ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടി മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുപ്രീം കോടതിയിൽ. അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം തന്നെ വേട്ടയാടുകയാണെന്നും ജയിലിൽ തന്നോട് മോശമായി പെരുമാറിയതായും സുപ്രീം കോടതിയിൽ ഇമ്രാൻ ഖാൻ പരാതിപ്പെട്ടു.

നാഷണൽ അക്കൗണ്ടബിലിറ്റി ഓർഡിനൻസ് (എൻഎഒ) ഭേദഗതിയുമായി ബന്ധപ്പെട്ട കേസിൽ പാക്കിസ്ഥാൻ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഇസയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന് മുന്നിൽ വ്യാഴാഴ്ച ഹാജരായപ്പോഴാണ് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ പരാതി നൽകിയത്. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസിൽ പെടുത്തി ജയിലിൽ അടച്ചത് ചൂണ്ടിക്കാട്ടിയാണ് ഇമ്രാൻ ഖാൻ പരാതി ഉന്നയിച്ചത്. ഫെബ്രുവരി 8 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ നിന്ന് തന്നെ മാറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമമാണ് അഞ്ച് ദിവസത്തിനുള്ളിൽ ശിക്ഷിക്കപ്പെട്ടതെന്ന് 71 കാരനായ ഖാൻ വാദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കെജ്രിവാളിന് ഇന്ത്യയുടെ സുപ്രീം കോടതി ജാമ്യം അനുവദിച്ചത് താരതമ്യം ചെയ്തായിരുന്നു തനിക്ക് നേരിട്ട അനീതി തുറന്നു കാണിച്ചത്.

ജാമ്യം ലഭിച്ചതോടെ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിന് കെജ്രിവാളിനെ പ്രാപ്തനാക്കിയെന്നും എന്നാൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെ കൂടുതൽ അടിച്ചമർത്തിക്കൊണ്ട് പാക്കിസ്ഥാൻ അപ്രഖ്യാപിത 'സൈനിക നിയമ'ത്തിന് വഴിയൊരുക്കിയെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

ജസ്റ്റിസുമാരായ അമിനുദ്ദീൻ ഖാൻ, ജമാൽ ഖാൻ മണ്ടോഖേൽ, അതർ മിനല്ല, സയ്യിദ് ഹസൻ അസ്ഹർ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് ഇമ്രാൻ ഖാന്റെ കേസ് പരിഗണിച്ചത്. ദശലക്ഷക്കണക്കിന് അനുഭാവികളുള്ള ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയെ നയിച്ചിട്ടും ഖാൻ ജയിലിലായതിന്റെ ദൗർഭാഗ്യത്തെ അംഗീകരിച്ച് ജസ്റ്റിസ് മിനല്ല സഹതാപം പ്രകടിപ്പിച്ചു.

കേസ് തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള ഖൈബർ പഖ്തൂൺഖ്വ സർക്കാരിന്റെ അഭ്യർത്ഥന സുപ്രീം കോടതി നിരസിച്ചതിൽ നിരാശ പ്രകടിപ്പിച്ച ഖാൻ, താൻ രാഷ്ട്രീയ നിലപാടുകളെ ഇല്ലായ്മ ചെയ്യാൻ ഗൂഢാലോചന നടക്കുന്നതായും ആരോപിച്ചു.

എന്നാൽ ഒരു ജഡ്ജി തങ്ങളുടെ വിധികൾ വിശദീകരിക്കേണ്ടതില്ലെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് ഈസ, പകരം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാൻ ഖാനെ ഉപദേശിച്ചു. എൻഎബി ഭേദഗതികൾ അസാധുവാക്കാൻ ന്യായീകരണമില്ലെന്ന് ജസ്റ്റിസ് മിനല്ല വ്യക്താക്കി.

തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ ഉദ്ധരിച്ച് പിടിഐ സ്ഥാപകൻ എൻഎബിയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഗൂഢാലോചനയിലൂടെ തന്റെ സർക്കാരിനെ അട്ടിമറിച്ചതായി ഖാൻ മറുപടി നൽകി,

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നൽകിയ ജയിൽ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്താനും ഖാൻ ആവശ്യപ്പെട്ടു. മറുപടിയായി, ജസ്റ്റിസ് മണ്ടോഖെൽ, ഷരീഫ് ഇപ്പോൾ ജയിലിൽ ഇല്ലെന്ന് തമാശരൂപേണ കുറിച്ചു, അദ്ദേഹത്തെ തടവിലാക്കാൻ ഖാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഖാന്റെ ജയിൽ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു ജുഡീഷ്യൽ ഓഫീസറുടെ അപ്രതീക്ഷിത സന്ദർശനത്തിന് നിർദ്ദേശം നൽകുന്നതായും ചീഫ് ജസ്റ്റിസ് ഈസ സെഷൻ ഖാൻ വ്യക്തമാക്കി.