ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ ചിത്രം ഉൾപ്പെടുത്തി നൂറ് രൂപാ നോട്ട് പുറത്തിറക്കാനുള്ള നേപ്പാളിന്റെ നീക്കത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. നേപ്പാളിന്റെ നീക്കം സ്ഥിതിഗതികളിലോ യഥാർഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. നേപ്പാളുമായുള്ള അതിർത്തി വിഷയങ്ങളിൽ ഔദ്യോഗികതലത്തിൽ ചർച്ച നടക്കുന്നുണ്ട്. അതിനിടെ അവർ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായി ചില നീക്കങ്ങൾ നടത്തുകയാണ്, ജയശങ്കർ കൂട്ടിച്ചേർത്തു. ഭുവനേശ്വറിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉൾപ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം ചേർന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

100 രൂപാ നോട്ട് റീ ഡിസൈൻ ചെയ്യാനും പശ്ചാത്തലത്തിൽ നൽകിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തിൽ തീരുമാനിച്ചതെന്ന് പ്രചണ്ഡ സർക്കാരിന്റെ വക്താവ് രേഖ ശർമ അറിയിച്ചു.

2020 ജൂൺ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപ്പാൾ അവരുടെ രാഷ്ട്രീയഭൂപടം പുതുക്കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു ഇത്. നേപ്പാളിന്റെ നടപടിയെ ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമർശിച്ച ഇന്ത്യ, നീക്കത്തെ സാധൂകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.

1850 കിലോമീറ്ററിൽ അധികം ദൈർഘ്യമുള്ളതാണ് ഇന്ത്യ-സിക്കിം അതിർത്തി. സിക്കിം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്നത്.