരിയായ സൗദി യുവതിക്ക് 11 വർഷം തടവ് ശിക്ഷയാണ് സൗദി വിധിച്ചിരിക്കുന്നത്.അറസ്റ്റിന് ശേഷം യുവതി അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയായതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

നൊമ്പരമായി മനഹെൽ അൽ-ഒതൈബി

ഇപ്പോൾ മനഹെൽ അൽ-ഒതൈബിക്കുവേണ്ടി വൻ ക്യാമ്പയിൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർക്ക് നൽകിയ പ്രസ്താവനയിലാണ് സൗദി അധികൃതർ മനഹെൽ അൽ-ഒതൈബിയുടെ കാര്യം സ്ഥിരീകരിച്ചത്. ഈ വർഷമാദ്യം, ജനുവരി 9 നാണ് 'ഭീകരവാദ പ്രവർത്തനങ്ങൾക്ക്' മനഹെൽ അൽ-ഒതൈബി ശിക്ഷിക്കപ്പെട്ടത്. തെറ്റായ അല്ലെങ്കിൽ വിദ്വേഷം പരത്തുന്ന കിംവദന്തികൾ, പ്രസ്താവനകൾ, വാർത്തകൾ തുടങ്ങിയവ പ്രക്ഷേപണം ചെയ്യുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ വേണ്ടിയുള്ള വെബ്‌സൈറ്റുകളുടെ ഉപയോഗം ക്രിമിനൽ കുറ്റമാക്കുന്ന, സൗദി തീവ്രവാദ വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ പ്രകാരം, മനഹെൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ ചെയ്തതിന് സമാനമാണിത്.

2022 നവംബറിലാണ് മനഹെൽ അൽ-ഒതൈബി അറസ്റ്റിലാകുന്നത്. സർട്ടിഫൈഡ് ഫിറ്റ്നസ് ഇൻസ്റ്റക്ടറും കലാകാരിയുമാണ് മനഹെൽ. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അവർ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിനൊപ്പം ഫിറ്റ്നസ്, കല, യോഗ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണ് മനഹെൽ പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കവെച്ചിരുന്നത്.

ഇതിനൊപ്പം രാജ്യത്തെ പുരുഷ രക്ഷകർതൃ നിയമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ഇവർ അറബിയിൽ ഹാഷ്ടാഗ് കാമ്പയിൽ നടത്തിയിരുന്നു. ഇതും വലിയ കുറ്റമായാണ് ചിത്രീകരിക്കപ്പെട്ടത്. 2023 നവംബർ മുതൽ 2024 ഏപ്രിൽ വരെയുള്ള അഞ്ച് മാസം മനഹെൽ നിർബന്ധിത തിരോധാനത്തിന് വിധേയയായെന്നും ഇക്കാലയളവിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നുമാണ് ആരോപണം. ഇതിനിടെ ഒരിക്കൽ മാത്രം മനഹെൽ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഏകാന്ത തടവിലാണെന്നും ശാരീരിക പീഡനങ്ങൾ മൂലം കാൽ ഒടിഞ്ഞിരിക്കുകയാണെന്നും യുവതി അന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ സൗദി അധികൃതർ നിഷേധിച്ചിട്ടുണ്ട്.

ആനസ്റ്റി ഇന്റർനാഷണലും സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎൽക്യുഎസ്‌ടിയും അടക്കമുള്ള അവകാശ സംഘടനകളും സൗദിയുടെ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയിലെ ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രതിനിധി ബിസ്സാൻ ഫക്കിഹ് പറയുന്നു. -" ഇതുവഴി സൗദി അധികാരികൾ സമീപ വർഷങ്ങളിൽ ഏറെ കൊട്ടിഘോഷിച്ച സ്ത്രീകളുടെ അവകാശ പരിഷ്‌കാരങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുകയും സമാധാനപരമായ വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള അവരുടെ പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുകയാണ്".

സഹോദരിമാരും നോട്ടപ്പുള്ളികൾ

മനഹെൽ അൽ-ഒതൈബിന്റെ രണ്ട് സഹോദരിമാരും സമാനമായ ആരോപണങ്ങൾ നേരിടുന്നവരാണ്. നേരത്തെയും സൗദിയിൽ അനവധി യുവതികൾ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരുഭാഗത്ത് യാഥാസ്ഥികക്കെതിരെ പൊരുതുകയും, മറുഭാഗത്ത് പുരോഗമനവാദികളെ ജയിലിലാക്കുകയും ചെയ്യുന്ന, ഇരട്ടാത്താപ്പാണ് സൗദി നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.

ആചാരങ്ങളിൽ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് എംബിഎസ്. നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആധുനിക ഒട്ടകമായ കാർ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.അതിന്റെ അടിസ്ഥാനത്തതിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. അതിനിടെ സൗദിയിൽ രസിനിമാ തീയേറ്ററുകൾ വന്നു. ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, ഇങ്ങിനെ മാറ്റത്തിന്റെ നിരവധി വാതിലുകൾ തുറക്കുകയാണെന്ന തോന്നലും പ്രതീതിയും ജനിപ്പിക്കാൻ പുതിയ കിരീടാവകാശിക്ക് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ഞങ്ങൾ ചില ഇളവുകൾ ഒക്കെതരും, പക്ഷേ നിങ്ങൾ ഒന്നും പ്രതിഷേധിച്ച് നേടിയെടുക്കേണ്ടതില്ല എന്ന നിലപാടാണ് സൗദിയുടേത്. ഇപ്പോഴും ട്രാൻസ് ജെൻഡർ കമ്യൂണിറ്റി അവിടെ അതിഭീകരമായി പീഡിപ്പിക്കപ്പെടുന്നു. മമ്മൂട്ടിയുടെ കാതൽ എന്ന സിനിമയും, പൃഥിരാജിന്റെ ആടുജീവിതവും നിരോധിച്ചതുമെല്ലാം സൗദിയുടെ യാഥാസ്ഥിതിക മുഖം വെളിപ്പെടുന്നുന്നു.