- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാമർശത്തിൽ ക്ഷുഭിതനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സുനക്
റിഫോം യു കെ പാർട്ടിയുടെ ഒരു പ്രവർത്തകൻ തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയതിൽ ക്ഷുഭിതനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിഫോം നേതാവ് നീജെൽ ഫരാജെക്കെതിരെ ആഞ്ഞടിച്ചു. ക്ലാക്ടണിൽ പ്രചാരണം നടത്തുന്ന പ്രവർത്തകന്റെ സംഭാഷണത്തിനിടയിൽ തെളിഞ്ഞുവന്ന വംശീയ വിദ്വേഷത്തിനെതിരെയായിരുന്നു ഒരു മാധ്യമത്തിന് നൽകിയീ അഭിമുഖത്തിൽ ഋഷി സുനക് ആഞ്ഞടിച്ചത്. നിരവധി ചോദ്യങ്ങൾക്ക് ഫരാജെ ഉത്തരം നൽകണമെന്നും ഋഷി സുനക് ആവശ്യപ്പെട്ടു.
സ്ത്രീ വിദ്വേഷിയായ ആൻഡ്രൂ ടാറ്റെ ഉപയോഗിച്ച വാക്കുകളുമായായിരുന്നു റിഫോം യു കെ പ്രവർത്തകന്റെ വാക്കുകളെ ഋഷി ഉപമിച്ചത്. എന്തിനു വേണ്ടിയായിരുന്നു ഇത്തരമൊരു പരാമർശം എന്നത് അറിയണമെന്നും, അത് തന്റെ മക്കളിൽ ഉണ്ടാക്കാൻപോകുന്ന പ്രത്യാഘാതം ഓർമ്മിപ്പിച്ചുകൊണ്ട് ഋഷി പറഞ്ഞു. ചാനൽ വഴിയെത്തുന്ന അനധികൃത കുടിയേറ്റക്കാരെ യു കെ തീരപ്രദേശത്തു വെച്ചു തന്നെ വെടിവെച്ചു കൊല്ലണമെന്നും, മുസ്ലീങ്ങളെ മോസ്‌ക്കുകളിൽ നിന്നും ഒഴിപ്പിച്ച് മോസ്‌കുകൾ ബാറുകളും പബ്ബുകളും ആക്കണമെന്നുമൊക്കെ ഇയാൾ പറയുന്നതിന്റെ റെക്കോർഡുകളും പുറത്തു വന്നിട്ടുണ്ട്.
എസ്സെക്സിൽ വെച്ച് ഇയാളുടെ സംഭാഷണത്തിന്റെ ശകലങ്ങൾ ചാനൽ 4 ആണ് രഹസ്യമായി റെക്കോർഡ് ചെയ്തിരിക്കുന്നത്. റിഫോം യു കെ നേതാവ് നീജൽ ഫരാജെയുടെ മണ്ഡലത്തിൽ വെച്ച് നടന്ന ഈ സംഭാഷണത്തിൽ, പട്ടണത്തിലെ മറ്റു ചില പ്രവർത്തകർ എൽ ജി ബി ടി സമൂഹത്തിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിക്കുന്നുണ്ട്. പൊലീസിനെ അർദ്ധ സൈനിക വിഭാഗമാക്കുമെന്നും വധശിക്ഷ തിരികെ കൊണ്ടുവരുമെന്നും മറ്റു ചിലർ പറയുന്നുണ്ട്. അതേസമയം, ഋഷിക്കെതിരെ അശ്ലീല പദങ്ങൾ ഉപയോഗിച്ച പാർക്കറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് ഫരാജെ പറയുന്നത്.
തങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായി വംശീയ വിദ്വേഷം നിറഞ്ഞ പരാമർശങ്ങൾ നടത്തിയത് അൻഡ്രൂ പാർക്കർ ആണെന്ന് മനസ്സിലാക്കുന്നു എന്നും, അയാൾ തൊഴിൽ പരമായി ഒരു നടനാണെന്ന് എന്നും ഫരാജ് എക്സിൽ കുറിച്ചു. സ്വന്തം വെബ്‌സൈറ്റിൽ, നന്നായി സംസാരിക്കുന്നവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാർക്കർ ക്ലാക്ടണിൽ എത്തിയപ്പോൾ പരുക്കനായി സംസാരിച്ചു എന്നും ഫരാജെ കുറിക്കുന്നു. അതേസമയം താൻ നടനാണെന്ന് സമ്മതിച്ച പാർക്കർ പക്ഷെ താൻ സ്വമേധയാ റിഫോം യു കെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
താൻ വംശീയ വിദ്വേഷിയല്ലെന്നും, ചൂടേറിയ വാഗ്വാദങ്ങൾക്കിടയിലാണ് അശ്ലീലം കലർന്ന വംശീയ പരാമർശം നടത്തിയതെന്നും അതിൽ ഖേദിക്കുന്നുവെന്നും പാർക്കർ പറഞ്ഞു. ഒരു ബാറിൽ ഇരുന്നുള്ള സംസാരം മാത്രമായി അതിനെ കരുതിയാൽ മതിയെന്നും പാർക്കർ പറഞ്ഞു. തനിക്ക് നിരവധി പാക്കിസ്ഥാനി സുഹൃത്തുക്കളും, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം സുഹൃത്തുക്കളും ഉണ്ടെന്ന് പറഞ്ഞ പാർക്കർ, ഒരിക്കൽ ഒരു മുസ്ലിം കാമുകി ഉണ്ടായിരുന്നെന്നും പറഞ്ഞു.
അതേസമയം പുറത്തു വിട്ട ശബ്ദരേഖ തങ്ങളുടെ നിഷ്പക്ഷവും സുധീരവും ആയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും തങ്ങൾ അതിൽ ഉറച്ചു നിൽക്കുന്നു എന്നുമായിരുന്നു ചാനൽ 4 ന്റെ പ്രതികരണം. റിഫോം പാർട്ടി പ്രചാരണത്തിന്റെ ഭാഗമായി പാർട്ടിഓഫീസിൽ ഉണ്ടായിരുന്ന പാർക്കറെ അവിടെ വച്ചാണ് തങ്ങളുടെ പ്രതിനിധികൾ കണ്ടതെന്നും, ഇത്തരത്തിലൊരു കാര്യം പറയാൻ റിഫോം യു കെ പ്രചാരകർക്കോ മറ്റാർക്കെങ്കിലുമോ തങ്ങൾ പണം നൽകിയിട്ടില്ലെന്നും ചാനൽ 4 വെളിപ്പെടുത്തി.