- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണക്കാരോട് സംസാരിച്ച് സുനക്
ലണ്ടൻ: രാഷ്ട്രീയ കാലാവസ്ഥ ഏറെ പ്രതികൂലമായി നിൽക്കുമ്പോഴും, ഒറ്റക്ക് ഒരു യുദ്ധം നയിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൂടുതൽ വോട്ടർമാരുമായി നേരിട്ട് സംവേദിക്കാനാണ് ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ഒഴിവാക്കി ഋഷി ഒറ്റക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.പല പ്രചാരണവേദികളും, ടോറി പ്രമുഖർ ഇല്ലാതെ ഋഷി ഏകനായാണ് പ്രത്യക്ഷപ്പെടുന്നത്. ശനിയാഴ്ച മുതൽ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും പ്രചാരണം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു.
ലേബർ നേതാവ് സർ കീർ സ്റ്റാർമർക്കൊപ്പം പാർട്ടിയുടെ ഉപനേതാവ് എയ്ഞ്ചല റെയ്നാറും, ഷാഡോ ചാൻസലർ റേച്ചൽ റീവ്‌സും ഉണ്ടാകുമ്പോൾ, ഋഷി ഏകനായാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. വെയ്ൽസിൽ ഡേവിഡ് ടി സി ഡേവിസ്, നോർത്തേൺ അയർലൻഡിൽ ക്രിസ് ഹീറ്റൺ ഹാരിസ് എന്നിവർ മാത്രമായിരുന്നു ഋഷിക്കൊപ്പം ചേർന്നത്. മുൻ നിര നേതാക്കളായ ജനപ്രതിനിധി സഭ നേതാവ് പെന്നി മോർഡൗണ്ട്, ബിസിനസ്സ് സെക്രട്ടറി കെമി ബേഡ്‌നോക്ക്, ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരൊക്കെ അവരുടെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയരായി.
ഫോറിൻ സെക്രട്ടറി ലോർഡ് കാമറൂൺ ഇറ്റലിയിൽ ഒഴിവുകാലം ആഘോഷിക്കുകയണ്. ലെവെലിങ് അപ് സെക്രട്ടറി മൈക്കൽ ഗോ ആണെങ്കിൽ മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ച് അണിയറയിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ, ഇതൊരു ബോധപൂർവ്വമായ തീരുമാനമല്ലെന്നും, അധികം വൈകാതെ മറ്റ് നേതാക്കൾ ഋഷി സുനകിനൊപ്പം പ്രചാരണത്തിനിറങ്ങുമെന്നും നമ്പർ 10 വൃത്തങ്ങൾ അറിയിച്ചു. ലേബർ പാർട്ടി അവരുടെ കൗൺസിലർമാരും ജീവനക്കാരുമായും സംവേദിക്കുമ്പോൾ, ഋഷി സംവേദിക്കുന്നത് യഥാർത്ഥ വോട്ടർമാരോടാണ് എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ശരത്ക്കാലമെത്തുന്നതു വരെ കാത്തിരിക്കാതെ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ ഋഷിയോട് അമർഷമുള്ളവർ ഉണ്ട്. പല മന്ത്രിമാർക്കും എം പിമാർക്കും ഈ നടപടിയോട് കടുത്ത വിയോജിപ്പുമുണ്ട്. അതുകൊണ്ടു തന്നെ ഋഷി സുനകിനൊപ്പം ചേരാൻ പാർട്ടി നേതാക്കൾ മടിക്കുകയാണോ എന്ന തോന്നലും ഉയർന്നു കഴിഞ്ഞു.