- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതന്യാഹൂവിനെതിരെ വാറണ്ട് വരുമോ?
ഹേഗ്: റഫയിലെ ഇസ്രയേൽ നടപടി ഉടൻ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആവശ്യം ഇസ്രയേൽ അംഗീകരിക്കില്ല. ഗസ്സയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിലാണ് നടപടി. ഗസ്സയിലേക്ക് സഹായമെത്തിൽ റഫ അതിർത്തി തുറക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണം. ഗസ്സയിലെ ഫലസ്തീനികളുടെ അവസ്ഥ ദയനീയമാണെന്നും കോടതി വ്യക്തമാക്കി.
ഇസ്രയേലിന്റെ ആക്രമണം ഗസ്സയെ മുഴുവനായും നശിപ്പിച്ചേക്കുമെന്ന് നിരീക്ഷിക്കുന്ന കോടതി, ഇസ്രയേലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾക്ക് ഗസ്സയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും പറയുന്നുണ്ട്. ഈ വിധിയിൽ ഇസ്രയേൽ എടുത്ത നടപടി ഒരു മാസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ഉത്തരവ് ഇസ്രയേൽ അംഗീകരിക്കില്ല. ഇതിൽ ലോകരാഷ്ട്രങ്ങൾക്കും അമർഷമുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനത്തെ ഫലസ്തീൻ അഥോറിറ്റി സ്വാഗതം ചെയ്യുന്നതായി ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇസ്രയേൽ തള്ളി. ഹമാസിനെതിരായ സ്വയം പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്ന് ഇസ്രയേൽ പ്രതികരിച്ചു. കോടതി തീരുമാനത്തിന് ശേഷം മിനിട്ടുകൾക്കുള്ളിൽ തന്നെ റഫ നഗരത്തിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തുകയും ചെയ്തു. ഇതോടെ ഇസ്രയേൽ തങ്ങളുടെ നിലപാട് ആഗോള സമൂഹത്തെ അറിയിക്കുക കൂടിയാണ് ചെയ്തത്.
ഇസ്രയേലിന്റെ നിലനിൽപിനെതിരായ ഹമാസ് നിലപാടിനെ ശരിവയ്ക്കുന്നതാണ് ഉത്തരവെന്ന് ധനമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബെസെലേൽ സ്‌മോട്രിച്ച് ആരോപിച്ചു. ഉത്തരവിനെ സ്വാഗതം ചെയ്ത ഹമാസ്, രാജ്യാന്തര അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചു. ഗസ്സ മുഴുവൻ ദുരിതം അനുഭവിക്കുമ്പോൾ റഫയിൽ മാത്രം ആക്രമണം നിർത്തിയതുകൊണ്ട് കാര്യമില്ലെന്നും ഹമാസ് നേതാവ് ബാസിം നയീം പറഞ്ഞു. ലോകത്തിന്റെ ഏകാഭിപ്രായമാണ് ഉത്തരവിലൂടെ പ്രകടമായതെന്ന് ഫലസ്തീൻ അഥോറിറ്റി പ്രതികരിച്ചു.
ഗസ്സയിലെ കൂട്ടക്കുരുതി തടയണമെന്ന മാർച്ചിലെ ഉത്തരവിനു ശേഷം സ്ഥിതി കൂടുതൽ വഷളാവുകയാണു ചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ 90,000 ഫലസ്തീൻകാർക്ക് കിടപ്പാടം നഷ്ടമായി. റഫയിൽ മരുന്നും വെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് തള്ളുകയാണെങ്കിലും ഇസ്രയേലിനു മേൽ കൂടുതൽ രാജ്യാന്തര സമ്മർദത്തിന് ഉത്തരവ് വഴിയൊരുക്കും.
ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ്, ഹമാസ് നേതാവ് യഹ്യ സിൻവർ അടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ രാജ്യാന്തര ക്രിമിനൽ കോടതിയുടെ (ഐസിസി) പരിഗണനയിലാണ്. ഗസ്സ ആക്രമണം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ഇസ്രയേലിൽതന്നെ കടുത്ത പ്രതിഷേധം പല രാജ്യങ്ങളും ഉയർന്നിട്ടുണ്ട്.
അയർലൻഡ്, നോർവേ, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വംശഹത്യ ഒഴിവാക്കണമെന്ന് ജനുവരിയിലും മാനുഷിക ദുരന്തം തടയണമെന്ന് മാർച്ചിലും ഐസിജെ ഉത്തരവിട്ടിരുന്നു.