ലണ്ടൻ: ഗ്രാഡ്വേറ്റ് വിസയിൽ ബ്രിട്ടനിൽ പഠനത്തിനായി എത്തുന്നവർക്ക് കൂടുതൽ കർക്കശമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷ ഏർപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നു. യു കെയിൽ പഠനത്തിന് ഉദ്ദേശിക്കുന്നവരോ, ഗ്രാഡ്വേറ്റ് വിസയ്ക്കായി അപേക്ഷിക്കുന്നവരോ, നിർബന്ധമായ ഈ ഇംഗ്ലീഷ് ടെസ്റ്റ് പാസ്സായിരിക്കണം. ഏറ്റവും മികച്ചവരും, സമർത്ഥരായവരും ആയവർക്ക് മാത്രമെ ഈ വിസയിൽ ബ്രിട്ടനിലേക്ക് എത്താൻ കഴിയു എന്ന് ഉറപ്പാക്കാനാണിത്.

തങ്ങളുടെ ഇമിഗ്രേഷൻ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനോടൊപ്പം, ബ്രിട്ടനിലെ അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ സമർത്ഥരും, ഏറ്റവും മികച്ചവരുമായ വിദ്യാർത്ഥികളാണ് പഠനത്തിനെത്തുന്നത് എന്ന് ഉറപ്പാക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന് സർക്കാർ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം പാരമ്യത്തിലെത്തിയ നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനായി ക്യാബിനറ്റ് ഉറച്ച തീരുമാനമെടുത്തതോടെ വേറെയും ചില നടപടികൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും വക്താവ് അറിയിച്ചു.

ഉയർന്ന ഡ്രോപ്പ് ഔട്ട് നിരക്കുകൾ ഉള്ള യൂണിവേഴ്സിറ്റികൾക്ക് മേലും കോളേജുകൾക്ക് മേലും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടു വരാനും ക്യാബിനറ്റ് ശ്രമിക്കുന്നുണ്ട്. അതിനു പുറമെ, മിനിമം വേജസിനേക്കാൾ കുറവ് വേതനം നൽകി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്റുമാർക്ക് എതിരെ ഹോം ഡിപ്പാർട്ട്‌മെന്റ് നടപടികൾ സ്വീകരിക്കും. ഇത്തരക്കാർ, വിദ്യാർത്ഥികളെ പഠനത്തിൽ നിന്നും അകറ്റുന്നു എന്നാണ് ഡിപ്പാർട്ട്‌മെന്റിന്റെ വിലയിരുത്തൽ.

അതോടൊപ്പം ചില പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയായതിന് ശേഷം രണ്ടു വർഷക്കാലത്തോളം യു കെ യിൽ തുടരാനും ജോലി ചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ഗ്രാഡ്വേറ്റ് വിസ. ഈ വിസ അനേകം വിദ്യാർത്ഥികളെ വിദേശ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് ആകർഷിച്ചതായും, പലരും ഇത് ദുരുപയോഗം ചെയ്തതായും സർക്കാർ കരുതുന്നു.

നേരത്തെ യു കെയുടെ നെറ്റ് ഇമിഗ്രേഷൻ 2022 ൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 7,64,000 ൽ എത്തിയിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ. എൻ. എസ്) റിപ്പോർട്ട് ചെയ്തിരുന്നു. 2023 ൽ ഇത് 10 ശതമാനം കുറഞ്ഞ് 6,85,000 ൽ എത്തിനെയെങ്കിലും കോവിഡ് പൂർവ്വകാലത്തെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ് ജോലിക്കായി ബ്രിട്ടനിൽ എത്തുന്നവരിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നോ നൈജീരിയയിൽ നിന്നോ എത്തുന്നവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.