- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനക് ജയിക്കുമോ?
ലണ്ടൻ: റിഫോം യു കെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള നൈജൽ ഫരാജിന്റെ തിരിച്ചു വരവ് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകിയതായി സർവ്വേഫലങ്ങൾ തെളിയിക്കുന്നു. ഏറ്റവും പുതിയ പോളിൽ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയേക്കാൾ വെറും രണ്ട് പോയിന്റിന് മാത്രമാണ് അവർ പുറകിൽ. ഇതോടെ, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ ഋഷി സുനകിന് മേൽ സമ്മർദ്ദം ഏറുകയാണ്.
ഏറ്റവും പുതിയ യുഗോ പോളിൽ കൺസർവേറ്റീവ് പാർട്ടിയുടെ പിന്തുണ 19 ശതമാനമായി തുടരുമ്പോൾ റിഫോം യു കെ യുടേത് 17 ശതമാനമായി ഉയർന്നു. ഇതുവരെയുള്ള അഭിപ്രായ സർവ്വേകളിൽ റിഫോം യു കെ യക്ക് ലഭിച്ച ഏറ്റവും ഉയർന്ന സ്‌കോറാണിത്. താൻ ഒരിക്കൽ കൂടി പാർട്ടി നേതൃത്വം ഏറ്റെടുക്കുകയാണെന്നും, വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഫരാജെ പ്രഖ്യാപിച്ചതിനു പുറകെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ ഐ ടി വി ലീഡേഴ്സ് ഡിബേറ്റിൽ ഋഷി സുനക് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ, ഇപ്പോൾ പുറത്തു വന്ന സർവ്വേഫലം നമ്പർ 10 നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിറങ്ങിയ ഒട്ടു മിക്ക അഭിപ്രായ സർവ്വേ ഫലങ്ങളും സൂചിപ്പിക്കുന്നത് ജൂലായ് 4 ന് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ടോറികൾ ഏതാണ്ട് വംശനാശം സംഭവിക്കുന്നതിന് അടുത്തെത്തും എന്നാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭ ഘട്ടത്തിൽ, കൺസർവേറ്റീവ് പാർട്ടി വിട്ട്, റിഫോം യു കെയിലേക്ക് പോയ അണികളെ തിരികെ കൊണ്ടുവരുന്നതിന് ഋഷി സുനക് ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ പോൾ ഫലം കാണിക്കുന്നത് ഫരാജെയുടെ തിരിച്ചു വരവ് ഋഷിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു എന്നാണ്. പാർട്ടികളുടെ ജനസമ്മതി അളക്കാൻ പുതിയ മെത്തഡോളജി സ്വീകരിച്ചതിനാൽ ലേബർ പാർട്ടിയുടെ സ്‌കോർ 21 പോയിന്റുകൾ കുറച്ചിട്ടുണ്ട്. എന്നാൽ, പുതിയ മെത്തഡോളജി പ്രകാരം ടോറികളുടെയും റിഫോം യു കെയുടെയും പോയിന്റുകൾ മാറ്റമില്ലാതെ തുടരുമെന്നും യൂഗോ സ്ഥിരീകരിച്ചിട്ടുണ്ട്
അതിനിടയിൽ, നാളെ, വെള്ളിയാഴ്ച രാത്രിയിൽ ബി ബി സിയിൽ ഫരാജെയും, ലേബർ പാർട്ടി ഉപനേതാവ് ഏയ്ഞ്ചല റെയ്നറും, കാബിനറ്റ് മന്ത്രി പെന്നി മോർഡൗണ്ടും ഡിബേറ്റിൽ പരസ്പരം പോരാടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഡിബേറ്റ് വൈകിട്ട് 7.30 ന് ആയിരിക്കും ആരംഭിക്കുക.തീപാറുന്ന ഡിബേറ്റായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ലിബറൽ ഡെമോക്രാറ്റ് ഉപനേതാവ് ഡെയ്‌സി കൂപ്പർ, എസ് എൻ പി നേതാവ് സ്റ്റീഫൻ ഫ്‌ളിൻ, ഗ്രീൻ പാർട്ടി നേതാവ് കാർല ഡെൻയെർ, പ്ലെയ്ഡ് സൈമ്രു പ്രതിനിധി റൻ എന്നിവരും ഡിബേറ്റിൽ പങ്കെടുക്കും.