- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: 2016 ന് ശേഷം ജർമനിയിലെത്തുന്ന അഭയാർത്ഥികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം ലഭിച്ചത് 3,51,000 അപേക്ഷകളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതായത്, യു കെയിലേക്ക് എത്തുന്നതിന്റെ നാലിരട്ടിയോളം അഭയാർത്ഥികളാണ് ജർമനിയിൽ എത്തുന്നത്. ഇതോടെ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ജർമൻ സർക്കാർ നിയമങ്ങൾ കർക്കശമാക്കിയിരിക്കുകയാണ്.
പുതിയ നിയമം അനുസരിച്ച്, അഭയാർത്ഥി പദത്തിനുള്ള അപേക്ഷയിൽ വേഗത്തിൽ തന്നെ തീരുമാനമുണ്ടാകും. മാത്രമല്ല, അവർക്കുള്ള ആനുകൂല്യങ്ങൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം പുറമെ അപേക്ഷ നിരസിക്കപ്പെടുന്നവരെ എത്രയും പെട്ടെന്ന് നാടു കടത്തുകയും ചെയ്യും. മാത്രമല്ല, ഇവരെ നാടുകടത്താൻ ഉദ്ദേശിക്കുന്ന വിമാനം പറന്നു പൊങ്ങുന്നതിന് 28 ദിവസം മുൻപ് മുതൽ തന്നെ ഇവരെ പിടിച്ചു വെയ്ക്കാനുള്ള അധികാരവും അധികൃതർക്കുണ്ട്.
ഇക്കഴിഞ്ഞ ജനുവരിക്കും ഏപ്രിലിനും ഇടയിലായി 6,300 പേരെയാണ് ഇത്തരത്തിൽ നാടുകടത്തിയത്. കഴിഞ്ഞ വർഷം സമാനമായ കാലയളവിൽ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ പോയ സ്‌കൈ ന്യൂസിന്റെ പ്രതിനിധികൾ പറയുന്നത്, ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ആളുകളെ ബെർലിനിലെ ഇറാഖി എംബസ്സിക്ക് മുൻപിൽ കണ്ടു എന്നാണ്.
അവരിൽ പലരും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജർമനിയിൽ താമസിക്കുന്നവരാണ്. ജർമനിയിൽ താമസിക്കുന്നതിന് താത്ക്കാലിക അനുമതിയും ലഭിച്ചവരാണ്. പക്ഷെ, ഇപ്പോൾ ഇറാഖ് സുരക്ഷിതമാണെന്നും അങ്ങോട്ട് തിരിച്ചു പോകണമെന്നുമാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവരുടെ കൂടെയുണ്ടായിരുന്നവരിൽ ചിലരെ ഇതിനോടകം നാടുകടത്തിയതായും അവർ പറയുന്നു.
അഭയാർത്ഥി പദവിക്കുള്ള അപേക്ഷകൾ നിരസിക്കുന്നത് അടുത്തകാലത്തായി വർദ്ധിച്ചു വരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജർമനി നിയമങ്ങൾ കടുപ്പിച്ചതോടെ കൂടുതൽ ആളുകൾ ബ്രിട്ടനിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണ്. തിരികെ ഇറാഖിലേക്ക് പോയാൽ ജീവൻ അപകടത്തിലാകുമെന്ന് ഭയക്കുന്നവർ ഏത് മാർഗ്ഗം ഉപയോഗിച്ചും ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ കഴിയുവാനാണ് ആഗ്രഹിക്കുന്നത്. ഇത് മുതലെടുക്കാൻ മനുഷ്യക്കടത്ത് സംഘങ്ങളും സജീവമായി രംഗത്തുണ്ട്.