ലണ്ടൻ: ചാരവൃത്തിക്കേസിൽ യുഎസ് കോടതിയിൽ കുറ്റസമ്മതം നടത്തിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. യുഎസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് 53കാരനായ അസാൻജ് സായ്പാൻ ദ്വീപിലെ കോടതിയിലെത്തി തനിക്ക് മേൽ ചുമത്തിയ കുറ്റമേറ്റത്. അമേരിക്കയിൽ അഞ്ച് വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് അസാൻജ് മോചിതനാകുന്നത്. കുറ്റം ഏറ്റുപറഞ്ഞതോടെ സ്വന്തം രാജ്യമായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ അദ്ദേഹത്തെ കോടതി അനുവദിക്കുകയായിരുന്നു.

യു.എസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് 53കാരനായ അസാൻജ് കോടതിയിൽ ഹാജരായത്. ശാന്തസമുദ്രത്തിലെ സായ്പാൻ ദ്വീപിലെ കോടതിയിലെത്തിയ അസാൻജ് തനിക്ക് മേൽ ചുമത്തിയ കുറ്റമേൽക്കുകയായിരുന്നു. യു.എസിലേക്ക് നേരിട്ടെത്തില്ലെന്ന് അസാൻജ് അറിയിച്ചിരുന്നു. ഇതോടെയാണ്, യു.എസിന്റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനിൽ അസാൻജിന് ഹാജരാകാൻ അവസരമൊരുങ്ങിയത്. അസാൻജിന്റെ രാജ്യമായ ഓസ്‌ട്രേലിയക്ക് സമീപമാണ് സായ്പാൻ.

ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷംവരെ തടവ് ലഭിക്കാവുന്ന 18 കുറ്റങ്ങളായിരുന്നു അമേരിക്ക അസാൻജിനെതിരെ ചുമത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കി. വിചാരണയും ഒഴിവാക്കി. മറ്റ് ആരോപണങ്ങളും നേരിടേണ്ടിവരില്ല. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാൻജ് വിക്കിലീക്‌സിന് നൽകിയ രേഖകൾ നശിപ്പിക്കണം. അഞ്ച് വർഷവും രണ്ട് മാസവും തടവാണ് അസാൻജിന് കോടതി വിധിക്കുക. ബ്രിട്ടനിലെ ജയിലിൽ ഇത്രയും കാലം അസാൻഡ് തടവ് പൂർത്തിയാക്കിയിട്ടുണ്ട്.

ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലാണ് അസാൻജ് ഹാജരായത്. തുടർന്ന് ജഡ്ജിക്ക് മുന്നിൽ കുറ്റമേൽക്കുകയായിരുന്നു. വരുന്ന ജൂലൈ മൂന്നിന് അസാൻജിന്റെ ജന്മദിനമാണ്. 'അടുത്തയാഴ്ച നിങ്ങളുടെ ജന്മദിനമാണെന്ന് അറിയാം. നിങ്ങളുടെ പുതിയ ജീവിതം നല്ല രീതിയിൽ തുടരണമെന്ന് ആശംസിക്കുന്നു' -ജഡ്ജി പറഞ്ഞു.

2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇറാഖിലും അഫ്ഗാനിസ്താനിലും സൈനിക നടപടിയുടെ മറവിൽ അമേരിക്ക നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അസാൻജ് അമേരിക്കയുടെ കണ്ണിലെ കരടാവുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ അമേരിക്കൻ എംബസികൾ നടത്തിയ ചാരപ്രവർത്തനങ്ങളും എംബസി ഉദ്യോഗസ്ഥർ സമർപ്പിച്ച രേഖകളും വിക്കിലീക്‌സിലൂടെ പുറത്തുവന്നിരുന്നു.

1,901 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് വിക്കിലീക്‌സ് സ്ഥാപകനും ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകനുമായ ജൂലിയൻ അസാൻജ് ജയിൽ മോചിതനായത്. തങ്ങളുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി പരസ്യപ്പെടുത്തിയ അസാൻജിന്റെ മോചനത്തിന് ഒരു ജാമ്യക്കരാർ യു.എസ് മുന്നോട്ടുവയ്ക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയുമായിരുന്നു.അഫ്ഗാൻ യുദ്ധത്തെ പറ്റിയുള്ള 90,000 രഹസ്യരേഖകളും ഇറാക്ക് യുദ്ധത്തെ പറ്റിയുള്ള 400,000 രേഖകളുമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്.

അസാൻജിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയ മുൻ യു.എസ് ആർമി ഇന്റലിജൻസ് അനലിസ്റ്റ് ചെൽസി മാനിംഗിന് 2013ൽ യു.എസ് 35 വർഷം തടവ് വിധിച്ചിരുന്നു. 2017ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ഉത്തരവ് പ്രകാരം മോചിപ്പിക്കപ്പെട്ടു.