- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് രാജകുടുംബം നേരിടുന്നത് അപ്രതീക്ഷിത പ്രതിസന്ധികൾ
കഴിഞ്ഞ കുറച്ചു നാളുകളായി ബ്രിട്ടീഷ് രാജകുടുംബത്തെ ദുരിതങ്ങൾ വിടാതെ പിന്തുടരുകയാണ്. ചാൾസ് രാജാവിന് പുറകെ കെയ്റ്റ് രാജകുമാരിക്കും കാൻസർ സ്ഥിരീകരിച്ചതോടെ രാജാവിനും വെയ്ൽസ് രാജകുമാരനും ചുമതലകളിൽ നിന്നും തത്ക്കാലത്തേക്ക് വിട്ടു നിൽക്കേണ്ട സാഹചര്യം സംജാതമായിരിക്കുകയാണ്. അതിനിടയിലാണ് രാജാവിന്റെ താത്ക്കാലിക ചുമതലകൾ നിർവഹിച്ചു വരികയായിരുന്ന, ചാൾസ് രാജാവിന്റെ സഹോദരി ആൻ രാജകുമാരിക്ക് പരിക്കേൽക്കുന്നത്.
ഗ്ലസ്റ്റർഷയറിലെ തന്റെ ഗാറ്റ് കോമ്പ് പാർക്ക് എസ്റ്റേറ്റിൽ വെച്ച് ഒരു കുതിര രാജകുമാരിയെ തൊഴിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ രാജകുമാരിക്ക് ചില ഔദ്യോഗിക യോഗങ്ങളിൽനിന്നും പരിപാടികളിൽ നിന്നും മാറി നിൽക്കേണ്ടതായി വരുമെന്ന് ഒരു മുൻ ജീവനക്കാരൻ പറഞ്ഞതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 1976 ലെ മോൺട്രിയൽ ഒളിമ്പിക്സിൽ പങ്കെടുത്തിട്ടുള്ള 73 കാരിയായ രാജകുമാരി കുതിരയോട്ടത്തിൽ അതീവ വൈദഗ്ധ്യം ഉള്ള വ്യക്തിയാണ്. രാവിലെ നടക്കാൻ ഇറങ്ങിയതിനിടയിലാണ് അപകടം നടന്നത്.
എമർജൻസി സർവ്വീസുകൾ സംഭവസ്ഥലത്ത് എത്തുകയും രാജകുമാരിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു. അതിനു ശേഷം അവരെ വിവിധ പരിശോധനകൾക്കും, ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലെക്ക് മാറ്റുകയും ചെയ്തു. ഈയാഴ്ച ചുരുങ്ങിയത് ഒൻപത് ഔദ്യോഗിക പരിപാടികൾ എങ്കിലും രാജകുമാരിക്ക് ഒഴിവാക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ കാനഡ സന്ദർശനവും, ബ്രിട്ടൻ സന്ദർശിക്കുന്ന ജപ്പാൻ സംഘത്തിനുള്ള വിരുന്നും ഉൾപ്പെടും.
കഠിനാദ്ധ്വാനിയായി അറിയപ്പെടുന്ന രാജകുമാരിക്ക്, ചുമതലകളിൽ നിന്നും വിട്ട് നിൽക്കുക എന്നത് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമായിരിക്കുമെന്ന് അവർക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ എഴുതുന്നു. എന്നാൽ, ഈ പ്രതിസന്ധി അവർ അതിവേഗം മറികടക്കുമെന്നും മുൻ ജീവനക്കാരൻ പറയുന്നു.ഒരാളും അവരോട് വിശ്രമിക്കൂ എന്ന് പറയാൻ ധൈര്യപ്പെടില്ല എന്നും അയാൾ കൂട്ടിച്ചേർക്കുന്നു.