ലണ്ടൻ: രാഷ്ട്രീയ നിരീക്ഷകരുടെയും തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവരുടെയും കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചുകൊണ്ട് ലണ്ടൻ മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും സാദിഖ് ഖാന് ജയം.

അൾട്രാ ലോ എമിഷൻ സോൺ നിരക്കുകൾ നഗരത്തിലാകെയായി വ്യാപിപ്പിച്ചതും, വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും, ഗസ്സാ പ്രശ്നവുമെല്ലാം ഖാന്റെ പരാജയത്തിലേക്ക് വഴിതെളിക്കും എന്ന കണകകു കൂട്ടലുകൾക്കിടയിലാണ് ഈ ജയം എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, എതിർ സ്ഥാനാർത്ഥി കാൺസർവേറ്റീവ് പാർട്ടിയിലെ സൂസൻ ഹാളിനേക്കാൾ 2,76,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

ഒരു പൊതു തെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു വിജയശേഷമുള്ള സാദിഖ് ഖാന്റെ പ്രതികരണം. 2024 മാറ്റത്തിന്റെ വർഷമായിരിക്കുമെന്ന് പറഞ്ഞ ഖാൻ, ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ, അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ലേബർ പാർട്ടി തയ്യാറാണെന്നും പറഞ്ഞു. മൂന്നാം തവണയും മേയർ ആയതോടെ, ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിയുമോ എന്ന ചോദ്യത്തിന്, തൻ ഹാട്രിക്കിന്റെ സന്തോഷം അനുഭവിക്കുകയാണെന്നും ബാക്കിയെല്ലാാം കാത്തിരുന്ന് കാാണാം എന്നുമായിരുന്നു മറുപടി.

വരുന്ന തെരഞ്ഞെടുപ്പിൽ കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ താൻ അതിയായി സന്തോഷിക്കുമെന്നും ഖാൻ പറഞ്ഞു. ഈ വർഷം രണ്ടാം പകുതിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു ജനുവരിയിൽ പ്രാധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ എട്ട് വർഷക്കാലമായി ടോറി സർക്കാരിന്റെ തിരമാലകൾക്കെതിരെ ലണ്ടൻ നീന്തുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു തെരഞ്ഞെടുപ്പ് രാജ്യത്തെ ഒരു പുതിയ ദിശയിലേക്ക് നയിക്കും എന്ന് മാത്രമല്ല, ലണ്ടൻ നിവാസികൾ കാത്തിരുന്ന പല ധീരമായ തീരുമാനങ്ങളും നടപ്പിൽ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും, സാദിഖ് ഖാന്റെ വിജയം ടോറികളെ ആത്മപരിശോധനക്ക് ഇടവരുത്തും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നാത്. സൂസാൻ ഹോൾ എങ്ങനെ സ്ഥാനാർത്ഥി ആയെന്നും, അവർക്ക്, നിലവിലെ മേയറുടെ പ്രവർത്തനങ്ങളിൽ ഉള്ള ജനരോഷം മുതലെടുക്കാൻ കഴിയാാതെ പോയത് എന്തുകൊണ്ടാണെന്നും പാർട്ടി പരിശോധിക്ക്മും എന്ന് അവർ കരുതുന്നു.

ലണ്ടൻ നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യ നിരക്കായിരുന്നു ഹൾ പ്രധാനമായും ചർച്ചാ വിഷയമാക്കിയത്. ദി വയർ കാണുന്നത് ഹാൾ നിർത്തണം എന്നായിരുന്നു ഇതിനോട് ഖാൻ പ്രതികരിച്ചത്. അതുകഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഹെയ്നാൾട്ടിൽ 14 കാരനായ ബാലൻ വാളിനിരയായത്. 2021 ലെ തെരഞ്ഞെടുപ്പിൽ, ഷോൺ ബാലിക്കെതിരെ നേടിയ ഭൂരിപക്ഷത്തേക്കാൾ 4.7 ശതമാനം കൂടുതൽ ഭൂരിപക്ഷം നേടിയാണ് ഇത്തവണ ഖാൻ ജയിച്ചത്.