മിസൈല്‍ ആക്രമണത്തെ കുറിച്ച് അലാറം എത്തി; മുന്നറിയിപ്പ് കിട്ടിയതോടെ സുരക്ഷിത ഇടങ്ങളിലേക്ക് കുതിച്ച പതിനായിരങ്ങളില്‍ നിരവധി മലയാളികളും; ഇസ്രയേലിലെ ഇന്ത്യാക്കാര്‍ ആശങ്കയില്‍; മൊബൈല്‍ ആപ്പുകള്‍ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞ് മലയാളികളും

ടെല്‍ അവീവ്: ഇസ്രയേലിന്റെ അലാറാം സംവിധാനത്തെ കുറിച്ച് പറയുകയാണ് ആ ആക്രമണം നേരിട്ട് കണ്ട മലയാളികള്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രയേലിലുള്ള മലയാളികള്‍ സ്ഥിരീകരിക്കുന്നു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ അപകടം സംഭവിച്ചില്ല. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പ്രതികരിച്ചു. അതിനിടെ ഇറാനുള്ള ഇന്ത്യാക്കാരോട് ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇറാനിലേക്ക് യാത്രയും പാടില്ലെന്ന് ഇന്ത്യാക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളതെന്നതാണ് വിലയിരുത്തല്‍.

ഇസ്രയേല്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനായി പ്രത്യേക ആപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇന്നലെ പല വട്ടം മൊബൈല്‍ ആപ്പില്‍ ഇത്തരം സന്ദേശങ്ങളുമായി റെഡ് സിഗ്നല്‍ ഫ്‌ളാഷ് ചെയ്തിരുന്നു. തുടര്‍ന്ന് ഒന്നര മിനിട്ടിനുള്ളില്‍ ബങ്കറുകള്‍ക്ക് ഉളളിലേക്ക് ജനങ്ങള്‍ നെട്ടോട്ടം ഓടുകയായിരുന്നു. ചിലര്‍ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് മിസൈലാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് വന്നത് . തുടര്‍ന്ന് എല്ലാവരും ബസ് നിര്‍ത്തിയിട്ട് അടുത്തുള്ള അഭയ സ്ഥാനങ്ങള്‍ തേടി ഓടുകയായിരുന്നു. മിസൈലാക്രണം നേരിയ തോതില്‍ കുറഞ്ഞ സമയത്ത് ബസില്‍ ഇവര്‍ യാത്ര പുനരാരംഭിച്ചു എങ്കിലും വീണ്ടും അടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി എല്ലാ യാത്രക്കാരും അടുത്തുള്ള ഒരു പാലത്തിന് കീഴില്‍ അഭയം തേടി. ഇങ്ങനെ നിരവധി വിശീദകരണങ്ങള്‍ പുറത്തു വന്നു. മലയാളികളും സ്ഥിരീകരിക്കുന്നത് ഈ രക്ഷപ്പെടല്‍ കഥയാണ്.

ജെറുസലേമിന് നിന്ന് തിരികെ വരുമ്പോഴാണ് ആക്രമണമെന്ന് മലയാളിയായ റീന പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച ഫോണില്‍ മുന്നറിയിപ്പ് വന്നു. വല്ലാത്തൊരു ഭീകരാന്തരീക്ഷമായിരുന്നു. ഇനി ജീവനോടെ ഉണ്ടാകുമോയെന്ന് ഭയന്നുപോയി. എല്ലാവരും ആശങ്കയിലാണ്. അപ്രതീക്ഷിതമായ ആക്രമണമാണ് ഉണ്ടായത്. നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. മലയാളികള്‍ക്ക് ആരും അപായമില്ലെന്നാണ് വിവരമെന്നും റീന പറഞ്ഞു. ടെല്‍ അവീവ് മേഖലയില്‍ ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്നെന്ന് മലയാളിയായ ബ്ലെസ്സി പ്രതികരിച്ചു. നിലവില്‍ മലയാളികള്‍ ആര്‍ക്കും എന്തെങ്കിലും പരിക്കേറ്റതായി വിവരം ഇല്ലെന്നും ബ്ലെസ്സി പറഞ്ഞു.

ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിന് പകരംവീട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് മേല്‍ വര്‍ഷിച്ചത്. ഇറാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടേയ്ക്ക് മിസൈലാക്രമണം നടത്തുന്നത്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്തിയതിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇറാന്‍ ആദ്യമായി ഇസ്രയേലിലേക്ക് ആക്രണം നടത്തിയത്. ഇസ്രയേല്‍ സിറിയയിലെ ഡമാസ്‌ക്കസിലുള്ള ഇറാന്‍ കോണ്‍സുലേറ്റില്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം ആയിട്ടായിരുന്നു ഇത്. അതിന് ശേഷം ഇന്നലെയാണ് ഇറാന്‍ ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണം നടത്തുന്നത്.

ഇസ്രയേലിന്റെ പ്രതിരോധ സംവിധാനമായ അയണ്‍ഡോം ഇറാന്‍ മിസൈലുകള്‍ തകര്‍ത്തെറിയുന്നതും ഇസ്രായേലികള്‍ കണ്ടിരുന്നു. മിസൈലുകള്‍ അയണ്‍ഡോമുകള്‍ തകര്‍ക്കുന്ന ശബ്ദം കിലോമീറ്ററുകള്‍ ദൂരത്തില്‍ പ്രകമ്പം കൊണ്ടു എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ നൂറ് നൂറ് കഥകളാണ് ഇസ്രയേലിലെ ഓരോരുത്തര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ഒരു യുവതി സുഖമില്ലാത്ത മകളെ വീട്ടിലാക്കി ഇളയ കുട്ടിയേയും കൊണ്ട് ഡോക്ടറെ കാണാന്‍ പോയപ്പോള്‍ മിസൈല്‍ ആക്രമണ സന്ദേശം എത്തിയ സംഭവവും ഞെട്ടലോടെയാണ് വിവരിക്കുന്നത്. ഇവരുടെ ഒരു കുട്ടി ഈ സമയം സ്‌ക്കൂളിലായിരുന്നു. വീട്ടിലായിരുന്ന കുട്ടിയെ ഫോണില്‍ വിളിച്ച് വീട്ടിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ട സംഭവം വിവരിക്കുമ്പോഴും അവര്‍ ഭയന്ന് വിറയ്ക്കുകയായിരുന്നു.

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈല്‍ അയച്ച് ഇറാന്‍ നല്‍കുന്നതും യുദ്ധ സജ്ജമെന്ന സന്ദേശമാണ്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടുചെയ്തു. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെന്‍ ഗുറിയോണിലെ വ്യോമഗതാഗതം നിര്‍ത്തിവെച്ചു. പക്ഷേ മിസൈല്‍ ആക്രമണത്തെ ഇസ്രയേല്‍ ഡോമുകളുപയോഗിച്ചു തകര്‍ത്തുവെന്നതാണ് വസ്തുത.