കീവ്: പുടിന്റെ സൈന്യത്തിന് കനത്ത തിരിച്ചടിയായി കരിങ്കടലിൽ റഷ്യൻ കപ്പൽ തകർത്തതായി യുക്രെയിൻ അവകാശപ്പെട്ടു. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സേനക്ക് മറ്റൊരു മോശപ്പെട്ട ദിവസം എന്നു പറഞ്ഞുകൊണ്ടായിരുന്നു യുക്രെയിൻ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡ്രോൺ ആക്രമണത്തിലൂടെയായിരുന്നു കപ്പലിനെ തകർത്തതെന്നും യുക്രെയിൻ പ്രതിരോധ മന്ത്രി പീറ്റർ കാഡിക്- ആഡംസ് അറിയിച്ചു.

റഷ്യയുടെ മൈൻസ്വീപ്പർ, പ്രൊജക്ട് 266 എം കൊവ്‌റോവെറ്റ്‌സ് ആണ് യുക്രെയിൻ ആക്രമണത്തിൽ തകർന്നതെന്നും മന്ത്രി അറിയിച്ചു. റഷ്യക്ക് നഷ്ടപ്പെടുന്ന രണ്ടമത്തെ മൈൻസ്വീപ്പർ ആണിത്. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ സൈന്യത്തിന് ഇതോടെ മൂന്ന് കപ്പലുകളാണ് നഷ്ടമയത്. മൈൻസ്വീപ്പർ നശിച്ചെങ്കിലും ആളപായാാം ഒന്നും ഉണ്ടായിട്ടില്ല, എന്നിരുന്നാലും, റഷ്യയ്ക്ക് മേൽ ഇത് കനത്ത സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സമുദ്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൈനുകൾ കണ്ടെത്താൻ കഴിവുള്ള ഈ കപ്പൽ നശിച്ചതോടെ കരിങ്കടലിലെ റഷ്യൻ സൈന്യം ഏതാണ്ട് നിശ്ചലാവസ്ഥയിൽ ആയിരിക്കുകയാണ്. ഇത് ക്രീമിയയിലെക്ക് ആവശ്യ സാധനങ്ങൾ എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കും. മാത്രമല്ല, വേനൽ കൊയ്ത്ത് കഴിഞ്ഞ്, യുക്രെയിൻ ധാന്യ കയറ്റുമതി തുടങ്ങുമ്പോൾ, അത് തടയുവാനും റഷ്യയ്ക്ക് കഴിഞ്ഞെന്നു വരില്ല. യുദ്ധത്തിനിടയിലും യുക്രെയിന് ലഭിക്കുന്ന പ്രധാന വരുമാനം ധാന്യ കയറ്റുമതിയിലൂടെയണ്.

ആതേസമയം, യുക്രെയിൻ 12 ഓളം അമേരിക്കൻ അറ്റ്കമസ് മിസൈലുകൾ തൊടുത്തു വിട്ടെന്നും അവയെ ആകാശത്ത് വെച്ചു തന്നെ വിജയകരമായി നിഷ്‌ക്രിയമാക്കി എന്നും റഷ്യ ടെലെഗ്രാമിലൂടെ വ്യക്തമാക്കി. അതിനു പുറമെ കഴിഞ്ഞ 24 മണിക്കൂറിൽ യുക്രെയിന്റെ 103 ഡ്രോണുകൾ നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. അതിനിടയിൽ, യുക്രെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ റഷ്യ കനത്ത ഷെൽ ആക്രമണം നടത്തിയതായ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഒരു വിനോദ കേന്ദ്രത്തിന് പുറത്ത് നടന്നാ ആക്രമണത്തിൽ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

അതിനിടയിൽ റഷ്യയിലെ ക്രാസ്‌നോഡർ മേഖലയിലെ സ്ലാവ്യാൻസ്‌കിലുള്ള റിഫൈനറിക്ക് നേരെ യുക്രെയിൻ ആക്രമണം നടത്തി. റിഫൈനറിയുടെ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തി വയ്ക്കേണ്ട തരത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം ഒന്നും ഉണ്ടായിട്ടില്ല. ഖാർകീവിന് സമീപം തെക്കൻ അതിർത്തിയിലുള്ള ചില ചെറു പട്ടണങ്ങളിലും റഷ്യ ആക്രമണം നടത്തി. അതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.