ലണ്ടൻ: ഇന്ത്യയിൽ റിസൾട്ട് വന്നത് വലിയ പ്രതീക്ഷകളോടെയാണ് ബ്രിട്ടനിലെ രാഷ്ട്രീയ വിദഗ്ധരും നയതന്ത്രജ്ഞരും വിലയിരുത്തുന്നത്. പ്രത്യേകിച്ചും ബ്രിട്ടനിൽ അടുത്ത മാസം ഇതേ തീയതിയിൽ പുതിയ സർക്കാരിനെ കണ്ടെത്താൻ കാത്തിരിക്കവെ ലോകത്തെ ശക്തമായ ജനാധിപത്യ രാജ്യത്തെ ഓരോ ചെറിയ മാറ്റവും അന്താരഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന വിലയിരുത്തലാണ് ഇപ്പോൾ എത്തുന്നത് . പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും മാസമായി ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഇഴയുന്ന സാഹചര്യത്തിൽ.

ബ്രിട്ടനിൽ പുതിയ സർക്കാർ എത്തും എന്ന ചിന്ത ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ അൽപം കാത്തിരിക്കാം എന്ന ചിന്തയാണ് ഇന്ത്യൻ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ തന്നെ അധികാരത്തിൽ കടന്നു വരും എന്ന ചിന്ത ശക്തമായ സാഹചര്യത്തിലാണ് ബ്രിട്ടനുമായുള്ള കരാറുകളും മറ്റും ഒപ്പിടുന്നതിൽ ഡൽഹിയിൽ നിന്നും അമാന്തം തുടങ്ങിയത്. എന്തായാലും ബ്രിട്ടനിൽ പുതിയ സർക്കാർ എത്തുമ്പോൾ നയപരമായ കാര്യങ്ങളിൽ പുതിയ തടസങ്ങൾ ഉണ്ടാകും എന്ന നിഗമനത്തിലാണ് ഈ അമാന്തം ശക്തമായത്.

ഇനി വിട്ടുവീഴ്ചകളുടെ രാഷ്ട്രീയം, ഭരണത്തിലും പ്രതിപക്ഷത്തിലും

എന്നാൽ മാറിയ സാഹചര്യത്തിൽ ഇന്ത്യയിലും വിട്ടു വീഴ്ചകളുടെ കാലമാണ് എത്തുന്നത്. വമ്പൻ ഭൂരിപക്ഷം പ്രതീക്ഷിച്ച ബിജെപി മുന്നണിയെ നിരാശപ്പെടുത്തി കൂട്ടുകക്ഷികളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിലാകും പുതിയ മോദി സർക്കാർ അധികാരത്തിൽ എത്തുക. വിദേശ കാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ബിജെപിയുടെ കൈകളിൽ തന്നെ ആയിരിക്കുമോ എന്ന കാര്യത്തിലും ഉറപ്പൊന്നുമില്ല. വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ നിർണായക ചുമതല ഉണ്ടാകുന്ന വാണിജ്യ കാര്യ വകുപ്പ് ഏതു പാർട്ടിയാകും നിയന്ത്രിക്കുക എന്നതും പ്രധാനമാണ്.

ബ്രക്സിറ്റിനു ശേഷം കച്ചവട ബന്ധം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ബ്രിട്ടൻ ഇപ്പോൾ ഇന്ത്യയെ അമിതമായി ആശ്രയിക്കുന്നത്, എന്നാൽ കൂട്ടു കക്ഷികളെ അമിതമായി ആശ്രയിച്ചാൽ വാണിജ്യ വകുപ്പ് പോലെയുള്ള പല പ്രധാന വകുപ്പുകളും ബിജെപിക്ക് വിട്ടു നൽകേണ്ടി വരും. അതിനാൽ പുതുതായി എത്തുന്ന സർക്കാരിനെ ബ്രിട്ടനിലെ വിദഗ്ധരും ഇപ്പോൾ ആശങ്കയോടെയും അതേസമയം പ്രതീക്ഷയോടെയും ആണ് കാണുന്നത്. ബിജെപി സർക്കാരിൽ ചെറുകക്ഷികൾ ഇത്തരം വകുപ്പുകൾ കൈക്കലാക്കിയാൽ ലോബിയിങ് കൂടുതൽ അനായാസം ആയിരിക്കും എന്നാണ് വിദേശ ശക്തികളുടെ പ്രതീക്ഷ.

