ലണ്ടൻ: ആകാശയാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഋഷി സുനക്, രാജ്യത്തിനകത്തെ യാത്രകൾക്കും വിമാനങ്ങളെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ട്രെയിനിലോ, റോഡ് മാർഗ്ഗമോ പോകേണ്ടതിനു പകരം ഋഷി പറക്കുന്ന സ്വകാര്യ വിമാനങ്ങൾ പലപ്പോഴും സമ്പന്നർ സ്പോൺസർ ചെയ്യുന്നതായിരിക്കും എന്നും റിപ്പോർട്ടുകളൂണ്ട്. ആകാശയാത്ര പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, തന്റെ ശതകോടീശ്വരൻ എന്ന പ്രതിച്ഛായ മാറ്റുവാൻ ചില നീക്കുപോക്കുകൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തയ്യാറാവുകയാണ്.

കഴിഞ്ഞ ദിവസം ഇൻവേർനെസ്സിൽ ഋഷി എത്തിയതും ഒരു സ്വകാര്യ വിമാനത്തിലായിരുന്നു. എന്നാൽ, ഈസ്റ്റേൺ എയർവേയ്‌സിന്റെ ജെറ്റ്‌സ്ട്രീം 41 ഒരു സാധാരണ വിമനമായിരുന്നു. ബിസിനസ്സ് ക്ലാസ്സ് , ഫസ്റ്റ് ക്ലാസ്സ് സീറ്റുകൾ ഇല്ലാതെ, 29 ഇക്കോണമി സീറ്റുകൾ മാത്രമുള്ള ഒരു സ്വകാര്യ വിമാനം. മാത്രമല്ല, ഈ വിമാനം നിർമ്മിച്ചത് 1993 ൽ ആയിരുന്നെന്ന് രേഖകൾ കാണിക്കുന്നു.

ആന്ന് ഋഷി സുനകിന്റെ പ്രായം 12 വയസ്സ് അല്ലെങ്കിൽ 13 വയസ്സ്. ഈസ്റ്റേണിന്റെ വിമാനങ്ങളിലെ ഏറ്റവും ചെറിയ വിമാനം കൂടിയാണിത്. ഋഷിയുടെ ആഡംബര ജീവിതശൈലി സാധാരണക്കാരെ അകറ്റുകയേയുള്ളു എന്ന് അവസാനം ടോറി ഉപദേശകർ തിരിച്ചറിഞ്ഞു എന്നായിരുന്നു ഇതിനെ കുറിച്ച് ലേബർ പാർട്ടിയുടെ പ്രതികരണം. അതേസമയം അഭിപ്രായ സർവ്വേകളിൽ ഇപ്പോഴും കൺസർവേറ്റീവ് പാർട്ടിയുടെ നില ലേബർ പാർട്ടിക്ക് ഏറെ പുറകിലാണ്. ഇന്നത്തെ നിലയിൽ, ഋഷിക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകുമെന്ന് പറയാൻ കടുത്ത പാർട്ടി ഭക്തന്മാർ പോലും തയ്യാറാകുന്നില്ല.

അതുകൊണ്ടു തന്നെ പല പ്രമുഖരും ഇത്തവണ മത്സരത്തിൽ നിന്നും മാറി നിൽക്കുകയാണ്. മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് മത്സരരംഗത്തും നിന്നും പിന്മാറുന്നതിൽ പ്രമുഖ. അതു കൂടാതെ മൂന്ന് മുൻ ചാൻസലർമാരും മത്സര രംഗത്ത് ഉണ്ടാകില്ല. സജീദ് ജാവിദ്, നദീം സഹാവി, ക്വാസി ക്വാർടെംഗ് എന്നിവരാണ് ഇത്തവണ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച മുൻ ചാൻസലർമാർ. മുൻ ഉപ പ്രധാനമന്ത്രിയും ഫോറിൻ സേക്രട്ടറിയുമായ ഡൊമിനിക് റബ്ബും മത്സരിക്കണമോ എന്ന സംശയത്തിലാണ്. ഇതുവരെ, മത്സരിക്കണ്ട എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

കോപ് 26 ന്റെ പ്രസിഡണ്ട് സർ അലോക് ശർമ്മ, നോർത്തേൺ അയർലൻഡ് സെക്രട്ടറി ക്രിസ് ഹീറ്റൺ, മുൻ ഹെൽത്ത് സെക്രട്ടറിയും ഇപ്പോൾ സ്വതന്ത്ര എം പി യുമായ മാറ്റ് ഹാൻകോക്ക് എന്നിവരും തത്ക്കാലത്തേക്കെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനമെടുത്തവരിൽ പെടും.