ടെഹ്‌റാൻ: അസർബൈജാനോട് ചേർന്ന അതിർത്തിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ. അധിക്ഷേപവും അസഭ്യവും നിറഞ്ഞ സ്വരത്തിലാണ് സമൂഹ മാധ്യമങ്ങളിലൂടെ റബ്ബിമാർ കടുത്ത വിമർശനം ഉന്നയിക്കുന്നത്.

ജൂതർക്കും ഇസ്രയേലിനുമെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളുടെ പേരിലാണ് ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. അധിക്ഷേപ സ്വരത്തിലാണ് റബ്ബിമാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിൻഗാമിയായി പരാമർശിക്കപ്പെടുന്ന ഇബ്രാഹിം റെയ്സിയുടെ മരണം ഇറാന് വലിയ തിരിച്ചടിയാണ്.

മൂന്ന് വർഷമായി ഇറാൻ പ്രസിഡന്റായിരുന്ന റെയ്സി അടുത്ത വർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത ദുരന്തം. പശ്ചിമേഷ്യൻ സംഘർഷം തുടരുകയും ഇസ്രയേലും ഇറാനും തമ്മിലുള്ള രാഷ്ട്രീയ വൈരം മൂർച്ഛിക്കുകയും ചെയ്തതിനിടയിലാണ് അപകടം. മുൻ ചീഫ് ജസ്റ്റിസായിരുന്ന റെയ്സി ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഈയുടെ വിശ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് നിലവിൽ ഇബ്രാഹിം റെയ്സി കരുതപ്പെട്ടിരുന്നത്.

ജൂത മത ഗ്രന്ഥത്തിലെ പ്രതിനായകനായ ഹമാനോടാണ് ഇബ്രാഹിം റെയ്സിയെ ഇസ്രയേയിലുള്ളവർ ഉപമിക്കുന്നത്. റെയ്‌സിയുടെ മരണത്തിൽ ദൈവത്തോട് നന്ദി പറയുന്നതായും റബ്ബിമാർ ഫേസ്‌ബുക്കിൽ എഴുതിയിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതാണ് ഇസ്രയേലിലെ തീവ്ര ദേശീയ വാദികൾക്ക് അവർ ഏറ്റവും വെറുക്കുന്ന നേതാവായി റെയ്‌സി മാറാൻ കാരണം. പുഴ മുതൽ കടൽ വരെ ഫലസ്തീനെന്ന സ്വതന്ത്ര രാജ്യം ഇതളായിരുന്നു ഇബ്രാഹിം റെയ്സിയും ഇറാനും മുന്നോട്ട് വച്ച നിലപാട്.

ഇന്നലെ വൈകിട്ടാണ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാനിലെ വടക്കു-കിഴക്കൻ മേഖലയിൽ തകർന്നു വീണത്. കിഴക്കൻ അസർബൈജാനിനോട് ചേർന്ന അതിർത്തി മേഖലയിലായിരുന്നു അപകടം. ഹുസൈൻ അമിറബ്ദുല്ലയും അപകടത്തിൽ മരിച്ചു. തിരച്ചിലിൽ തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെഡ് ക്രസന്റ് അറിയിച്ചു.

ഇറാൻ-അസർബൈജാൻ അതിർത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് റെയ്സിയും അമിറബ്ദുല്ലയും ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകൾ പ്രസിഡന്റിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി

പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടയിലാണ് ആ ദുരന്തമുണ്ടായത്. ഇന്നലെ വൈകുന്നേരം പ്രദേശിക സമയം ആറ് മണിയോടെയാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും അടക്കം ഒമ്പത് പേർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പിന്നാലെ ഇന്ന്, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവരെല്ലാം മരിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അസർബൈജാനിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ ദുർഘടമായതിനെ തുടർന്ന് തുർക്കിയുടെയും റഷ്യയുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയ ഇറാൻ 12 മണിക്കൂറിന് ശേഷം ഇന്ന് രാവിലെയാണ് ഹെലികോപ്റ്റർ ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്നാണ് അപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന് ഔദ്യോഗികസ്ഥിരീകരണം.

ലോകം രണ്ട് യുദ്ധങ്ങളുടെയും (റഷ്യ/യുക്രൈൻ, ഇസ്രയേൽ/ഗസ്സ) പുതിയ സഖ്യങ്ങളുടെയും നടുവിൽ നിൽക്കുമ്പോഴാണ് റെയ്സിയുടെ വിടവാങ്ങൽ.

കടുപ്പക്കാരനായ നേതാവ്

ഇറാൻ രാഷ്ട്രീയത്തിലെ യാഥാസ്ഥിക-തീവ്രപക്ഷക്കാരനായ നേതാവായാണ് ഇബ്രാഹിം റെയ്സി അറിയപ്പെടുന്നത്. മതത്തിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചയില്ലാത്ത കടുപ്പക്കാരൻ. പരമോന്നത നേതാവായ ഖാംനഈയുടെ പിൻഗാമി. പരമോന്നത നേതാവിനെ കണ്ടെത്താനുള്ള ഉന്നത സമിതി അംഗം. മതപണ്ഡിതൻ എന്ന നിലയിലും ന്യായാധിപൻ എന്ന നിലയിലും അറിയപ്പെടുന്ന റെയ്സി ഭരണകൂടത്തിന് അനഭിമതരായ രാഷ്ട്രീയക്കാരുടെ വധശിക്ഷ നിർണയിക്കുന്ന സമിതി അംഗം കൂടിയായിരുന്നു. ഇറാനിൽ ശക്തമായി തുടരുന്ന മിതവാദ, പുരോഗമന പക്ഷത്തിനോട് കടുത്ത എതിർപ്പു പുലർത്തിയിരുന്ന ഇദ്ദേഹം പരമോന്നത നേതാവ് ഖാം നഈയുടെ പിന്തുണയോടെയാണ് അധികാരത്തിൽ എത്തിയത്.

