- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണത്തിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് മോദി - ഷെയ്ഖ് ഹസീന കൂടിക്കാഴ്ച
ന്യൂഡൽഹി: ഇന്ത്യ - ബംഗ്ലാദേശ് സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാൻ സന്നദ്ധത വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, കണക്ടിവിറ്റി, ഭീകരവിരുദ്ധ മേഖലകളിലെ സഹകരണത്തിലൂന്നി മുന്നോട്ടു പോകാനാണ് ഇരു പ്രധാനമന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ധാരണയായത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദ്വിദിന ഇന്ത്യാ സന്ദർശനത്തിന്റെ അവസാന ദിനമായ ശനിയാഴ്ചയാണ് മോദിയും ഹസീനയുമായി കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിൽനിന്ന് ചികിൽസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നവർക്ക് ഇമെഡിക്കൽ വീസ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങാൻ സന്നദ്ധരാണെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധരംഗത്തെ ആധുനിക വത്ക്കരണവും ഭീകര, തീവ്രവാദ വിരുദ്ധ നടപടികളും ചർച്ചയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തീസ്ത നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദഗ്ധ സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. തീസ്ത നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ബംഗാളിൽ മമത ബാനർജിയുടെ എതിർപ്പിനെത്തുടർന്ന് ഇന്ത്യ ഇതിൽ ഒപ്പുവച്ചിരുന്നില്ല.
2026ൽ കാലഹരണപ്പെടുന്ന ഗംഗാനദീജല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സാങ്കേതിക വിദഗ്ധതല ചർച്ച നടത്താൻ മുൻകൈയെടുക്കാനും തീരുമാനമായി. ഡിജിറ്റൽ സഹകരണം, ഹരിത മേഖലയിലെ സഹകരണം, മാരിടൈം, ആരോഗ്യം, ടെലികോ, ബഹിരാകാശം, (റിന്യൂവൽ ), സമുദ്രഗവേഷണം, ദുരന്തനിവാരണം, ഫിഷറീസ്, സൈനിക പരിശീലനം എന്നിവയിൽ സഹകരണം വർധിപ്പിക്കാനുള്ള ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. സൈനിക പരിശീലനത്തിൽ വെല്ലിങ്ടൺ ഡിഎസ്എസ്സിയും ബംഗ്ലാദേശിലെ മിർപുർ പ്രതിരോധ സർവീസ് സ്റ്റാഫ് കോളജും തമ്മിൽ സഹകരണത്തിന് ധാരണയായി.
ഇന്ത്യയുടെ അയൽപക്ക നയം, ആക്ട് ഈസ്റ്റ് നയം, വിഷൻ സാഗർ, ഇന്തോപസഫിക് ലക്ഷ്യങ്ങളുടെ സംഗമസ്ഥാനത്താണ് ബംഗ്ലാദേശെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. റെയിൽവേ രംഗത്തും തുറമുഖം, ഊർജവിതരണ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചെന്നും മോംഗ്‌ള തുറമുഖം, ഇന്ത്യബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ പദ്ധതികൾ പരാമർശിച്ച് മോദി പറഞ്ഞു. ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്ന് ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഇന്തോപസഫിക് പദ്ധതിയിൽ പങ്കാളിയാകുമെന്നും ഹസീന പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ ബംഗ്ലാദേശ് വിലമതിക്കുന്നുവെന്നു പറഞ്ഞ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു.