- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 ശതമാനവും മുസ്ലീങ്ങളുള്ള തജാക്കിസ്ഥാൻ ഹിജാബ് നിരോധിച്ചു
ഫ്രാൻസ് അടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ ഹിജാബ് നിരോധനം കൊണ്ടുവന്നപ്പോഴുള്ള പ്രശ്നങ്ങളും പ്രതിഷേധങ്ങളും ലോകം കണ്ടതാണ്. ഫ്രാൻസ് ഇസ്ലാമോഫോബിക്ക് ആയി മാറി എന്നാണ്, പല ഇസ്ലാമിക സംഘടനകളും, എന്തിന് തുർക്കി അടക്കമുള്ള രാജ്യങ്ങൾപോലും ആരോപിച്ചത്. ഇന്ത്യയിൽ കർണ്ണാടകയിലെ ഹിജാബ് നിരോധനവം, നീറ്റ് പരീക്ഷക്കുവേണ്ടി ഹിജാബ് അഴിപ്പിച്ച് പരിശോധിച്ചതുപോലും, വലിയ വിവാദമായി. പക്ഷേ 90 ശതമാനം മുസ്ലീങ്ങളുള്ള ഒരു രാജ്യം പൊതുസ്ഥലങ്ങളിൽ ഹിജാബ് നിരോധിച്ചാലോ? അതാണ് മുൻ മുൻ സോവിയറ്റ് റിപ്പബ്ലിക്കായ താജിക്കിസ്ഥാനിൽ സംഭവിച്ചത്.
താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചിരിക്കയാണ്. പാർലമെന്റിന്റെ ഉപരിസഭയായ മജ്ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്‌മോനോവ് ഇതടക്കം 35 നിയമങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി താജിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'അന്യഗ്രഹ വസ്ത്രങ്ങൾ' എന്നു വിശേഷിപ്പിച്ചാണ് നിർദ്ദിഷ്ട ബിൽ ഹിജാബ് നിരോധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ രാജ്യത്ത് ഇസ്ലാമിക സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്.
പ്രസിഡന്റ് ഫാസിസ്റ്റെന്ന് ഇസ്ലാമിസ്റ്റുകൾ
ഇക്കഴിഞ്ഞ മെയ് എട്ടിനാണ് താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ശരിവെച്ചത്. തുടർന്ന്, ജൂൺ 19-ന് നിയമഭേദഗതി ഉപരിസഭയായ മജ്‌ലിസി മില്ലിയുടെ മുന്നിലെത്തി. തുടർന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. ഇതോടൊപ്പം, രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികൾക്കിടയിലുണ്ടായിരുന്ന 'ഇദി' ആഘോഷവും നിരോധിച്ചു. കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നവരെ ആശീർവദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം. ഇതടക്കം 35 നിയമഭേദഗതികളാണ് പാർലമെന്റ് അംഗീകരിച്ചത്.
പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കും. വ്യക്തികൾ നിയമം ലംഘിച്ചാൽ 7,920 സോമോനി (62,398 രൂപ) പിഴ നൽകണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കിൽ 39,500 സോമോനി ( 3,11,206 രൂപ) വരെയാകും പിഴ. സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അതിലും കൂടുതൽ പിഴ പണം നൽകേണ്ടി വരും, ഉദ്യോഗസ്ഥർക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാർക്ക് 57,600 സോമോനിയും (4,53,809) പിഴ നൽകേണ്ടിവരും.
് കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബർട്ടിയുടെ താജിക് സർവീസായ റേഡിയോ ഓസോഡിയിൽ താജിക് മതകാര്യസമിതി മേധാവി സുലൈമാൻ ദവ്ലത്സോഡ പറഞ്ഞു.
സോവിയറ്റ് യൂണിയനിൽ സൈനിക ഉദ്യോഗ്സഥനായിരുന്ന, ഇമോമാലി ഷാരിപോവിച്ച് റഹ്‌മോനോവ് എന്ന രാഷ്ട്രീയക്കാരനാണ് വർഷങ്ങളായി ഏകാധിപതിയെപ്പോലെ രാജ്യം ഭരിക്കുന്നത്. പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് താജക്കിസ്ഥാൻ എന്ന പേരിൽ ഇടതുപക്ഷ സ്വഭാവുമുള്ള ഒരു പാർട്ടിയാണ് തന്റെത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിന് ചെറുല്ലാത്ത വേരുകളുള്ള തജാക്കിസ്ഥാനിലേക്ക്, തൊട്ടടുത്ത അയൽ രാജ്യമായ അഫ്ഗാനിൽ നിന്ന് ഇസ്ലാമിക മൗലികവാദം കയറിവരുമോ എന്ന ഭയമാണ്, റഹ്‌മോനോവിനെ കൊണ്ട് ഈ രീതിയിൽ ചെയ്യിച്ചത് എന്നാണ് പറയുന്നത്.
അതേസമയം റഹ്‌മോനോവ് ഭരണത്തിൽ തികഞ്ഞ അഴിമതിയും അരാജകത്വവുമാണെന്ന് ആരോപണമുണ്ട്. ഈയിടെ സ്വന്തം മകന് വഴിയൊരുക്കാനായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മിനിമം പ്രായപരിധി 35-ൽ നിന്ന് 30 ആയിപ്പോലും കുറച്ചു. റഹ്‌മോനോവിന്റെ ഭരണത്തിലെ അഴിമതിയും ഏകാധിപത്യ സ്വഭാവവും മറച്ചുപിടിക്കാനാണ്, അയാൾ കപട മതേതരത്വം കാണിക്കുന്നത് എന്നാണ് ഇസ്ലാമിക സംഘടനകൾ ആരോപിക്കുന്നത്.
താടിവളർത്തുന്നതിന് നിയന്ത്രണം
താടിവളർത്തുന്നതിന് നിയന്ത്രണമുള്ള ലോകത്തിലെ അപൂർവ രാഷ്ട്രമാണ് താജിക്കിസ്ഥാൻ. പൊലീസ് നിരവധി യുവാക്കളുടെ താടി നിർബന്ധപൂർവ്വം വടിപ്പിച്ച സംഭവം 2016-ൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. കാരണം ഇസ്ലാമിക മൗലികാവാദത്തിന്റെ പ്രതിരൂപമായാണ് പ്രസിഡന്റ് താടിയെ കണ്ടത്. 2018-ൽ താജിക്കിസ്ഥാനിൽ ധരിക്കേണ്ട വസ്ത്രങ്ങൾ വ്യക്തമാക്കുന്ന 376 പേജുള്ള മാർഗനിർദ്ദേശങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.
സോവിയറ്റ് യൂനിയൻ തകർന്നതിനെ തുടർന്നാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ താജിക്കിസ്താൻ സ്വാതന്ത്ര്യം നേടി പുതിയ രാജ്യമായി മാറിയത്. ഈ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടക്കം മുതലേ നിലവിലുണ്ടായിരുന്നു. പഴയ സോവിയറ്റ് മൂല്യങ്ങൾക്കും മതപാരമ്പര്യത്തിനും ഇടയിൽ നിൽക്കുന്നതിന്റെ സംഘർഷങ്ങളാണ് ഈ രാജ്യത്തെ സജീവരാഷ്ട്രീയവിഷയം. ഇസ്ലാമിക രാഷ്ട്രീയ കക്ഷികൾക്ക് ആയിരുന്ന സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ആദ്യകാലങ്ങളിൽ ഇവിടെ പ്രാമുഖ്യമുണ്ടായിരുന്നത്. എന്നാൽ, പിന്നീട്, മതേതരത്വത്തിൽ ഊന്നൽ നൽകിയ പാർട്ടികൾക്ക് അധികാരത്തിൽ മുൻതൂക്കം ലഭിച്ചു. തൊട്ടടുത്തു കിടക്കുന്ന അഫ്ഗാനിസ്താൻ താലിബാന്റെ കീഴിൽ സമ്പൂർണ്ണ മതരാഷ്ട്രമായി മാറിയ സാഹചര്യത്തിൽ, ഇസ്ലാമിക പാർട്ടികളെ താജിക് ഭരണകൂടം അടിച്ചമർത്തുകയും ഇസ്ലാമിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
2007 -ൽ ഹിജാബ് അടക്കമുള്ള ഇസ്ലാമിക വസ്ത്രങ്ങൾക്കൊപ്പം പാശ്ചാത്യ ശൈലിയിലുള്ള മിനിസ്‌കേർട്ടുകളും നിരോധിച്ച് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഈ നിയന്ത്രണം പിന്നീട് എല്ലാ പൊതു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു. അക്കാലത്ത് നിയമ ലംഘനം പിടികൂടാൻ പൊലീസ് മാർക്കറ്റുകളിൽ റെയ്ഡുകൾ പോലും നടത്തി. ഹിജാബിനും മിനി സ്‌കേർട്ടിനും നിരോധനമുണ്ടെങ്കിലും സർക്കാർ തദ്ദേശീയ താജിക് വസ്ത്രം ധരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നമുക്ക് നമ്മുടേതായ ഒരു പാരമ്പര്യമുണ്ട് എന്നതാണ് സർക്കാറിന്റെ ലൈൻ.