- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിൽ അധികാരം മാറിയാലും കുടിയേറ്റ വിരുദ്ധത തുടരും
ലണ്ടൻ: വരുന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടനിൽ ഭരണമാറ്റം ഉണ്ടായാലും അതുകൊണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായി. ഹെൽത്ത് ആൻഡ് കെയർ വർക്കർമാർ കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം, തങ്ങൾ ഭരണത്തിലെത്തിയാലും എടുത്തു കളയില്ലെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.
ആരോഗ്യ സേവന രംഗം വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം മാറ്റുമെന്നും അതിനായി തദ്ദേശീയരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകുമെന്നും ഷാഡോ സെക്രട്ടറി അറിയിച്ചു. നിയമത്തിൽ മാറ്റം വന്നതിന് ശേഷം, ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഈ വർഷം 76 ശതമാനത്തോളമാണ് കുറവ് വന്നിരിക്കുന്നത്.
നിയമപരമായ കുടിയേറ്റം കുറയ്ക്കുന്നതിൽ തങ്ങളെടുത്ത നടപടികളുടെ വിജയമായാണ് സർക്കാർ ഇതിനെ കാണുന്നത്. എന്നാൽ, ഇത് ഹെൽത്ത് കെയർ മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുൻപായി ഒരു അഭയാർത്ഥിയേയും റുവാണ്ടയിലേക്ക് ആയായ്ക്കില്ല എന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഈ സംഭവ വികാസങ്ങൾ.
വോസ്റ്ററിൽ ഒരു ഇലക്ഷൻ പ്രചാരണ യോഗത്തിൽ സംസാരിക്കവെ, എൻ എച്ച് എസ് ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാണെന്ന് സ്ട്രീറ്റിങ് പറഞ്ഞു. എന്നാൽ, ഈ നിയമം മാറ്റാൻ ലേബർ പാർട്ടി ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ആരോഗ്യ പ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ നിന്നും ഈ രംഗത്തേക്ക് ആളുകളെ റിക്രൂൂട്ട് ചെയ്യുന്നത് അധാർമ്മികയും നൈതികതക്ക് നിരക്കാത്തതുമായ ഒന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ റെഡ് ലിസ്റ്റിൽ വന്ന രാജ്യങ്ങളിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന പതിവ്, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ നിർത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിരവധി സമർത്ഥരായ കുട്ടികൾക്ക് മെഡിസിൻ വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും അത് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ തൊഴിലാളി ക്ഷാമത്തിന് അതാണ് ശാശ്വതമായ പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റ നിരക്ക് കുറയ്ക്കുന്നതിനായി ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ഹെൽത്ത് ആൻഡ് കെയർ വർക്കർമാർ കൂടെ കുടുംബാംഗങ്ങളെയോ ആശ്രിതരെയോ കൊണ്ടു വരുന്നത് നിരോധിച്ചത്.