ഇന്ത്യ കൂടുതൽ ആരോഗ്യമുള്ള ജനാധിപത്യത്തിലേക്ക്

അതിനിടെ ആരോഗ്യമുള്ള ജനാധിപത്യം എന്ന നിലയിൽ ശക്തമായ പ്രതിപക്ഷം ഉണ്ടായതും ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങളെ ആഹ്ലാദിപ്പിക്കുകയാണ്. നിർണായക സാഹചര്യത്തിൽ വിദേശകാര്യ തീരുമാനങ്ങൾ എടുക്കുമ്പോൾ കുറച്ചു കൂടി ബാലൻസിങ് ആയ തരത്തിൽ ഇന്ത്യയുടെ പ്രതികരണം ഉണ്ടാകാൻ ശക്തമായ പ്രതിപക്ഷം സഹായിക്കും എന്നാണ് വിലയിരുത്തൽ. ഉക്രൈൻ പ്രതിസന്ധി ഉണ്ടായപ്പോൾ ഇന്ത്യ ഏകപക്ഷീയമായി റഷ്യക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത് ബ്രിട്ടൻ ഉൾപ്പെടെയുള്ള വൻശക്തികളെ വലിയ തോതിൽ നിരാശരാക്കിയിരുന്നു. വിദേശ ശക്തികൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ എണ്ണ വാങ്ങി റഷ്യയെ സഹായിക്കാൻ എത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ഐക്യ രാഷ്ട്ര സഭയിലും വിഷയം എത്തി.

എന്നാൽ ഇന്ത്യ വാങ്ങിയ ഈ എണ്ണ തന്നെയാണ് പിന്നീട് ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾ വാങ്ങിയത് എന്നതും കൗതുകമായി. ഈ നിലപാടില്ലായ്മ ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളെ പരിഹാസ്യരാക്കുകയും ചെയ്തിരുന്നു. അതിനാൽ അത്തരം സാഹചര്യങ്ങളിൽ ഇന്ത്യയിൽ നിന്നും കൂടുതൽ ഗൗരവമുള്ള സമീപനം ഉണ്ടാകാൻ ശക്തമായ പ്രതിപക്ഷ നിര സഹായകമാകും എന്നാണ് പടിഞ്ഞാറൻ നാടുകളുടെ പ്രതീക്ഷ. വിദേശകാര്യം ബിജെപി തന്നെ കൈക്കൽ വയ്ക്കുമെങ്കിലും പാർലിമെന്റിൽ നടക്കുന്ന ചർച്ചകളിൽ പലപ്പോഴും ഇന്ത്യയിലെ പുതിയ സർക്കാരിന് വിട്ടുവീഴ്ചകൾ വേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രതിപക്ഷ നിരയിലെ പ്രധാനി രാഹുൽ ഗാന്ധി തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

മോദിയുടെ വ്യക്തിപ്രഭാവം മങ്ങി, പ്രതിപക്ഷത്തിന്റേതു ത്രസിപ്പിക്കുന്ന വിജയം
മോദി സർക്കാരിന്റെ സ്ഥിരം വിമർശകരായി മാറുന്ന ബിബിസി ഇന്നലെയും അക്കാര്യം അടിവരയിടുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് വിജയ വാർത്തകൾ നൽകിയത്. മഹാവിജയം ലക്ഷ്യമിട്ടിരുന്ന മോദിയുടെ വ്യക്തി പ്രഭാവം ഇല്ലാതായി എന്ന മട്ടിലാണ് ബിബിസി വാർത്ത അവതരണം നടത്തിയത്. വമ്പൻ ഭൂരിപക്ഷം എങ്ങനെ ഇല്ലാതായി എന്ന ചോദ്യം തീർത്തുള്ള തലക്കെട്ടാണ് ബിബിസി ഓൺലൈനിൽ നൽകിയത്. മോദിക്ക് വ്യക്തിപരമായ തിരിച്ചടിയാണ് ഇലക്ഷൻ റിസൾട്ട് എന്ന് ബിബിസി അടിവരയിട്ടു പറയുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതൽ പ്രധാനമന്ത്രി ആയപ്പോഴും മോദി സുഖകരമായ ഭൂരിപക്ഷത്തിലാണ് ഭരണ നിർവഹണം നടത്തിയിട്ടുള്ളതെന്നും ബിബിസി ഓർത്തെടുക്കുന്നു.

അതിനാൽ നേരിയ ഭൂരിപക്ഷത്തിൽ ഭരിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ആത്മസംഘർഷം എങ്ങനെ ബിജെപി കൈകാര്യം ചെയ്യും എന്നത് കണ്ടറിയണം എന്ന സൂചനയും റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിനൊപ്പം തന്നെ പ്രതിപക്ഷം നേടിയ ത്രസിപ്പിക്കുന്ന വിജയവും റിപ്പോർട്ട് എടുത്തു കാട്ടുന്നു. തുടർച്ചയായ പത്തു വർഷത്തിന് ശേഷം നേരിടുന്ന തിരഞ്ഞെടുപ്പിൽ ലോകമെങ്ങും നേതാക്കൾ നേരിട്ട പ്രതിസന്ധി തന്നെയാണ് ഇപ്പോൾ മോദിയെയും തേടി എത്തിയതെന്നും ബിബിസി ഇടയ്ക്ക് സമാശ്വസിപ്പിക്കുന്നുമുണ്ട്. കൂട്ടത്തിൽ 50 ലേറെ എംപിമാരെ നഷ്ടമായ സാഹചര്യം അവരുടെ ആത്മവിശ്വാസത്തെ നന്നായി ഇളക്കും എന്ന മുന്നറിയിപ്പും ബിബിസി നൽകുന്നുണ്ട്.