- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിക്ക് സംഭവിച്ചത് എന്തെന്ന് അവ്യക്തം. റൈസി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. ആ ഹെലികോപ്ടറിൽ ആരും ജീവനോടെയില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാൻ ഇതിന് സ്ഥിരീകരണം നൽകുന്നില്ല. ഹെലികോപ്ടർ തകർന്നിട്ട് 14 മണിക്കൂറായി. കാറ്റും കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ റൈസി രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന വിലയിരുത്തൽ നേരത്തെ ഉയർന്നിരുന്നു. ഹെലികോപ്ടർ തകർന്ന സ്ഥലം ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആ പ്രദേശത്ത്് ആരേയും ജീവനോടെ കണ്ടെത്താൻ ഡ്രോണിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് റൈസിയുടെ മരണത്തിൽ റിപ്പോർട്ടുകൾ വരുന്നത്.
ഇതിനിടെ ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന യാഥാർത്ഥ്യവും ചർച്ചകളിലെത്തുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്. ഇതും ഇറാനെ നടുക്കിയ അപകടത്തിന് കാരണമായോ എന്ന ചർച്ച ശക്തമാണ്. ഏതായാലും ഈ ഘട്ടത്തിൽ റെയ്‌സിയുടെ ഹെലികോപ്ടറിന് നേരെ ആക്രമണം ഉണ്ടായി എന്ന് ഇറാൻ ആരോപിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിനാണ് ഇറാൻ മുൻഗണന നൽകുന്നത്. രക്ഷാ ദൗത്യത്തിന് ശേഷം ഇറാൻ എടുക്കുന്ന നിലപാട് അതിനിർണ്ണായകമാകും. രക്ഷാസംഘം ഹെലികോപ്ടർ തകർന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. അവർക്കും റൈസിയെ കണ്ടെത്താനായില്ലെന്നാണ് സൂചന.
റൈസിയുടെ സ്ഥിതിയെന്തെന്നതിനെക്കുറിച്ച് പുറത്തുവരുന്നത് വ്യത്യസ്ത റിപ്പോർട്ടുകൾ. റൈസിയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും അപകടത്തിലാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സി'നോടു പറഞ്ഞു. എന്നാൽ, പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന വിവരമേ ഇറാൻ മാധ്യമങ്ങൾ നൽകുന്നുള്ളൂ. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന് അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റൈസി.
മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 2021 ജൂണിലാണ് കടുത്ത യാഥാസ്ഥിതികനായ ഇബ്രാഹിം റൈസി ഇറാന്റെ പ്രസിഡന്റായത്. ഹിജാബ് നിയമങ്ങൾ ഇതോടെ കർശനമാക്കി. 2022 സെപ്റ്റംബറിൽ മഹ്‌സ അമീനിയെന്ന കുർദ് വനിതയുടെ മരണമുണ്ടായി. നിയമാനുസൃതം തലമറച്ചില്ലെന്ന ആരോപണത്തിന് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ മരിച്ചതിനെത്തുടർന്ന് പ്രക്ഷോഭവവും നടന്നു. ഗസ്സ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗസ്സയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.
ഒക്ടോബർ ഏഴിനാരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധം പ്രദേശികതലത്തിൽ ശക്തികൂടി. ഞായറാഴ്ച അണക്കെട്ട് ഉദ്ഘാടനംചെയ്തുനടത്തിയ പ്രസംഗത്തിലും റെയ്‌സി ഫലസ്തീന് പിന്തുണപ്രഖ്യാപിച്ചിരുന്നു. 1960-ൽ ജനിച്ച റെയ്‌സി, ടെഹ്‌റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നശേഷമാണ് പ്രസിഡന്റായത്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനാണ്.