ന്യൂഡൽഹി: ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീന് രാഷ്ട്രപദവിയുമെന്നതാണ് കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സ്‌പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ആഴ്ചതോറും നടക്കുന്ന വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റാഫയിലെ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആളപായമുണ്ടായ സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള സംഘർഷത്തിൽ സാധാരണ ജനതയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും ഞങ്ങൾ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റാഫയിലെ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആളപായമുണ്ടായ സംഭവത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള സംഘർഷത്തിൽ സാധാരണ ജനതയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും ഞങ്ങൾ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'നിങ്ങൾക്കറിയാവുന്നതുപോലെ, 1980-കളുടെ അവസാനത്തിൽ ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്രയേലിനോട് ചേർന്ന് സമാധാനത്തോടെ ജീവിക്കുന്ന, അംഗീകൃതവും പരസ്പര സമ്മതവുമായ അതിർത്തികൾക്കുള്ളിൽ പരമാധികാര- സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ ഞങ്ങൾ ദീർഘകാലമായി പിന്തുണച്ചിട്ടുണ്ട്', രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഗസ്സയിൽ നടക്കുന്ന ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം പകരുകയാണ് ഫലസ്തീനെ അംഗീകരിക്കുന്നതിലൂടെ സ്പെയിൻ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പാർലമെന്റിൽ പറഞ്ഞിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ കൂട്ടക്കൊല നടത്തുകയും ഉഭയകക്ഷി ഉടമ്പടി പ്രകാരം ഉണ്ടാക്കിയ പരിഹാരത്തെ അപകടത്തിലാക്കുകയും ചെയ്തുവെന്നാണ് പെഡ്രോ സാഞ്ചസ് ആരോപിച്ചത്. 'ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത ബലപ്രയോഗത്തിലൂടെ നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കാരണം ഇത് മാത്രമാണ് ന്യായവും സുസ്ഥിരവുമായ പരിഹാരം', അദ്ദേഹം പറഞ്ഞു.

കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി വെസ്റ്റ്ബാങ്കും ഗസ്സയും ചേർന്ന ഭൂപ്രദേശം ഫലസ്തീൻ അഥോറിറ്റി ഭരിക്കണമെന്നതാണ് സ്പെയിനിന്റെ നിർദ്ദേശം. സുരക്ഷിതമായും അയൽക്കാരോട് രമ്യതയിലും കഴിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു എന്നാണ് ഡബ്ലിനിൽ വാർത്താസമ്മേളനം നടത്തിയാണ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കവേ അയർലൻഡിന്റെ പ്രധാനമന്ത്രി സൈമൺ ഹാരിസ് അറിയിച്ചത്. ഗസ്സയിലെ എല്ലാ ബന്ദികളേയും ഉടൻ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീനെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഡബ്ലിനിലെ പാർലമെന്റ് മന്ദിരത്തിനുപുറത്ത് അയർലൻഡ്, ഫലസ്തീൻ പതാകയുമുയർത്തി.