പുഗ് ലിയ: ജി-7 ഉച്ചകോടിക്ക് ഇറ്റലിയിലെ പുഗ് ലിയയിൽ തുടക്കമായപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 81 കാരനായ ബൈഡൻ, ആദ്യം ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോണിയെ സല്യൂട്ട് ചെയ്യുന്നതാണ് ഒരുവീഡിയോ. ലോക നേതാക്കൾ പാരച്യൂട്ട് പ്രകടനം വീ്ക്ഷിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ. ബൈഡൻ ഒന്നുമറിയാത്ത പോലെ മറുവശത്തേക്ക് നടന്നുപോകുന്നതും മെലോനി ബൈഡനെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു വരുന്നതുമാണ് രണ്ടാമത്തെ വീഡിയോ.

പ്രായാധിക്യവും മറവി രോഗവും ബൈഡന്റെ പൊതുവേദിയിലെ പ്രകടനങ്ങളെ ബാധിക്കുന്നതായ വിമർശനങ്ങൾക്ക് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. വിശേഷിച്ചും യുഎസിൽ 2024 തിരഞ്ഞെടുപ്പ് വർഷമായിരിക്കെ. ഉച്ചകോടിയിൽ, മെലോനി ബൈഡനെ സ്വാഗതം ചെയ്്ത ശേഷം അദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്നത് കാണാം.

പിന്നീട്, യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുടെ നേർക്കും ബൈഡൻ ഇതേ സല്യൂട്ട് അടിക്കുന്നത് കാണാം.

വീഡിയോ കണ്ട പലരും ബൈഡന് എതിരെ വിമർശനം ചൊരിയുന്നുണ്ട്. സാധാരണഗതിയിൽ, യുഎസ് പ്രസിഡന്റെ തന്റെ രാജ്യത്തെ സൈന്യത്തെയാണ് ഇത്തരത്തിൽ സല്യൂട്ട് ചെയ്യാറുള്ളത്. ജി 7 ഉച്ചകോടിയുടെ ആദ്യ ദിവസം വൈകിയാണ് ബൈഡൻ എത്തിയത്. 'ഒരു സ്ത്രീയെ കാത്തുനിർത്തരുത് എന്നുപറഞ്ഞ് മെലോണി ബൈഡനെ ചെറുതായി കളിയാക്കുകയും ചെയ്തു. പിന്നീട് പാരച്യൂട്ട് അഭ്യാസ പ്രകടനത്തിനിടെയാണ് ബൈഡന് വീണ്ടും അബദ്ധം പിണഞ്ഞത്.

വിവിധ രാജ്യങ്ങളുടെ പതാകകളുമേന്തി പാരട്രൂപ്പർമാർ നടത്തിയ അഭ്യാസ പ്രകടനം കാണാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയ നേതാക്കൾക്കൊപ്പം ബൈഡനും എത്തിയിരുന്നു.

മറ്റുനേതാക്കൾ പ്രകടനം കാണുന്നതിനിടെ, ബൈഡൻ കൂട്ടം തെറ്റിയ പോലെ ബാഗ് പാക്ക് ചെയ്യുകയായിരുന്ന പാരച്യൂട്ടിസ്റ്റിനോട് സംസാരിക്കാനായി മറുവശത്തേക്ക് നടന്നുനീങ്ങി. ഇത് ശ്രദ്ധയിൽ പെട്ട മെലോനി ബൈഡനെ കൈ പിടിച്ച് വീണ്ടും നേതാക്കളുടെ അടുത്തേക്ക് ഫോട്ടോയ്്ക്ക് പോസ് ചെയ്യാൻ എത്തിക്കുകയായിരുന്നു.

ബൈഡന്റെ മറവി രോഗമാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിമർശകർ ആരോപിക്കുന്നത്.

ഫ്രാൻസിൽ ഡി ഡേ ആഘോഷങ്ങൾക്കിടെ മറ്റുവിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ തന്റെ കസേര തപ്പുന്ന ബൈഡന്റെ വീഡിയോയും സമീപകാലത്ത് വൈറലായിരുന്നു. എന്നാൽ, ഈ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് പിന്നീട് പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.