- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമ്പയിൻ ഡയറക്ടർക്കെതിരെയും അന്വേഷണവുമായി ബ്രിട്ടനിലെ ഗാംബ്ലിങ് കമ്മീഷൻ
ലണ്ടൻ: ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട ബെറ്റിങ് വിവാദം പുതിയ തലങ്ങളിലെക്ക് കടക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് തീയതി പറഞ്ഞ് ബെറ്റിംഗിൽ ഏർപ്പെട്ടു എന്ന ആരോപണത്തിൽ ഋഷി സുനകിന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഗാംബ്ലിങ് കമ്മീഷൻ അന്വേഷണവും നടത്തുന്നുണ്ട്.
അതിനിടയിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ കാമ്പെയ്നിങ് ഡയറക്ടറായ ടോണി ലീ ക്ക് എതിരെയും ഗാംബ്ലിങ് കമ്മീഷൻ അന്വേഷണം നടത്തുന്നത്. ബി ബി സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച ഉച്ചമുതൽ ലീ തന്റെ ചുമതലകളിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും ബി ബി സി റിപ്പോർട്ടിൽ പറയുന്നു. ലീയുടെ പത്‌നി, ലോറ സൗണ്ടേഴ്സ്, ബ്രിസ്റ്റോൾ നോർത്ത് വെസ്റ്റിൽ നിന്നുള്ള കണസർവേറ്റീവ് സ്ഥാനാർത്ഥിയാണ്.
സൗണ്ടേഴ്സും ലീയും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല എന്നും ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഗാംബ്ലിങ് കമ്മീഷൻ തങ്ങളെ സമീപിച്ചതായും, ചിലരുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചതായും കൺസർവേറ്റീവ് പാർട്ടി വക്താവ് അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികർക്കാനാവില്ലെന്നും വക്താവ് അറിയിച്ചു. ബെറ്റിംഗിൽ നേട്ടമുണ്ടാക്കാൻ ആരെങ്കിലും അതീവ രഹസ്യമായ വിവരങ്ങൾ ഉപയോഗിക്കുന്നത് ഗാംബ്ലിങ് ആക്റ്റിന്റെ സെക്ഷൻ 42 പ്രകാരം ക്രിമിനൽ കുറ്റമാണ്.
ഉപഭോക്താക്ക്‌ളുടെയും പൊതുജനങ്ങളുടെയും താത്പര്യാർത്ഥമാണ്കമ്മീഷൻ ഗാംബ്ലിങ് നിയന്ത്രിക്കുന്നതെന്ന് കമ്മീഷന്റെ ഒരു വക്താവ് അറിയിച്ചു. ഇപ്പോൾ, തെരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട ബെറ്റിങ് ആരോപണം അന്വേഷിച്ചു വരികയണെന്നും വക്താവ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ലെന്നും വക്താവ് വ്യക്തമാക്കി. ഇതിൽ ഉൾപ്പെട്ടതായി മാധ്യമങ്ങളിൽ വരുന്ന ആരുടെ പേരുകളും തങ്ങൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നില്ല എന്നും വക്താവ് അറിയിച്ചു.
പ്രധാനമന്ത്രി ഋഷി സുനകിന്റെ അടുത്ത അനുയായിയും, മോണ്ടിഗോമെറിയിൽ നിന്നുള്ള മുൻ എം പിയുമായ ക്രെയ്ഗ് വില്യംസിന്റെ പേരും ബെറ്റിങ് ആരോപണത്തിൽ ഉയർന്നു വന്നിരുന്നു. പുതുതായി രൂപീകരിച്ച മോണ്ടിഗൊമെറിഷയർ ആൻഡ് ഗ്ലിൻഡർ മണ്ഡലത്തിൽ വില്യം ഇത്തവണ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയുമാണ്. എന്നാൽ, ബെറ്റിങ് ആരോപണം അദ്ദേഹം നിഷേധിക്കുകയോ ശരിവയ്ക്കുകയോ ചെയ്തിട്ടില്ല.