ജാനറ്റ്: അള്‍ജീരിയില്‍ കുടുംബാംഗങ്ങളും ഒത്ത് വിനോദയാത്രക്ക് എത്തിയ സ്വിസ് വനിതയെ കഴുത്തറുത്ത കൊന്ന സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. കുടുംബവും ഒത്ത് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഒരു യുവാവ് അള്ളാഹു അക്ബര്‍ ഫലസ്തീന്‍ നീണാള്‍ വാഴട്ടെ എ്ന്നലറി കൊണ്ട് സ്ത്രീയുടെ കഴുത്തറുത്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും മറ്റും വിശദാംശങ്ങളും ഇനിയും പുറത്ത് വന്നിട്ടില്ല.

തെക്കന്‍ അള്‍ജീരിയയിലെ ജാനറ്റിലെ ഒരു റിസോര്‍ട്ടിലെ റെസ്റ്റോറന്റില്‍ ഈ മാസം 11 നാണ് ഈ ദാരുണസംഭവം നടന്നത്. കുട്ടികളും ഒരു സുഹൃത്തും ഒപ്പം ഇരിക്കുമ്പോഴാണ് അക്രമി പാഞ്ഞെത്തി അവരുടെ കഴുത്തറുത്തത്. ഗുരുതരാവസ്ഥയിലായ സ്ത്രീയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമി വടക്കന്‍ അള്‍ജീരിയ സ്വദേശി ആണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണണത്തിന് പിന്നിലുള്ള ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തിന് തൊട്ടുപിന്നാലെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ഹെലികോപ്ടറുകള്‍ വരെ ഉപയോഗിച്ചാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയത്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് അക്രമി പിടിയിലായത്. സ്വിസ് വനിതയെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് ഇയാള്‍ ഒരു മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാനും ശ്രമിച്ചു എങ്കിലും അവര്‍ ഇയാളെ തുരത്തുകയായിരുന്നു. ആറ് മാസം മുമ്പ് ഇവിടെ എത്തിയ അക്രമി നാടോടികളുടെ വേഷത്തിലാണ് ജീവിച്ചിരുന്നത്.

സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു എങ്കിലും ഫ്രഞ്ച് ദിനപത്രമായ ലിബറേഷനിലാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വന്നത്. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സ്വിസ് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കളേയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനേയും സുരക്ഷിതമായി നാട്ടില്‍ എത്തിച്ചു എന്ന് മാത്രമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം സംഭവത്തില്‍ അള്‍ജീരിയന്‍ അധികൃതരുടെ നിലപാടിനെതിരെ വിമര്‍ശനം ഉയരുകയാണ്.

സംഭവത്തെ കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയും ഒരു വിശദീകരണം ഉണ്ടായില്ല എന്ന് മാത്രമല്ല സംഭവത്തെ കുറിച്ച് പ്രദേശവാസികളോട് സമൂഹമാധ്യമങ്ങളില്‍ ഒരു തരത്തിലും പ്രതികരണങ്ങള്‍ നടത്തരുത് എന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. വിനോദ സഞ്ചാരമേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അള്‍ജീരിയ നടത്തുന്ന സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത് എന്നത് സര്‍്കകാരിനേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇരുപത്തിയഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകളാണ് ഇവിടം സന്ദര്‍ശിച്ചത്.

1990കളില്‍ അള്‍ജീരിയയില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് എന്ന സംഘടന നടത്തിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് താറുമാറായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ വിനോദസഞ്ചാര മേഖലക്ക് വന്‍ പ്രോത്സാഹനം നല്‍കുന്നത്. അള്‍ജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുന്നതിനായി അവര്‍ നട്ത്തിയ ആക്രമണങ്ങളില്‍ ആയിരങ്ങളാണ് അക്കാലത്ത് കൊല്ലപ്പെട്ടത്.