ലണ്ടൻ: അഭിപ്രായ സർവ്വേഫലങ്ങൾ എല്ലാം തന്നെ, വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം പ്രഖ്യാപിക്കുമ്പോൾ, പ്രാധാനമന്ത്രി ഋഷി സൂനകിനും ടോറികൾക്കും ആശ്വാസമായി ഒരു സർവ്വേ റിപ്പോർട്ട്. ലോർഡ് ആഷ്‌ക്രോഫിന്റെ ഏറ്റവും പുതിയ സർവ്വേയിൽ പറയുന്നത്, പകുതിയിലധികം വോട്ടർമാരും ഇനിയും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല എന്നാണ്. പൊതു തെരെഞ്ഞെടുപ്പിന് അഞ്ചാഴ്ചയിൽ താഴെ മാത്രം സമയമുള്ളപ്പോഴാണ് ഈ സർവ്വേഫലം പുറത്തു വന്നിരിക്കുന്നത്.

എന്നാൽ, സർവ്വേയിൽ ലേബർ പാർട്ടി 23 പോയിന്റുകൾക്ക് മുന്നിലാണ്. അതായത് ഇനിയൊരു തവണ കൂടി നമ്പർ 10 ൽ എത്താൻ ഋഷിക്ക് ഏറെ ക്ലേശിക്കേണ്ടി വരും എന്ന് ചുരുക്കം. സർവ്വേയിൽ ലേബർ പാർട്ടിക്ക് 47 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ, കൺസർവേറ്റീവുകൾക്ക് ലഭിച്ചത് 24 ശതമാനം മാത്രം.. റിഫോം യു കെക്ക് 11 ശതമാനം വോട്ട് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ബ്രിട്ടീഷ് സമ്പദ്ഘടന നല്ല രീതിയിലെക്ക് ഉയർത്തിക്കൊണ്ടുവരാൻ സർ കീർസ്റ്റാർമറും ഷാഡോ ചാൻസലർ റേച്ചൽ റീവ്‌സുമണ് ഋഷി- ജെറമി ഹണ്ട് കൂട്ടുകെട്ടിനേക്കാൾ നല്ലതെന്നും ജനങ്ങൾ വിശ്വസിക്കുന്നതായി സർവ്വേ പറയുന്നു.

37 ശതമാനം വോട്ടോടെ ലേബർ നേതാവ് തന്നെയാണ് ഏറ്റവും നല്ല പ്രധാനമന്ത്രി എന്ന് ജനങ്ങൾ പറയുന്നു. 19 ശതമാനം പേർ ഋഷി സുനകിനെ പിന്തുണച്ചപ്പോൾ സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ അറിയില്ല എന്ന ഉത്തരമാണ് നൽകിയതെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. 63 ശതമാനം പേർ തെരഞ്ഞെടുപ്പ് ഫലം ലേബർ പാർട്ടിക്ക് അനുകൂലമാകുമെന്ന് പറയുമ്പോൾ വെറും അഞ്ച് ശതമാനം പേർ മാത്രമാണ് ടോറികൾക്ക് തുടർഭരണം ലഭിക്കുമെന്ന് പറയുന്നത്.

സർവ്വേയിൽ പങ്കെടുത്തവരിൽ 42 ശതമാനം പേർ പറഞ്ഞത് അവർ ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്നാണ്. 27 ശതമാനം പേർ പറഞ്ഞാത്, തങ്ങൾക്ക് ഒരു പ്രത്യേക പാർട്ടിയോട് ചായ്വ് ഉണ്ടെങ്കിലും, അവരുടെ തീരുമാനം മാറിയേക്കാം എന്നാാണ്. 13 ശതമാനം പേർ പറഞ്ഞത് അർക്ക് വോട്ട് ചെയ്യണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, വോട്ട് ചെയ്യുമെന്നാണ്. 13 ശതമാനം പേർ വോട്ടു ചെയ്യാതിരുന്നേക്കാം എന്ന് പറയുമ്പോൾ 5 ശതമാനം പേർ പറയുന്നത് അറിയില്ല എന്നാാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, 2019-ൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യുകയും, ഇപ്പോൾ ലേബർ പാർട്ടിയോട് കൂറ് പുലർത്തുകയും ചെയ്യുന്നവരിൽ 54 ശതമാനം പേർ മാത്രമാണ് തങ്ങൾ ആരക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയുന്നത് എന്നതാണ്. ജൂലാ 4 ന് മുൻപായി ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ തന്നോട് അടുപ്പിക്കാൻ ഋഷി സുനകിന് കഴിയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.