- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത് തികച്ചും അപ്രതീക്ഷിത സമയത്ത്
ലണ്ടൻ: യുകെയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ ഇന്നലെ എല്ലാവരും തിരക്കിയത് എന്തിനായിരുന്നു ഇത്ര തിടുക്കം എന്നായിരുന്നു. ഓക്സ്ഫോർഡിലെ ഇക്കണോമിക്സ് വിദ്യാർത്ഥി ആയിരുന്ന ഋഷി സുനക് ഒരു പക്ഷെ രാഷ്ട്രീയത്തേക്കാൾ കണക്കുകളെ വിശ്വസിക്കുന്നുണ്ടാകാം. പ്രായോഗിക രാഷ്ട്രീയമാണോ കണക്കിലെ കളിയാണോ വിജയിക്കുക എന്നതിന് ജൂലൈ നാല് ഉത്തരം നൽകും. തികച്ചും യാദൃച്ഛികമായി കൃത്യം ഒരു മാസം മുൻപ് ജൂൺ നാലിന് ഇന്ത്യ തങ്ങളുടെ ഭാവി ആരെ ഏൽപിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകുമ്പോഴേക്കും ബ്രിട്ടൻ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കും. ബ്രിട്ടനിൽ ഭരണക്ഷിയായ ടോറികൾ 14 വർഷം പൂർത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക് നടക്കുമ്പോൾ കാര്യങ്ങൾ അത്ര സിംപിൾ ആല്ല.
14 വർഷം മുൻപ് 2010 മെയ് 11നു ഡേവിഡ് കാമറോണിൽ തുടങ്ങി തെരേസ മെയിലൂടെ ബോറിസ് ജോൺസണും ലിസ ട്രെസും കഴിഞ്ഞു അഞ്ചാമനായി ഋഷി സുനക് വരെ എത്തിയ ഭരണ തുടർച്ചക്ക് ഇപ്പോൾ അന്ത്യമാകുമോ? ഏറെക്കുറെ അതിനുള്ള സാധ്യത തെളിയിക്കുകയാണ് പ്രവചന ഫലങ്ങൾ ഒക്കെ. ഈ മാസം ആദ്യം നടന്ന പ്രാദേശിക ഇലക്ഷനിൽ 474 കൗൺസിൽ സീറ്റുകളും പത്തു കൗൺസിൽ ഭരണവും നഷ്ടമായ വമ്പൻ തിരിച്ചടിയുടെ ആക്കം സൃഷ്ടിച്ച ഞടുക്കം മാറാൻ സമയം പോലും നൽകാതെയാണ് ഋഷി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വർഷം മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പലിശ നിരക്ക് കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുക ആണെങ്കിലും തങ്ങളുടെ ചെലവിൽ തിരഞ്ഞെടുപ്പ് ജയിക്കണ്ട എന്ന കണിശ നിലപാടിൽ ഇപ്പോഴും തുടരുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി.
നാണയപ്പെരുപ്പം കൺസർവേറ്റീവ് പാർട്ടി മാനിഫെസ്റ്റോ പറഞ്ഞത് പോലെ അത്ഭുതകരമായി രണ്ടു ശതമാനത്തിൽ എത്തിയത് മാത്രമാണ് നേട്ടമായി മാറുന്നത്. ഋഷി അധികാരം ഏൽക്കുമ്പോൾ നാണയപ്പെരുപ്പം പത്തു ശതമാനത്തിനു മുകളിൽ ആയിരുന്നെങ്കിലും നാണയപ്പെരുപ്പം കുറഞ്ഞതിന്റെ പ്രതിഫലനം ഇപ്പോഴും ജനങ്ങൾക്ക് സാധന വിലയിൽ ബോധ്യപ്പെടുന്നില്ല.
പക്ഷെ നാണയപ്പെരുപ്പം കുറഞ്ഞ കണക്കിൽ പ്രധാനമായും വിശ്വസിച്ചാണ് ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കരുതുന്ന അനേകം ആളുകളുണ്ട്. ഇതോടൊപ്പം ജി 7 രാജ്യങ്ങളിൽ ബ്രിട്ടൻ വമ്പൻ കുതിപ്പ് നടത്തുകയാണ് എന്ന വാർത്തകൾ വന്നതും തിരഞ്ഞെടുപ്പ് പോരിൽ ഗുണം ചെയ്യും എന്നാണ് ടോറികളുടെ ചിന്ത.
ഋഷി ഈ രണ്ടു കാര്യങ്ങളെയും ഒരു എക്കണോമിസ്റ്റ് എന്ന നിലയിൽ അമിതമായി ആശ്രയിക്കുകയാകാം. പക്ഷെ കണക്കിലെ കളികൾ വോട്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. വോട്ടായില്ലെങ്കിൽ ചരിത്രത്തിലെ വമ്പൻ പരാജയമാകും ടോറികൾ കണ്ടു നിൽക്കേണ്ടി വരിക. ഏകദേശം 20 പോയിന്റിലേറെ വ്യത്യാസമാണ് ഇപ്പോൾ ടോറികളും ലേബറും തമ്മിൽ നിലനിൽക്കുന്നത്.
ഇതാദ്യമായി ഒരു മലയാളി മത്സരിക്കുന്നു എന്നതും വിജയ പ്രതീക്ഷയുമായി ആഷ്‌ഫോഡിൽ സോജൻ ജോസഫ് മുന്നേറുകയാണ് എന്ന വാർത്തയും യുകെ മലയാളി സമൂഹത്തിനും ഏറെ ആവേശം സൃഷ്ടിക്കുകയാണ് തിരഞ്ഞെടുപ്പ്.