ലണ്ടൻ: നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായി ബ്രിട്ടൺ സ്റ്റുഡന്റ് വിസ ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കിയത് വഴി ഇപ്പോൾ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് നാടുകടത്തൽ ഭീഷണി നേരിടുകയാണ്.

2021 മുതൽ തന്നെ നിയമപരമായി ബ്രിട്ടനിൽ താമസിക്കുന്ന ദമ്പതികൾക്ക് കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു കുട്ടി ജനിച്ചത്. മിഡ്‌ലാൻഡ്‌സിൽ ജനിച്ച 13 മാസം പ്രായമുള്ള മാസാ എന്ന കുഞ്ഞാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ബ്രിട്ടനിൽ പി എച്ച് ഡി പഠനത്തിനായി നിയമപരമായി തന്നെ ജോർഡാനിൽ നിന്നും എത്തിയതാണ് കുട്ടിയുടെ പിതാവ്. ഡിപ്പൻഡന്റ് വിസയിൽ നിയമപരമായി തന്നെ അയാളുടെ ഭാര്യയും ബ്രിട്ടനിലെത്തി.

ഇക്കഴിഞ്ഞ ജനുവരിയിൽ അവർ ഒരു ഒഴിവുകാല യാത്രയ്ക്കായി വിദേശത്ത് പോയി തിരിച്ചു വന്നതോടെയാണ് മാസായെ നാടുകടത്തുമെന്ന ഭീഷണി ഉയർന്നത്. ബ്രിട്ടനിൽ നിന്നും യാത്ര തിരിക്കുന്നതിന് മുൻപായി കുഞ്ഞിന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് സ്ഥിരീകരിച്ചില്ല എന്നതാണ് കാരണമായി പറഞ്ഞത് അതുകൊണ്ടു തന്നെ, വിദേശത്ത് പോയി തിരികെ ബ്രിട്ടനിൽ എത്തിയപ്പോൾ ആ കുഞ്ഞിന് ലഭിച്ചത് ടൂറിസ്റ്റ് സ്റ്റാറ്റസ് ആയിരുന്നു. സാങ്കേതികാർത്ഥത്തിൽ ഇത് ശരിയായതിനാൽ ഈ പിഴവ് തിരുത്താൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയാണ്.

തങ്ങളുടെ കുഞ്ഞിനായി ഒരു അശ്രിതവിസയ്ക്ക് മാതാപിതാക്കൾ അപേക്ഷിച്ചു. എന്നാൽ, കുഞ്ഞ് ഉടൻടൈ നാടുവിട്ട് പോകണമെന്നും അതിനു ശേഷം വീണ്ടും ആശ്രിത വിസയ്ക്കായി അപേക്ഷിക്കാം എന്നുമായിരുന്നു ഹോം ഓഫീസിന്റെ മറുപടി. ഇമിഗ്രേഷൻ സിസ്റ്റം കൂടുതൽ വിശ്വാസ്യ യാഓഗ്യമാക്കുവാൻ അത് ആവശ്യമാണെന്നും മറുപടി കത്തിൽ പറയുന്നു. ഹോം ഓഫീസിന്റെ നിലപാട് തങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നു എന്നാണ് മാസയുടെ പിതാാവ് മുഹമ്മദ് പറയുന്നത്.

പ്രാദേശിക എം പി ഇടപെട്ടിട്ടും, ഇവരുടെ നിയമജ്ഞർ വാദങ്ങൾ ഉന്നയിച്ചിട്ടും ഹോം ഓഫീസ് നിലപാട് മാറ്റുന്നില്ല എന്നതാണ് ഇവരെ ഏറെ ആശങ്കയിലാഴ്‌ത്തുന്നത്. മദ്ധ്യപൂർവ്വ ദേശങ്ങളിൽ ഇപ്പോൾ സംഘർഷം നിലനിൽക്കുന്നതിനാൽ, സംഘർഷ ഭൂമിയിലേക്ക് കുഞ്ഞുമായി പോകാൻ തയ്യാറല്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. മാത്രമല്ല, അങ്ങനെ ചെയ്താൽ തന്നെ അപേക്ഷ നിരസിക്കപ്പെട്ടേക്കും എന്നവർ ഭയക്കുന്നു.

പിറന്നു വീണ മണ്ണിൽ നിന്നും കേവലം ഒരു വയസ്സു മാത്രമുള്ളപ്പോൾ നാടുവിട്ട് പോകാൻ ആവശ്യപ്പെട്ടു എന്ന് ഭാവിയിൽ മകളോട് എങ്ങനെ പറയും എന്നാാണ് മുഹമ്മദ് ചോദിക്കുന്നു.