ഇസ്ലാമിക വിപ്ലവത്തിനു മുമ്പ്, പാശ്ചാത്യ പക്ഷക്കാരനായ മുഹമ്മദ് റിസാ ഷാ പെഹ്ലവി ഇറാൻ ഭരിച്ചിരുന്ന കാലത്താണ് ഇബ്രാഹിം റെയ്സി ജനിക്കുന്നത്. ഷിയാ മതപുരോഹിതരുടെ കുടുംബത്തിൽ പിറന്ന റെയ്സി കുട്ടിക്കാലം മുതൽ മതപഠനത്തിൽ ശ്രദ്ധയൂന്നി. ഇറാനിലെ പ്രമുഖ മതപുരോഹിതരുടെ കീഴിലായിരുന്നു പഠനം. പരമോന്നത നേതാവായ ഖാംനഈയും റെയ്സിയുടെ അദ്ധ്യാപകനായിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ഥാപകനായ ആയത്തുല്ലാ റൂഹുല്ലാ ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിൽ പങ്കാളിയായിരുന്നു റെയ്സി. ഇസ്ലാമിക ഭരണകൂടം വന്നപ്പോൾ ഇറാൻ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി മാറി. പിന്നീട് 14 വർഷം അറ്റോർണി ജനറൽ.

2017-ൽ ഖാംനഈയുടെ ആശീർവാദത്തോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ലിബറൽ പക്ഷക്കാരനും പുരോഗമനവാദിയുമായ ഹസൻ റൂഹാനിയാണ് അന്ന് വിജയിച്ചത്.

എന്നാൽ, നിർണായകമായ ഈ ഘട്ടത്തിൽ പരമോന്നത നേതാവ് ഖാംനഈ റെയ്സിയെ പിന്തുണച്ചു. ഇറാനിൽ പുരാഗമന പക്ഷം ശക്തിപ്രാപിക്കുന്നതിനിടെ റെയ്സിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിച്ചു. ഭരണകൂടത്തിനെതിരായ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ റെയ്സി നേതൃപരമായ പങ്കുവഹിച്ചു. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉന്നത സമിതി അംഗമായി അതിനിടെ അദ്ദേഹം മാറി.

അതോടൊപ്പം വധശിക്ഷയിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്ന സമിതിയുടെ നേതൃത്വത്തിലേക്കും അദ്ദേഹം വന്നു. രാഷ്ട്രീയ എതിരാളികൾക്ക് വധശിക്ഷ വിധിച്ച അനേകം തീരുമാനങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച റെയ്സി ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത ന്യായാധിപനും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയും എന്ന പ്രതിച്ഛായ ഇതോടൊപ്പം വന്നു. അങ്ങനെയാണ് റെയ്സി 2021-ൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ആ തെരഞ്ഞെടുപ്പ് ഒട്ടും സുതാര്യമായിരുന്നില്ലെന്ന വിമർശനം വ്യാപകമായിരുന്നു. തെരഞ്ഞെടുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി എന്നാരോപിച്ച് ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്ന വോട്ടെടുപ്പിൽ കുറഞ്ഞ പോളിങ് ആണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ ഭരണകൂടം അട്ടിമറി നടത്തിയതായി പ്രതിപക്ഷ നേതാക്കൾ വ്യാപകമായി ആരോപിച്ചു.

2021 -ലാണ് 62 ശതമാനം വോട്ടു നേടി ഇബ്രാഹിം റെയ്സി ഇറാൻ പ്രസിഡന്റാകുന്നത്. ഇറാൻ താൽപ്പര്യങ്ങൾക്ക് മുൻതൂക്കമുള്ള ആണവധാരണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടായിരുന്നു റെയ്സിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പക്ഷേ, ഭരണത്തിലേറിയ ശേഷം അദ്ദേഹം ആ നിലപാടുകൾ ഉപേക്ഷിച്ചു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ കടുത്ത നിലപാട് തുടർന്ന അദ്ദേഹം ചൈനയും റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കി. രാജ്യത്ത് മതനിയമങ്ങൾ കർശനമായി നടപ്പാക്കി. മത പൊലീസ് സംവിധാനം ശക്തമാക്കി.

ശരിയായ വിധത്തിൽ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് പിടിച്ച് കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെ 2022 സെപ്റ്റംബർ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്സ അമിനി (ജിന എമിനി) എന്ന യുവതിക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകമെങ്ങും ഇറാന്റെ യാഥാസ്ഥിതിക നിലപാടുകൾക്കെതിരെ പ്രതിഷേധമുയർന്നതിനു പിന്നാലെ, കടുത്ത നിലപാടുകളിൽ നിന്ന് റെയ്സി ഭരണകൂടം പിന്നോട്ടു പോയിരുന്നു. എന്നാൽ, പ്രക്ഷോഭം അവസാനിച്ചപ്പോൾ ഭരണകൂടം സമരനേതാക്കളെ ശക്തമായി അടിച്ചമർത്തി. നിരവധി പ്രമുഖരെ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രതിഷേധങ്ങൾ നിശബ്ദമാക്കുന്നതിൽ റെയ്സി വിജയം കണ്ടു.