വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ശേഷിക്കെ മത്സരിക്കുന്നതില്‍നിന്ന് പ്രസിഡന്റും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ജോ ബൈഡന്‍ പിന്മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിനായി മത്സരത്തില്‍നിന്ന് പിന്മാറുന്നുവെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളില്‍ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡന്‍ കുറിപ്പില്‍ പറയുന്നു.

യുഎസ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനോട് ജൂണില്‍ നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ പതറിയതോടെ ബൈഡന്‍ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു.

ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകുമെന്നാണ് കരുതുന്നത്. ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേ അനുസരിച്ച് പാര്‍ട്ടിയിലെ 10ല്‍ ആറുപേരും കമലയ്ക്ക് അനുകൂലമാണ്. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തേടിത്തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സെനറ്റര്‍ മാര്‍ക് കെല്ലി, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബീഷര്‍, നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ എന്നിവരുടെ പേരുകളും കേള്‍ക്കുന്നു.

സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡന്‍ നിര്‍ദേശിച്ചു. കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്.

എതിരാളിയായ ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്‌നങ്ങള്‍, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സര്‍വേകള്‍, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡന് നിരന്തരം വെല്ലുവിളി നേരിട്ടിരുന്നു.

ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയില്‍ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനല്‍ കണ്‍വന്‍ഷനില്‍ പുതിയ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാം. ആദ്യവട്ട വോട്ടെടുപ്പില്‍ 3900 പ്രതിനിധികള്‍ക്കാണ് വോട്ടവകാശം. അതില്‍ തീരുമാനമായില്ലെങ്കില്‍ പാര്‍ട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 700 സൂപ്പര്‍ഡെലിഗേറ്റുകള്‍ ആര്‍ക്കെങ്കിലും ഭൂരിപക്ഷം ലഭിക്കുംവരെ വോട്ട് ചെയ്ത് തീരുമാനത്തിലെത്തും.

കോവിഡിനെത്തുടര്‍ന്ന് ഐസലേഷനിലായതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അതേസമയം വെടിവയ്പില്‍ പരുക്കേറ്റ ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി റാലികളില്‍ വന്‍ ആവേശം തീര്‍ത്താണ് ട്രംപിന്റെ മുന്നേറ്റം.

വലതു ചെവിയില്‍ ബാന്‍ഡേജുമായെത്തി പാര്‍ട്ടി റാലികളെത്തുന്ന ട്രംപ്, തന്റെ പോരാട്ടവീര്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം. കണ്ണീരണിഞ്ഞും കയ്യടിച്ചും പിന്തുണയുറപ്പിച്ച് റാലികളില്‍ വന്‍ജനക്കൂട്ടം. ട്രംപിന്റെ പ്രചാരണത്തില്‍ നിന്ന് ഇതുവരെ വിട്ടുനിന്ന ഭാര്യ മെലനിയ മിവാക്കിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു.

റിപ്പബ്ലിക്കന്‍ ക്യാംപില്‍ ആവേശം അലതല്ലുമ്പോള്‍ ഡെമോക്രാറ്റിക് ക്യാംപ് പ്രതിസന്ധിയിലാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും ജോ ബൈഡനൊപ്പം ഉറച്ചുനിന്ന, മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും, നാന്‍സി പെലോസിയും വൈസ് പ്രസിഡന്റ് കമല ഹാരിസുമടക്കം മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റിയിരുന്നു.

മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും സ്പീക്കര്‍ നാന്‍സി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെ മത്സരരംഗത്തുനിന്ന് പിന്മാറാനുള്ള സാധ്യത ഏറിയിരുന്നു. വിജയത്തിലേക്കുള്ള ബൈഡന്റെ പാത അന്ത്യന്തം ചുരുങ്ങിപ്പോയെന്നാണ് താന്‍ കരുതുന്നതെന്ന് ഒബാമ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈഡന്‍ മത്സരരംഗത്തുനിന്ന് പിന്മാറാത്ത പക്ഷം പാര്‍ട്ടി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് നാന്‍സി പെലോസി ഫോണ്‍സംഭാഷണത്തില്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പെനിസില്‍ വാലിയ, വിസ്‌കോസിന്‍, മിഷിഗണ്‍, നെവാഡ, ജോര്‍ജിയ, അരിസോണ തുടങ്ങി വലിയ മാര്‍ജിന്‍ പ്രതീക്ഷിച്ചിരുന്ന ഇടങ്ങളിലൊക്കെ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായെന്നാണ് ഡെമാക്രാറ്റിക് ധനശേഖരണ കമ്മിറ്റികളുടെ വിലയിരുത്തല്‍. എയര്‍ഫോഴ്‌സ് വണ്ണിലേക്ക് ഇടറി നീങ്ങുന്ന ബൈഡനെയും വെടിയേറ്റതിനു പിന്നാലെ ഫൈറ്റ് ഫൈറ്റ് എന്ന് ഉറക്കെ പറയുന്ന ട്രംപിനെയും താരതമ്യപ്പെടുത്തി റിപ്പബ്ലിക്കന്‍മാര്‍ വീഡിയോ പ്രചാരണം സജീവമാക്കി കഴിഞ്ഞു.