- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്കും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ജീവനു ഭീഷണി; പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്നും കാനഡ; വീണ്ടും ഇന്ത്യയെ കളങ്കപ്പെടുത്തും ആരോപണങ്ങളുമായി ജസ്റ്റിന്‍ ട്രൂഡോ; കൂടുതല്‍ നടപടികള്‍ ഇന്ത്യ; കാനഡ-ഇന്ത്യ നയതന്ത്രം കൂടുതല്‍ വഷളാകും
ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുമ്പോള്‍ വീണ്ടും അടിസ്ഥാനരഹിത ആരോപണം ശക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ കേസുമായി സഹകരിച്ചില്ലെന്നും തെളിവ് അംഗീകരിച്ചില്ലെന്നും ട്രൂഡോ പറയുന്നു. തെളിവുകള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നും ആരോപിക്കുന്നു. ഈ തെളിവുകള്‍ ഇന്ത്യ നിഷേധിച്ചെന്നാണ് ട്രൂഡോ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയന്‍ സര്‍ക്കാരിനെ വിദേശകാര്യമന്ത്രാലയം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റുവര്‍ട്ട് വീലറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പിന്നാലെ ഇരുരാജ്യങ്ങളും ആറുനയതന്ത്രപ്രതിനിധികളെ വീതം പുറത്താക്കി. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചു. ഇതിന് ശേഷവും കാനഡ ആരോപണം തുടരുകയാണ്. തുടരന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നാണ് ട്രൂഡോ പറയുന്നത്. കാനഡയുടെ സുരക്ഷയെ വെല്ലുവിളിയിലാക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും പറയുന്നു.
കാനഡയിലെ ദക്ഷിണേഷ്യന്‍ സൂഹത്തിലെ ചിലരെ ഇന്ത്യ നോട്ടമിട്ടുവെന്ന ആരോപണവും ഉയര്‍ത്തുന്നു. ഇതും ഇന്ത്യയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്ത് തെളിവാണ് ഇന്ത്യയ്ക്ക് കൈമാറിയതെന്ന് ട്രൂഡോ പറയുന്നുമില്ല. വിവാദത്തെ തുടര്‍ന്ന് കനേഡിയന്‍ ആക്ടിങ് ഹൈക്കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പാട്രിക് ഹെബേര്‍ട്ട് എന്നിവരടക്കം ആറ് നയതന്ത്രപ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ച രാത്രി 12-നുമുന്‍പായി ഇന്ത്യ വിടണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം. കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി.
കാനഡ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ഇന്ത്യന്‍സ്ഥാനപതി സഞ്ജയ് കുമാര്‍ വര്‍മ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ കാനഡയ്ക്ക് കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 2020 മുതല്‍ മോശമായിക്കൊണ്ടിരുന്ന ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ ഉലയുകയാണ്. നിജ്ജര്‍ വധക്കേസില്‍ ഹൈക്കമ്മിഷണര്‍ അടക്കമുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തത്പരകക്ഷികളാണെന്നാരോപിച്ച് (പേഴ്സണ്‍സ് ഓഫ് ഇന്ററസ്റ്റ്) കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചതോടെയാണ് വിദേശമന്ത്രാലയം കടുത്തനിലപാടെടുത്തത്. എന്നാല്‍ ഈ കത്തിനൊപ്പം തെളിവൊന്നുമില്ലെന്നാണ് ലഭ്യമായ വിവരം. ഈ കത്തിനെയാണ് തെളിവ് നല്‍കലായി ട്രൂഡോ വിശദീകരിക്കുന്നത്.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്താണ് വിമര്‍ശിച്ചത്. ദീര്‍ഘകാലമായി ട്രൂഡോ സര്‍ക്കാര്‍ ഇന്ത്യയോട് വിദ്വേഷം വെച്ചുപുലര്‍ത്തുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണ് ഈ അപഹാസ്യനീക്കങ്ങളെന്നും കൂട്ടിച്ചേര്‍ത്തു. നയതന്ത്രതലത്തില്‍ ഇതിന് യുക്തമായ പ്രതികരണത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം പൗരസ്ത്യവിഭാഗം സെക്രട്ടറിയാണ് ഇന്ത്യയുടെ പ്രതിഷേധമറിയിച്ചത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ ആസൂത്രണം ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭിച്ചതായി കനേഡിയന്‍ പൊലീസ് പറയുന്നുണ്ട് കാനഡയില്‍ താമസിക്കുന്നവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇടപെടലുകളുടെ വിശദാംശങ്ങള്‍ റോയല്‍ കനേഡിയന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നാണു വെളിപ്പെടുത്തല്‍. കാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്ക്, പ്രത്യേകിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക്, ജീവനു ഭീഷണി നേരിടുന്ന ഒട്ടേറെ സംഭവങ്ങള്‍ സമീപകാലത്തുണ്ടായെന്നും ഇവയെ നേരിടാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആര്‍സിഎംപി ഒരു പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയെന്നും ആരോപിക്കുന്നു.