ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടുകയാണ് ഏവരും. ബ്രിട്ടണിൽ പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. 8 മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രധാനമന്ത്രി നടത്തുന്നത്. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഇന്ത്യൻ വംശജനായ സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.

അഭിപ്രായ സർവേകളിൽ ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക്കിന്റെ പാർട്ടി പിന്നിലാണ്. ഋഷി സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ട്. പാർട്ടിക്കുള്ളിലും ഋഷിക്ക് എതിർപ്പ് ശക്തമാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം ഋഷിയുടെ ഭാവി രാഷ്ട്രീയത്തേയും ബാധിക്കും. അഭിപ്രായസർവേകളിൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് നിലവിൽ വ്യക്തമായ മേൽക്കൈയുണ്ട്. സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബർ പാർട്ടി നേതാവ് സ്റ്റാർമർ സ്വാഗതം ചെയ്തു. മാറ്റം ഉറപ്പാണെന്നും സ്റ്റാർമർ പ്രതികരിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി കാലത്താണ് അധികാരത്തിൽ ഉണ്ടായിരുന്നതെന്നും, സമ്പദ്ഘടന ശക്തിപ്പെടുത്താൻ തനിക്ക് കഴിഞ്ഞെന്നും സുനക്ക് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഋഷി സുനക് പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോവിഡ് പാൻഡെമിക്, ഫർലോ സ്‌കീം, യുക്രെയ്‌നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമർശിച്ച ശേഷം 'നിങ്ങൾ ആരെയാണ് വിശ്വസിക്കുന്നത്?' എന്ന ചോദ്യമാണ് ഋഷി സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്.

എൻഎച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയിൽ ഉൾപ്പെടെ കൺസർവേറ്റീവ് സർക്കാർ നടപ്പിലാക്കിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് ഋഷി സുനക് പറഞ്ഞത്. മെയ് 3 ന് നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് പ്രതിപക്ഷമായ ലേബർ പാർട്ടി നടത്തിയത്. ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടി കൗൺസിലർമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറൽ ഡെമോക്രറ്റിക് പാർട്ടിയാണ്.

കഴിഞ്ഞ 14 വർഷമായി ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണമാണ്. ഇന്ത്യൻ വംശജനായ സുനക് പാർട്ടിയിലെ നേതൃമാറ്റത്തെ തുടർന്നു രണ്ടു വർഷം മുൻപാണു പ്രധാനമന്ത്രിയായത്. 5 വർഷത്തെ ഇടവേളയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളതെങ്കിലും ആ സമയപരിധിക്കു മുൻപായി പ്രധാനമന്ത്രിക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാം. ബ്രിട്ടനിൽ അവസാനം പൊതുതിരഞ്ഞെടുപ്പു നടന്നത് 2019 ഡിസംബറിലാണ്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനങ്ങൾ ഋഷി സുനക് എടുത്തിരുന്നു. കുടിയേറ്റ നിയന്ത്രണത്തിനായിരുന്നു ഇതെല്ലാം. ഇതു കാരണം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുകെയിൽ ജോലി സാധ്യത കുറഞ്ഞു. ഇതെല്ലാം ഈ തിരഞ്ഞെടുപ്പ് കാലത്ത് ബ്രിട്ടണിൽ ചർച്ചയാകും.