- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരിക്കുക; ഫ്‌ലോറിഡക്കാര്‍ക്ക് ലഭിച്ചത് അന്തിമ മുന്നറിയിപ്പ്; ഇന്ന് മെക്സിക്കോയില്‍ തുടങ്ങുന്ന മില്‍റ്റന്‍ കൊടുങ്കാറ്റ് വിതക്കുന്നത് സര്‍വ്വ നാശം; 15 അടി ഉയരത്തില്‍ കടല്‍ വെള്ളം ഇരച്ചു കയറാം; ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കും; വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ അനേകര്‍ കുടുങ്ങി
ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരിക്കുക; ഫ്‌ലോറിഡക്കാര്‍ക്ക് ലഭിച്ചത് അന്തിമ മുന്നറിയിപ്പ്; ഇന്ന് മെക്സിക്കോയില്‍ തുടങ്ങുന്ന മില്‍റ്റന്‍ കൊടുങ്കാറ്റ് വിതക്കുന്നത് സര്‍വ്വ നാശം; 15 അടി ഉയരത്തില്‍ കടല്‍ വെള്ളം ഇരച്ചു കയറാം; ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കും; വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ അനേകര്‍ കുടുങ്ങി
ന്യുയോര്‍ക്ക്: മില്‍റ്റന്‍ കൊടുങ്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി.. അത്ര ഭയാനകമാണ് ഇപ്പോള്‍ സാഹചര്യം. നിരവധി വിദേശ സന്ദര്‍ശകര്‍ ഈ തെക്കന്‍ അമേരിക്കന്‍ സംസ്ഥാനത്ത് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരോട് എത്രയും പെട്ടെന്ന് സ്ഥലം വിട്ടുപോകാനുള്ള ഉത്തരവും നല്‍കിക്കഴിഞ്ഞു. ഇന്ന് ഉച്ചയോടെ മെക്സിക്കോയിലായിരിക്കും ഇത് ആദ്യമായി സാന്നിദ്ധ്യം അറിയിക്കുക.
ഒന്നുകില്‍ ഒഴിഞ്ഞു പോവുക അല്ലെങ്കില്‍ മരണം വരിക്കുക എന്ന അന്തിമ മുന്നറിയിപ്പ് ലഭിച്ചതോടെ പ്രദേശവാസികള്‍ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്നത്ര ശക്തമായ കൊടുങ്കറ്റ് എത്തുന്നതിനു മുന്‍പേ പരമാവധി പേരെ ഒഴിപ്പിക്കാനുള്ള തത്രപ്പാടിലാണ് അധികൃതരും. കൊടുങ്കാറ്റിന്റെ പ്രഭാവത്താല്‍ ചിലയിടങ്ങളില്‍ 15 അടി ഉയരത്തില്‍ വരെ ജലം ഉയരും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത്, ഒരു ഡബിള്‍ ഡെക്കര്‍ ബസ്സിനേക്കാള്‍ ഉയരത്തില്‍
വെതര്‍ ചാനലിലെ സംപ്രേക്ഷണത്തിനിടയില്‍ വെള്ളം ഉയരുന്ന ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. ഈ ഉയരത്തില്‍ വെള്ളം ഉയര്‍ന്നാല്‍ പല കെട്ടിടങ്ങളുടെയും ഒന്നാം നില വരെ വെള്ളത്തിനടിയിലാകുമെന്നാണ് അവതാരക പറഞ്ഞത്. മാത്രമല്ല, ജലനിരപ്പ് ഇത്രകണ്ട് ഉയരുമ്പോള്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ എന്ന് പറയാന്‍ ഒന്നും അവശേഷിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. എവിടെ നിന്നെല്ലാമാണ് ആളുകളെ ഒഴിപ്പിക്കുന്നത് എന്നകാര്യം പ്രേക്ഷകര്‍ അറിഞ്ഞിരിക്കണമെന്നും പ്രാദേശിക ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അതേപടി അനുസരിക്കണമെന്നും ചാനല്‍ അവതാരക പറഞ്ഞു. ഇത് ശാന്തമായ ജലമല്ല എന്നത് പ്രത്യേകം ഓര്‍ക്കണം എന്നും അവര്‍ പറഞ്ഞു.
