- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള സമ്മർദ്ദത്തിന് ഇസ്രയേൽ വഴങ്ങുമ്പോൾ
ജറുസലം: ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഫോർമുലയുമായി ഇസ്രയേൽ എത്തുമ്പോൾ പുതു പ്രതീക്ഷ. ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഖത്തർ വഴിയാണ് ഹമാസിനെ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം തുടങ്ങിയ കാര്യങ്ങൾ ആദ്യഘട്ടത്തിൽ നടപ്പാക്കും. ഹമാസിന്റെ പ്രതികരണം ഇനി നിർണ്ണായകമാകും. യുദ്ധം നിർത്താൻ ഹമാസും വിട്ടു വീഴ്ച ചെയ്യുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ നയതന്ത്രശ്രമങ്ങളുടെ ഫലമായാണ് പുതിയ നയതന്ത്ര നീക്കം. ഇസ്രയേൽ നിർദേശിച്ച വെടിനിർത്തൽ വാഗ്ദാനം ഹമാസ് സ്വീകരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമിതാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
ആറാഴ്ച കൊണ്ടു മൂന്നുഘട്ടമായി നടപ്പാക്കാൻ കഴിയുന്ന വെടിനിർത്തൽ പദ്ധതി ബൈഡൻ വിശദീകരിച്ചു. ഇസ്രയേൽ സൈന്യം ഗസ്സയിൽനിന്നു പിന്മാറുകയും ഇതോടൊപ്പം ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ വിട്ടയയ്ക്കുകയുമാണ് ആദ്യഘട്ടം. നൂറുകണക്കിനുള്ള ഫലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുമായി ദിവസേന 600 ട്രക്കുകൾ വീതം ഗസ്സയിലെത്തും. തർക്കങ്ങൾക്കു സ്ഥിരം പരിഹാരമുണ്ടാക്കാൻ ഇസ്രയേലും ഹമാസും ചർച്ച നടത്തുന്നതാണ് രണ്ടാംഘട്ടം. ചർച്ചകൾ തുടരുന്നിടത്തോളം കാലം വെടിനിർത്തലും തുടരും. ഗസ്സയുടെ പുനർനിർമ്മാണമാണു മൂന്നാംഘട്ടം. യുദ്ധം അവസാനിപ്പിക്കാൻ ആഗോള തലത്തിൽ ഇസ്രയേലിൽ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് പുതിയ ഫോർമുല.
യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോർമുല ഇസ്രയേൽ മുന്നോട്ട് വെച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡൻ ഇക്കാര്യം അറിയിച്ചത്. ആറാഴ്ച നീളുന്നതാണ് ആദ്യ ഘട്ടം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ എല്ലായിടങ്ങളിൽ നിന്നും ഇസ്രയേൽ സൈന്യം പിന്മാറും. ഗസ്സയിൽ 600-ഓളം ട്രക്കുകളെത്തിക്കാനും മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് പതിറ്റാണ്ടുകളെടുത്തുള്ള പുനർനിർമ്മാണത്തിന്റെ ആരംഭമായിരിക്കും മൂന്നാം ഘട്ടം. ഇരുകൂട്ടരും വെടി നിർത്തൽ ഉപാധികൾ അംഗീകരിക്കണമെന്നും അമേരിക്കയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ് നിർദേശങ്ങളെന്നും ബൈഡൻ പറഞ്ഞു.
അതിനിടെ വടക്കൻ ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിൽ രണ്ടാഴ്ചയിലേറെ നീണ്ട ആക്രമണം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം പിൻവാങ്ങി. തെക്കൻ ഗസ്സയിൽ റഫ നഗരമധ്യത്തിലെത്തിയ സൈന്യം ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകളും തുരങ്കങ്ങളിൽ ആയുധശേഖരവും കണ്ടെത്തിയതായി അവകാശപ്പെട്ടു. ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങൾ തയ്യാറാണെന്ന് മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇതിലാണ് പ്രതീക്ഷ. എന്നാൽ പുതിയ നിർദ്ദേശങ്ങളോട് ഹമാസ് പ്രതികരിച്ചുമില്ല.
'ഞങ്ങളുടെ ജനങ്ങൾ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേൽ ഇപ്പോഴും വെടിനിർത്തലിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ സഹകരിക്കാൻ ഹമാസും ഫലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ല. എന്നാൽ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കുകയാണെങ്കിൽ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് ഞങ്ങൾ തയ്യാറാണ്. മധ്യസ്ഥ ചർച്ച നടത്തുന്നവരേയും ഞങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്,' പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബൈഡൻ ഫോർമുല പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിൽ 36,000 ഫലസ്തീൻ പൗരമാർ കൊല്ലപ്പെട്ടതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.