- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺസർവേറ്റീവ് പാർട്ടി നിശ്ശേഷം തുടച്ചു നീക്കപ്പെടുമെന്ന് ഫലം
ലണ്ടൻ: ബ്രിട്ടണിൽ ഋഷി സുനകിന്റെയും ടോറികളുടെയും സ്വപ്നങ്ങൾക്ക് മേൽ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ഏറ്റവും പുതിയ സർവ്വേഫലം. ലേബർ പാർട്ടി 500 ഓളം സീറ്റുകളിൽ വിജയിക്കും എന്നാണ് സർവ്വെ പറയുന്നത്. വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ മെഗ സർവ്വേയിൽ 10,000 ൽ അധികം ആളുകളായിരുന്നു പങ്കെടുത്തത്. 476 നും 493 നും ഇടയിൽ സീറ്റുകൾ ലേബർ പാർട്ടി നേടും എന്നാണ് സർവ്വേഫലം പറയുന്നത്.
ഇലക്ടറൽ കാൽക്കുലസും, ഫൈൻഡ് ഔട്ട് നൗ ഉം ചേർന്ന് നടത്തിയ സർവ്വേ ഫലം ഡെയ്ലി മെയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി, അപഹാസ്യമാം വിധം ചെറിയ ന്യൂനപക്ഷമായി മാറുമെന്നും സർവ്വേഫലം പറയുന്നു. 66 മുതൽ 72 സീറ്റുകൾ വരെയാണ് ടോറികൾക്ക് നേടാനാവുക. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി കാഴ്ച വയ്ക്കുക. ലേബർ പാർട്ടിക്ക് 300 ൽ അധികം സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും.
1997 - സർ ടോണി ബ്ലെയറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി 419 സീറ്റുകൾ നേടിയിരുന്നു. അതിനെയും കവച്ചുവയ്ക്കുന്ന ഫലമായിരിക്കും ഇത്തവണ. മാത്രമല്ല, ആധുനിക പാർലമെന്റ് ചരിത്രത്തിൽ, ഏതൊരു പാർട്ടിയും നേടിയ വിജയത്തേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇത്തവണ ലേബർ പാർട്ടിയെ കാത്തിരിക്കുന്നതെന്നും സർവ്വേ പറയുന്നു. ഇത് ഒരു യാഥാർത്ഥ്യമായി മാറുകയാണെങ്കിൽ, അടുത്ത പത്ത് വർഷത്തേക്ക് ലേബർ പാർട്ടിയായിരിക്കും ബ്രിട്ടൻ ഭരിക്കുക. ഇത്രയധികം ഭൂരിപക്ഷം നേടിയ ഒരു പാർട്ടിക്കും തുടർഭരണം കിട്ടാതെ വന്നിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
കൺസർവേറ്റീവ് പാർട്ടിയിൽ, പരാജയപ്പെടുന്നവരിൽ പതിനെട്ട് ക്യാബിനറ്റ് മന്ത്രിമാരും ഉണ്ടാകും എന്നാണ് പ്രവചനം. ഉപ പ്രധാനമന്ത്രി ഒലിവർ ഡൗഡെൻ, ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി, ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവർ പരാജയത്തിന്റെ കയ്‌പ്പ് നീർ കുടിക്കും. ഇടതുപക്ഷ വോട്ടർമാരുടെ ശക്തികേന്ദ്രമായ 'റെഡ് വാൾ' മേഖലയിലും, മിഡ്‌ലാൻഡ്‌സിലും വടക്കൻ ഇംഗ്ലണ്ടിലും ലേബർ പാർട്ടിയും റിഫോം യു കെയും ടോറികളെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളുമ്പോൾ, കൺസർവേറ്റീവ് ശക്തികേന്ദ്രമായ 'ബ്ലൂ വാൾ' മേഖലയിൽ ലിബറൽ ഡെമോക്രാറ്റുകളായിരിക്കും ടോറികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുക എന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
റീഫോം പാർട്ടി സീറ്റുകൾ നേടുമെന്ന് സർവ്വേഫലം കാണിക്കുന്നില്ലെങ്കിലും, 12 ശതമാനം വരെ വോട്ടുകൾ നേടുമെന്നാണ് കാണിക്കുന്നത്. വലതു ചായ്വുള്ള വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാൻ ഇതുകൊണ്ട് സാധിക്കും. അത് പരോക്ഷമായി ലേബർ പാർട്ടിയെ സാഹായിക്കുകയും ചെയ്യും. അതേസമയം 10 ശതമാനം വരെ വോട്ട് നേടാൻ സാധ്യതയുള്ള ലിബറൽ ഡെമോക്രാറ്റുകൾക്ക് 39 മുതൽ 59 സീറ്റുകൾ വരെ നേടാനായേക്കും എന്നാണ് സർവ്വേഫലം പറയുന്നത്.
റീഫോം പാർട്ടിയുടേതിന് വിരുദ്ധമായി ലിബറൽ ഡെമോക്രാറ്റുകളുടെ വോട്ടുകൾ രാജ്യത്താകെയായി വ്യാപിച്ചു കിടക്കാതെ ചില കേന്ദ്രങ്ങളിലായി ഒതുങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.