ഒഴിഞ്ഞുപോകാന്‍ ജനം ധൃതി കൂട്ടിയതോടെ സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഗതാഗത കുരുക്കായി. പലയിടങ്ങളിലും മൈലുകളോളമാണ് വാഹനങ്ങള്‍ മുന്‍പോട്ട് നീങ്ങാന്‍ ആകാതെ കിടക്കുന്നത്. ടാംപ, സെയിന്റ് പീറ്റേഴ്സ്‌ബെര്‍ഗ്, ഓര്‍ലാന്‍ഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ ഇതിനോടകം തന്നെ വിമാനങ്ങള്‍ നിലത്തിറക്കി പ്രവര്‍ത്തനം നിര്‍ത്താന്‍ ആരംഭിച്ചതോടെ ആകാശമാര്‍ഗ്ഗവും ആളുകള്‍ക്ക് രക്ഷപ്പെടാന്‍ ആകാത്ത സാഹചര്യമായി. ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളും സംസ്ഥാനത്തിനകത്ത് കുരുങ്ങിക്കിടക്കുകയാണ്.
സ്ഥലം വിട്ട് പോകാന്‍ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞവര്‍, വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന മനോനിലയിലായിരിക്കുന്നു. ഇതോടെ അത്യാവശ്യ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തിരക്കേറി. തത്ഫലമായി പല സ്റ്റോറുകളിലും കുപ്പി വെള്ളം, ടോയ്ലറ്റ് പേപ്പര്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യവുമായി. അതിനിടയില്‍, ഓണത്തിനിടയില്‍ പൂട്ടുകച്ചവടം നടത്തുന്ന കള്ളന്മാരുടെ ശല്യവും പെരുകിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഴിഞ്ഞു പോയവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നഗരത്തിലെ പല പെട്രോള്‍ സ്റ്റേഷനുകളിലും ഇന്ധനം സ്റ്റോക്കില്ലാതെ ആയത് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ്.
കാറ്റഗറി 6 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന മില്‍റ്റനെ ഇന്നലെ കാറ്റഗറി 4 ലേക്ക് തരംതാഴ്ത്തിയെങ്കിലും, അത് വളര്‍ന്ന് കൂടുതല്‍ ശക്തിപ്രാപിക്കാനുള്ള സാധ്യത കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. പരിമിതമായ പ്രദേശത്ത് മാത്രം വീശിയടിക്കുന്ന ഹറിക്കേന്‍ വിഭാഗത്തില്‍ പെട്ടതാണ് മില്‍റ്റന്‍ എങ്കിലും ഇതിന്റെ പരിധി വിപുലമായി കൊണ്ടിരിക്കുന്നതാണ് ആശങ്ക ഉളവാക്കുന്നതെന്ന് നാഷണല്‍ ഹറിക്കേന്‍ സേന്റര്‍ പറയുന്നു. കാറ്റിന്റെ കേന്ദ്രഭാഗത്തു നിന്ന് 80 മൈല്‍ ചുറ്റളവ് വരെ ഇതിന്റെ പ്രഭാവം അനുഭവപ്പെടുമെന്നും അവര്‍ പറയുന്നു.
വിമാനങ്ങള്‍ റദ്ദ് ചെയ്തതോടെ ഫ്‌ലോറിഡയില്‍ കുരുങ്ങി സഞ്ചാരികള്‍
വിദേശ വിനോദസഞ്ചാരികള്‍ക്ക് എറെ പ്രിയപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ഫ്‌ലോറിഡ. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഇടം. എന്നാല്‍, ഇപ്പോള്‍ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് ഫ്‌ലോറിഡ നിവാസികള്‍ ബ്രിട്ടീഷുകാരോട് പറയുന്നത്. ഒഴിഞ്ഞു പോകുന്നതിനുള്ള അവസാന മുന്നറിയിപ്പും വന്നതോടെ പല പ്രധാന യു കെ എയര്‍ലൈനുകളും സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്. ടാംപ, സെയിന്റ്പീറ്റേഴ്സ്‌ബെര്‍ഗ്, ഓര്‍ലാന്‍ഡോ വിമാനത്താവളങ്ങള്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനം നിര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു.
പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സം ഗുരുതരമായതോടെ റോഡ് മാര്‍ഗ്ഗമുള്ള രക്ഷപ്പെടലും ഏതാണ്ട് അസാധ്യമായിരിക്കുകയാണ്. അതോടൊപ്പം പെട്രോള്‍ സ്റ്റേഷനുകള്‍ കാലിയാകാന്‍ തുടങ്ങുന്നതും റോഡ് മാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കുപ്പിവെള്ളം, ടോയ്ലറ്റ് പേപ്പര്‍ തുടങ്ങി ദൈനംദിനാവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും പലയിടങ്ങളിലും കിട്ടാനില്ലാത്ത സാഹചര്യമായി.