- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം പാസാക്കി യുഎസ് ജനപ്രതിനിധി സഭ; സംഘർഷം പരിധി വിടുമ്പോൾ
ന്യൂയോർക്ക്: അമേരിക്കൻ സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷം രൂക്ഷം. 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തെതുടർന്ന് കൊളംബിയ സർവകലാശാലയിൽ സെമസ്റ്റർ പരീക്ഷകൾ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. പല സർവ്വകലാശാലകളിലും പ്രതിഷേധം ശക്തമാണ്. ഫലസ്തീൻ ജനതയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രയേലിനെ അമേരിക്ക പൂർണ്ണമായും തള്ളി പറയണമെന്നതാണ് ആവശ്യം.
അമേരിക്കൻ ക്യാമ്പസുകളിൽ വ്യാപകമായ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ തുടരുമ്പോൾ വിവിധ സർവകലാശാലകളിൽ സമരം അടിച്ചമർത്താനുള്ള പൊലീസ് നീക്കങ്ങളിൽ ചിലത് സംഘർഷത്തിൽ കലാശിച്ചു. കൊളംബിയ സർവകലാശാലയിൽ നിന്ന് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കയ്യടക്കുകയും ഗസ്സയിലെ ഇരകളുടെ ബഹുമാനാർത്ഥം 'ഹിന്ദ്‌സ് ഹാൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്‌സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്. പല സർവകലാശാലകളിലും സംഘർഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്‌കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാർ ഏറ്റുമുട്ടി. സംഘർഷത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിനിടെ, ജൂതമത വിശ്വാസികൾക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബിൽ പാസാക്കിയത്.
ഗസ്സയിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊളംബിയ സർവകലാശാലയുടെ ഹാമിൽട്ടൺ ഹാൾ പിടിച്ചെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടർന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.
ഫെബ്രുവരിയിൽ വടക്കൻ ഗസ്സയിൽ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികൾ കെട്ടിടത്തിന് 'ഹിന്ദ്‌സ് ഹാൾ' എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് വെള്ള ബാനർ പ്രദർശിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ കൈയടിക്കുകയും ഫലസ്തീൻ പതാകകൾ ഏന്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രക്ഷോഭകരും സർവകലാശാല അധികൃതരുമായി കരാറിലെത്തിയത് രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കി. അതേസമയം ലോസ് ഏഞ്ചൽസിലെ യുസിഎൽഎ കാമ്പസിലെ ഫലസ്തീൻ ഐക്യദാർഢ്യ ക്യാമ്പിന് നേരെ ഇസ്രയേൽ അനുകൂല എതിർപ്രക്ഷോഭകർ ആക്രമണം നടത്തി.