ലണ്ടൻ: സൺഡേ ടെലഗ്രാഫിനായി സവന്ത നടത്തിയ പുതിയ അഭിപ്രായ സർവ്വേയിൽ, നീജൽ ഫരാജിന്റെ റിഫോം യു കെ പാർട്ടി അഭൂതപൂർവ്വമായ കുതിച്ചുകയറ്റം നടത്തിയിരിക്കുന്നു. രണ്ട് പോയിന്റുകൾ ഉയർന്ന്, റിഫോം പാർട്ടി, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് തൊട്ടുപുറകിലെത്തിയിരിക്കുന്നു. അതേസമയം, അഭിപ്രായ വോട്ടെടുപ്പുകളിൽ ലേബർ പാർട്ടി മുന്നേറ്റം തുടരുകയാണ്.

അഭിപ്രായ വോട്ടെടുപ്പിൽ ലേബർ പാർട്ടിക്ക് 42 പോയിന്റുകൾ ലഭിച്ചപ്പോൾ, 19 പോയിന്റിന്റെ വ്യത്യാസവുമായി കൺസർവേറ്റീവുകൾക്ക് നേടാനായത് 23 പോയിന്റുകൾ മാത്രവും. റിഫോം യു കെ 16 പോയിന്റുകൾ നേടിയപ്പോൾ ലിബറൽ ഡെമോക്രാറ്റുകൾക്ക് 9 ഉം ഗ്രീൻസിന് 5 ഉം എസ് എൻ പിക്ക് 3 ഉം പോയിന്റുകൾ മാത്രമാണ് നേടാനായത്. യു കെയിലെ 2013 പ്രായപൂർത്തിയായവർക്കിടയിൽ ജൂൺ 19 നും 21 നും ഇടയിലായിരുന്നു സവന്ത സർവ്വേ നടത്തിയത്.

തങ്ങളുടെ പഠനം പറയുന്നത് യഥാർത്ഥ സാഹചര്യത്തിലും കൺസർവേറ്റീവ് പാർട്ടിയുടെ വൻ വീഴ്ച ദൃശ്യമാകും എന്നാണെന്ന് സവന്തയുടെ അസ്സോസിയേറ്റ് ഡയറക്ടർ എമ്മ ലെവിൻ പറയുന്നു. സവന്ത നടത്തിയ സർവ്വേകളിൽ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിച്ച എക്കാലത്തെയും കുറഞ്ഞ സ്‌കോർ ആണിതെന്നും എമ്മ ലെവിൻ പറയുന്നു. അതിനുള്ള ഒരു പ്രധാന കാരണം റിഫോം പാർട്ടിയുടെ കുതിച്ചു ചാട്ടമായിരിക്കാം എന്നും അവർ പറഞ്ഞു. സവന്ത പോളുകളിൽ അവർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന സ്‌കോർ ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ലേബർ പാർട്ടിക്ക് അവരുടെ വോട്ടുകൾ പിടിച്ചു നിർത്താൻ കഴിയുകയും, റിഫോം യു കെയും ലിബറൽ ഡെമോക്രാറ്റുകളും കൺസർവേറ്റീവ് വോട്ടുകളിലേക്ക് കടന്നു ചെയ്യുകയും ചെയ്താൽ കീർ സ്റ്റാർമർക്ക് നമ്പർ 10 ലേക്കുള്ള യാത്ര സാധ്യമാകും എന്നും എമ്മ പറയുന്നു. കൺസർവേറ്റീവുകൾക്ക് ചുവട് നഷ്ടപ്പെടുന്നതിനോടൊപ്പം, തന്റെ മണ്ഡലത്തിൽ ഋഷി സുനക് പരാജയപ്പെറ്റും എന്ന് മറ്റൊരു സർവ്വേഫലം കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്.

സവന്തയുടെ അഭിപ്രായ സർവ്വേ അനുസരിച്ച്, ലേബർ പാർട്ടിക്ക് 516 സീറ്റുകൾ വരെ നേടാനാകും. അതായത് 382 സീറ്റുകളുടെ വൻ ഭൂരിപക്ഷമാണ് ലേബർ പാർട്ടിയെ കാത്തിരിക്കുന്നത്. അതേസമയം ടോറികൾക്ക് ലഭിക്കുക വെറും 53 സീറ്റുകളും. ഏറ്റവും വലിയ വൈരുദ്ധ്യം, ജനപിന്തുണയിൽ വൻ കുതിച്ചു കയറ്റം നടത്തുമ്പോഴും റിഫോം പാർട്ടിക്ക് സീറ്റുകൾ ഒന്നും തന്നെ ലഭിക്കില്ല എന്നതാണ്. അവരുടെ പിന്തുണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി ചിതറി കിടക്കുന്നതിനാൽ, ഒരു സ്ഥാനാർത്ഥിയെ എങ്കിലും വിജയിപ്പിക്കാൻ ആവശ്യമായ വോട്ടുകളുടെ ഏകീകരണം സാധ്യമല്ല എന്നതിനാലാണിത്.